വിജയ്‌യുടെ ആലാപനത്തില്‍ ‘വരിശി’ലെ ആദ്യ ഗാനം; വീഡിയോ കാണാം

ആരാധകര്‍ക്ക് ആഘോഷമാക്കാൻ ‘വരിശി’ലെ ആദ്യ ഗാനം പുറത്തിറങ്ങി. സമീപകാലത്ത് സാമൂഹ്യമാധ്യമങ്ങളില്‍ ആരാധകര്‍ ഏറ്റവും ചര്‍ച്ച ചെയ്തത് ‘വരിശി’ലെ ആദ്യ ഗാനത്തെ കുറിച്ചായിരുന്നു. ‘രഞ്‍ജിതമേ’ എന്ന ഗാനത്തിന്റെ ടീസര്‍ തരംഗമാകുകയും ചെയ്തു. ഇപ്പോഴിതാ വിജയ് ചിത്രത്തിലെ ഗാനത്തിന്റെ ലിറിക്ക് വീഡിയോ പുറത്തുവന്നിരിക്കുന്നു. എസ് തമന്റെ സംഗീത സംവിധാനത്തില്‍ വിജയ് തന്നെ ആലപിച്ചുവെന്ന പ്രത്യേകതയും ഗാനത്തിനുണ്ട്. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തില് രശ്‍മിക മന്ദാന ആണ് നായിക കാര്‍ത്തിക് പളനിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പ്രവീണ്‍ കെ എല്‍ ചിത്രസംയോജനം നിര്‍വഹിക്കുന്ന ചിത്രം പൊങ്കല്‍ റിലീസായിട്ടായിരിക്കും തിയറ്ററുകളില്‍ എത്തുക.

ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നായിരിക്കും ചിത്രത്തിന്‍റെ നിര്‍മ്മാണം. ഈ നിര്‍മ്മാണ കമ്പനിയുടെ ആദ്യ തമിഴ് ചിത്രമാണ് ഇത്. ഫാമിലി എന്‍റര്‍ടെയ്‍നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ വിജയ്‌ക്കും രശ്‍മിക മന്ദാനയ്‌ക്കും പുറമേ ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്‍ണ തുടങ്ങിയവരും അഭിനയിക്കുന്നു.