ഇടുക്കിയിലും മുല്ലപ്പെരിയാറിലും ജലനിരപ്പ് ഉയരുന്നു. ഇടമലയാർ ഡാമും ഇന്ന് തുറക്കും.

കൊച്ചി: വൃഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ സംസ്ഥാനത്ത് തുറന്ന ഡാമുകളിൽ പലതിലും ഷട്ടർ കൂടുതൽ ഉയർത്തി വെള്ളം തുറന്നുവിടൽ നടപടി ഇന്നും തുടരും. ഇടുക്കി അണക്കെട്ടിൽ നിന്നും തുറന്നു വിടുന്ന ജലത്തിന്റെ അളവ് ഇന്ന് വീണ്ടും ഉയർത്തിയേക്കും. മഴയുടെ അളവ് പരിശോധിച്ചും മുല്ലപ്പെരിയാറിൽ നിന്നുമെത്തുന്ന വെള്ളത്തിന്റെ അളവ് വിലയിരുത്തിയുമായിരിക്കും അധിക ജലം തുറന്നുവിടുന്നതിൽ തീരുമാനം കൈക്കൊള്ളുക. നിലവില്‍ ചെറുതോണിയില്‍ നിന്നും മൂന്ന് ഷട്ടറുകളിലൂടെ സെക്കന്‍റില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളമാണ് തുറന്ന് വിടുന്നത്. ഈ ഷട്ടറുകള്‍ ഉയര്‍ത്തിയാകും അധിക ജലം തുറന്നുവിടുക.

മഴയിൽ ജലനിരപ്പുയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ആകെ 25 അണക്കെട്ടുകൾ ആണ് തുറന്നിരിക്കുന്നത്. കെഎസ്ഇബിയുടെ 17 ഡാമുകളിൽ 10 എണ്ണത്തിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇതിൽ 7 എണ്ണവും ഇടുക്കിയിലാണ്.

ഇന്നലെ പത്തനംതിട്ടയിലെ ഡാമുകൾ തുറന്നതോടെ പമ്പയിൽ നേരിയതോതിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. മലമ്പുഴ ഡാമിന്റെ 4 ഷട്ടറുകൾ 55 സെൻറിമീറ്റർ ഉയർത്തിയിട്ടുണ്ട്. ശിരുവാണി ഡാമിന്റെ സ്സൂയിസ് ഷട്ടർ 1.70 അടിയായാണ് ഉയർത്തിയത്. അട്ടപ്പാടിയിൽ ഭവാനി, ശിരുവാണി പുഴകളിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ബാണാസുര സാഗർ ഡാമിൽ 2 ഷട്ടറുകൾ 20 സെൻറീമീറ്ററായാണ് ഉയർത്തിയത്. വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാലാണ് കൂടുതൽ ഷട്ടറുകൾ തുറക്കുക.

എറണാകുളം ഇടമലയാർ ഡാമിൽ നിന്നും ഇന്ന് ജലം പുറത്തേയ്‌ക്കൊഴുക്കും. ഇടുക്കി ഡാം ഇന്നലെ തുറന്നതിന് പിന്നാലെ പെരിയാറിൽ ജലനിരപ്പ് ഉയർന്നിരുന്നു. ഇതിനൊപ്പമാണ് ഇടമലയാര്‍ ഡാമില്‍ നിന്നുള്ള വെള്ളം കൂടിയെത്തുന്നത്, അതേസമയം, ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് എറണാകുളം ജില്ലാ കളക്ടർ അറിയിച്ചു. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാ​ഗ്രത പുലർത്തേണ്ടതുണ്ട്. അടിയന്തരസാഹചര്യം എവിടെയെങ്കിലും ഉണ്ടാവുന്ന പക്ഷം രക്ഷാപ്രവര്‍ത്തനത്തിനായി 21 അംഗ എന്‍.ഡി.ആര്‍.എഫ് സേനയെ തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്. ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോ​ഗസ്ഥരും സജ്ജരായി ഇരിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിക്കുന്നു.

ഓഗസ്റ്റ് 12- ാം തിയതി വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്നലെ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഇത് പ്രകാരം ഇന്ന് 8 ജില്ലകളിലും യെല്ലോ അല‍ർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അല‍ർട്ടുള്ളത്.