രാമായണ മാസാചരണത്തിന് തുടക്കം കുറിച്ച് കര്‍ക്കടകം പിറന്നു.

രാമായണ മാസാചരണത്തിന് തുടക്കം കുറിച്ച് കര്‍ക്കടകം പിറന്നു.

ഇന്ന് കര്‍ക്കടകം ഒന്ന്. മലയാള വര്‍ഷത്തിന്റെ അവസാന മാസം ആണ് കര്‍ക്കടകം. രാമായണ മാസാചരണത്തിന്റെ തുടക്കം കൂടിയാണ് കര്‍ക്കടക പിറവി. വിശ്വാസത്തിന്റയും ജീവിതചര്യയുടെയും കൂടിചേരലാണ് മലയാളിക്ക് ഈ മാസം. ഹൈന്ദവ കുടുംബങ്ങളിലും ക്ഷേത്രങ്ങളിലും നടത്തിവരുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന രാമായണം വായന ഈ മാസമാണ് നടത്താറുള്ളത്. ഇന്നുമുതൽ രാമായണപാരായണം മുഴങ്ങിക്കേൾക്കുന്ന നാളുകൾക്ക് തുടക്കമായി. കുളിച്ച് ശുദ്ധിയായി രാമായമപാരായണം നടത്തുന്നത് വീട്ടിൽ ഐശ്വര്യം വർദ്ധിപ്പിക്കുമെന്നാണ് വിശ്വാസം. കര്‍ക്കടകമാസത്തെ വറുതിയുടെ കറുത്തകാലമെന്നാണ് സാധാരണ പറയാറ്. കര്‍ക്കടകമഴ തിമിര്‍ത്തു പെയ്യുമ്പോള്‍ ജോലിചെയ്യാന്‍ കഴിയാത്തതിനാല്‍ വീടുകള്‍ പട്ടിണിയാകുന്ന കാലമുണ്ടായിരുന്നു. ഇപ്പോള്‍ ആ സ്ഥിതി മാറിയെങ്കിലും കര്‍ക്കടകത്തിന്റെ പേരുദോഷം ഇനിയും മാറിയിട്ടില്ല. പഞ്ഞ കര്‍ക്കിടകത്തില്‍ രാമായണ ശീലുകള്‍ ചൊല്ലുകയും കേള്‍ക്കുകയും ചെയ്യുന്നത് സമൃദ്ധിയുടെ ചിങ്ങമാസത്തെ വരവേല്‍ക്കാനാണ്.

പ്രാർത്ഥനയോടൊപ്പം തന്നെ ആരോഗ്യ പരിപാലനത്തിനും ഏറെ പ്രാധാന്യം നൽകുന്ന മാസമാണ് ഈ രാമായണ മാസം. കർക്കട ചികിത്സയിൽ ഏറെ വിശേഷപ്പെട്ടതാണ് കർക്കട കഞ്ഞി. ഞവര അരി ഉപയോഗിച്ച് തയ്യാറാക്കുന്ന കർക്കടക കഞ്ഞി ഔഷധങ്ങളാൽ സമ്പുഷ്ടമാണ്. ഔഷധച്ചെടിച്ചാറുകളും സുഗന്ധവ്യഞ്ജനങ്ങളും ചേർത്തുള്ളതാണ് ഈ കഞ്ഞിയെന്നതാണ് ഔഷധക്കഞ്ഞിയുടെ പ്രത്യേകത. കുറഞ്ഞത് ഏഴുദിവസമെങ്കിലും ഔഷധക്കഞ്ഞി കുടിക്കണം എന്നാണ് പണ്ടുള്ളവർ പറയുന്നത്. ഔഷധകഞ്ഞി കുടിയ്‌ക്കുന്ന ദിവസങ്ങളിൽ മദ്യപാനം, സിഗരറ്റുവലി, ചായ, ഇറച്ചി, മീൻ എന്നിവ ഒഴിവാക്കണം. കഞ്ഞി കുടിച്ച് തുടർന്നുള്ള കുറച്ചുനാളുകളും ഈ പഥ്യം പാലിക്കേണ്ടതാണ്. ഏഴുദിവസമാണ് കഞ്ഞി കുടിക്കുന്നതെങ്കിൽ പതിനാലു ദിവസം പഥ്യം പാലിക്കണമെന്നാണ് ആചാര്യന്മാർ പറയുന്നത്.

കൊല്ലവർഷത്തിലെ 12-മത്തെ മാസമാണ് കർക്കടകം. സൂര്യൻ കർക്കടകം രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് കർക്കടകമാസം. ജൂലൈ – ഓഗസ്റ്റ് മാസങ്ങൾക്ക് ഇടക്കായി ആണ് കർക്കടക മാസം വരുന്നത്. ഈ മാസത്തിന്റെ പേര് ‘കർക്കിടകം’ എന്ന് തെറ്റായി ഉച്ചരിയ്ക്കുകയും അങ്ങനെ രേഖപ്പെടുത്തുകയും ചെയ്യാറുണ്ട്. ആയുര്‍വേദ വിധിപ്രകാരം ഔഷധസേവയ്ക്കും ഉഴിച്ചിലിനും പിഴിച്ചിലിനും പറ്റിയ കാലം കൂടിയാണിത്. ദേഹരക്ഷയ്ക്ക് ഇത് ഉത്തമമാണെന്നാണ് പഴമക്കാരുടെയും പുതുമക്കാരുടെയും വിശ്വാസം.