നാഷനൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിക്ക് ഇന്ന് നാലാംവട്ട ചോദ്യം ചെയ്യൽ.

രാഹുൽ ഗാന്ധിയെ ഇഡി ഇന്നലെ 10 മണിക്കൂർ ചോദ്യംചെയ്തു, ഇന്നും ചോദ്യംചെയ്യുന്നു; എഐസിസി ആസ്ഥാനത്ത് സംഘർഷം.

ന്യൂഡൽഹി: നാഷനൽ ഹെറാൾഡ് കേസിൽ നാലാം വട്ട ചോദ്യം ചെയ്യലിനായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്നിൽ ഹാജരാകും. വെള്ളിയാഴ്ച നിശ്ചയിച്ചിരുന്ന ചേദ്യം ചെയ്യൽ തിങ്കളാഴ്‌ച്ചത്തേക്ക് മാറ്റണമെന്ന രാഹുലിന്റെ ആവശ്യം അംഗീകരിച്ച് ഇന്ന് ഹാജരാകാൻ ഇ.ഡി നോട്ടീസ് അയക്കുകയായിരുന്നു. അമ്മ അസുഖബാധിതയാണെന്നും ചോദ്യം ചെയ്യൽ മൂന്ന് ദിവസത്തേക്ക് കൂടി നീട്ടണമെന്നുമായിരുന്നു രാഹുലിന്റെ ആവശ്യം. കഴിഞ്ഞ ആഴ്ച മൂന്നു വട്ടം രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തിരുന്നു.

അതേസമയം രാഹുലിനെ ഇഡി ചേദ്യം ചെയ്യുന്നതിനെതിരെ പ്രതിഷേധിക്കാൻ മുഴുവൻ കോൺഗ്രസ് എംപിമാരോടും ഡൽഹിയിൽ എത്താൻ പാർട്ടി ദേശീയ നേത്യത്വം നിർദേശിച്ചിട്ടുണ്ട്. രാഹുലിന്റെ അറസ്റ്റുണ്ടായേക്കുമെന്ന സൂചന ലഭിച്ചതോടെ പ്രതിഷേധം കടുപ്പിക്കുകയാണ് കോൺഗ്രസ്. ചോദ്യം ചെയ്യൽ ആരംഭിക്കും മുൻപ് എഐസിസി ആസ്ഥാനത്തേക്കുള്ള വഴി പൊലീസ് അടച്ചു. പ്രവേശന കവാടത്തിനു മുൻവശം ബാരിക്കേ‍‍ഡ് വച്ച് അടച്ചുപൂട്ടി. വൈകിട്ട് അഞ്ചു മണിക്കുശേഷമേ ബാരിക്കേ‍ഡുകൾ നീക്കൂവെന്നാണ് പൊലീസ് അറിയിപ്പ്. എംപിമാർ ഉൾപ്പെടെയുള്ളവരെ പൊലീസ് തടഞ്ഞു. പൊലീസ് നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ ആരോപിച്ചു.