ദക്ഷിണാഫ്രിക്കയില്‍ ഒന്നിലേറെതവണ ജനിതകമാറ്റം വന്ന കൊറോണ വൈറസ്; ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ്.

ന്യൂഡൽഹി: ദക്ഷിണാഫ്രിക്ക ഉൾപ്പടെ മൂന്ന് രാജ്യങ്ങളിൾ കൊറോണ വൈറസിന്റെ അതീവ അപകടകാരിയായ പുതിയ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ രാജ്യം ജാഗ്രത പാലിക്കണമെന്ന് കേന്ദ്രസർക്കാർ. ഈ സാഹചര്യത്തില്‍ രാജ്യാന്തര യാത്രക്കാരുടെ കാര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യാഴാഴ്ച എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കി. ദക്ഷിണാഫ്രിക്കയെ കൂടാതെ ബോട്‌സ്വാന, ഹോങ്കോങ് എന്നീ രാജ്യങ്ങളിലാണ് കൊറോണ വൈറസിന്റെ ജനിതകമാറ്റം സംഭവിച്ച വകഭേദം കണ്ടെത്തിയിരിക്കുന്നത്.

ഈ രാജ്യങ്ങളിൽ നിന്ന് വരുന്നവരും ഈ രാജ്യങ്ങൾ വഴി സഞ്ചരിക്കുന്നവരുമായ എല്ലാ അന്താരാഷ്‌ട്ര യാത്രക്കാരും ശ്രദ്ധിക്കണമെന്നും ഇവരെ പ്രത്യേക പരിശോധനകളിലൂടെയും സ്‌ക്രീനിങ്ങിലൂടെയും കടത്തിവിടണമെന്നും കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ ആവശ്യപ്പെട്ടു. ഇവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തണമെന്നും രാജേഷ് ഭൂഷൺ പറഞ്ഞു. അന്താരാഷ്‌ട്ര യാത്രകൾക്ക് വിസ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയ സാഹചര്യത്തിലാണ് മുന്നറിയിപ്പ്.

ജീനോമിക് സീക്വന്‍സിങ് നടത്തി ബി. 1.1.529 എന്ന കോവിഡ് വകഭേദത്തിന്റെ 22 കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് എന്‍ഐസിഡി (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കമ്യൂണിക്കബിള്‍ ഡിസീസ്) പ്രസ്താവനയില്‍ പറഞ്ഞു. ഈ വകഭേദം കാരണമാണ് ദക്ഷിണാഫ്രിക്കയില്‍ കോവിഡ് കേസുകള്‍ കൂടുന്നതെന്ന് അധികൃതർ പറയുന്നു. വളരെ കുറച്ചുപേരില്‍ മാത്രമാണ് നിലവില്‍ ഈ വകഭേദത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ആഫ്രിക്കയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ ഉള്ളത് ദക്ഷിണാഫ്രിക്കയിലാണ്. ഏകദേശം മുപ്പത് ലക്ഷത്തോളം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.