കേരളീയ വിഭവങ്ങൾ ഒരുക്കി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം.

കേരളീയ വിഭവങ്ങൾ ഒരുക്കി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം.

സിഡ്‌നി: തേങ്ങ അരച്ച ചെമ്മീൻ മാങ്ങാക്കറി, വറുത്തരച്ച ചെമ്മീൻ കറി തുടങ്ങി മലയാളികളുടെ ഇഷ്ട വിഭവങ്ങൾ ഒരുക്കി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ. ദീപാവലിയ്ക്കു വീട്ടിലെത്തിയ അതിഥികളെ കേരളീയ രീതിയിൽ തയാറാക്കിയ വിഭവങ്ങൾ ഉണ്ടാക്കി ‘ഡിന്നർ നൈറ്റ്’ ഒരുക്കിയാണു സ്വീകരിച്ചത്. തേങ്ങാ ചിക്കൻ കറിയും വഴുതനങ്ങ സാഗ് കറിയും അതിഥികൾക്കായി ഒരുക്കിയിരുന്നു. സ്കോട്ട് മോറിസൺ തന്നെയാണു പാചകത്തിന്റെ ചിത്രങ്ങൾ ഫെയ്സ്ബുക്കിൽ പോസ്റ്റു ചെയ്തത്.

ഓസ്‌ട്രേലിയയിലെ ഇന്ത്യൻ സമൂഹത്തിനു വിഡിയോ സന്ദേശത്തിലൂടെ സ്‌കോട്ട് മോറിസൺ ദീപാവലി ആശംസകൾ നേർന്നിരുന്നു. ഇരുട്ടിനു മേൽ വെളിച്ചം വിജയം കൈവരിക്കുന്നതിന്റെ ആഘോഷമായ ദീപാവലി, ഇരുൾ നിറഞ്ഞ ജീവിതങ്ങളിൽ വെളിച്ചം പകരട്ടെ എന്നാശംസിച്ചുകൊണ്ടാണു പ്രധാനമന്ത്രി ദീപാവലി സന്ദേശം നൽകിയത്.

പാചകത്തോടു താൽപര്യം പുലർത്തുന്ന മോറിസൺ, വിവിധ ഇന്ത്യൻ വിഭവങ്ങൾ ഉൾപ്പെടെ നിരവധി രാജ്യങ്ങളിലെ വിഭവങ്ങൾ സ്വയം പാചകം ചെയ്ത്, കുടുംബത്തിന് വിളമ്പുന്നതിന്റെ ചിത്രങ്ങൾ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യാറുണ്ട്.