ഇന്ത്യൻ പനോരമയിലേക്കു 6 മലയാള സിനിമകൾ തിരഞ്ഞെടുക്കപ്പെട്ടു.

ഇന്ത്യൻ പനോരമയിലേക്കു 6 മലയാള സിനിമകൾ തിരഞ്ഞെടുക്കപ്പെട്ടു.

അടുത്ത വർഷം ജനുവരിയിൽ നടക്കുന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തിൻ്റെ ഇന്ത്യൻ പനോരമയിലേക്കു 6 മലയാള സിനിമകൾ തിരഞ്ഞെടുക്കപ്പെട്ടു. മലയാളത്തിൽ നിന്ന് അഞ്ച് ഫീച്ചർ ചിത്രങ്ങളും ഒരു നോൺ ഫീച്ചർ ചിത്രവും ആണ് പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. പ്രദീപ് കളിയപ്പുറത്ത് സംവിധാനം ചെയ്ത സേഫ്, അൻവർ റഷീദിൻ്റെ ട്രാൻസ്, നിസാം ബഷീറിൻ്റെ കെട്ട്യോൾ ആണെൻ്റെ മാലാഖ, സിദ്ധിഖ് പറവൂരിൻ്റെ താഹിറ, മുഹമ്മദ് മുസ്‍തഫ സംവിധാനം ചെയ്ത ‘കപ്പേള’ എന്നിവയാണ് ഫീച്ചർ വിഭാഗം പനോരമയിലേക്ക് മലയാളത്തിൽനിന്ന് ഇടം പിടിച്ചിരിക്കുന്ന സിനിമകൾ. ശരൺ വേണുഗോപാലിൻ്റെ ‘ഒരു പാതിരാസ്വപ്നം പോലെ’ ആണ് നോൺ ഫീച്ചർ വിഭാഗത്തിലേക്ക് മലയാളത്തിൽ നിന്നും ഇടംപിടിച്ച ചിത്രം.

23 സിനിമകൾ ഉൾപ്പെടുന്ന പൂർണ പട്ടികയിൽ മലയാളത്തിൽ നിന്നാണ് ഏറ്റവുമധികം ചിത്രങ്ങളെന്നതു ശ്രദ്ധേയം. 3 മറാഠി സിനിമകളും 2 വീതം ഹിന്ദി, ബംഗാളി സിനിമകളും പനോരമയിൽ ഇടം പിടിച്ചിട്ടുണ്ട്. ജയറാം കുചേലനായി വേഷമിടുന്ന സംസ്കൃത സിനിമ നമോയും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. വിജീഷ് മണിയാണ് ചിത്രത്തിൻ്റെ സംവിധായകൻ. ധനുഷും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച വെട്രി മാരൻ്റെ തമിഴ് ചിത്രം ‘അസുരൻ’, അന്തരിച്ച ബോളിവുഡ് ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്‍പുത് നായകനായ നിതേഷ് തിവാരിയുടെ ‘ചിച്ചോറെ’, താപ്സി പന്നു, ഭൂമി പഡ്നേക്കർ എന്നിവർ വേഷമിട്ട തുഷാർ ഹിരനന്ദാനി ചിത്രം സാൻഡ് കി ആം​ഗ്, എന്നിവയാണ് പട്ടികയിൽ ഇടം നേടിയ മറ്റ് ചിത്രങ്ങൾ.

സംവിധായകൻ ജോൺ മാത്യു മാത്തൻ അധ്യക്ഷനായ പനോരമ ജൂറിയിൽ മലയാളിയായ യു. രാധാകൃഷ്ണൻ ഉൾപ്പെടെയുള്ളവരായിരുന്നു അംഗങ്ങൾ. ജനുവരിയിലാണ് ഇത്തവണത്തെ മേള നടക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നവംബർ 20 മുതൽ 28 വരെ ഗോവയിൽ നടക്കാനിരുന്ന ചലച്ചിത്രമേള ജനുവരിയിലേക്ക് മാറ്റിവച്ചത്.