കേരളാ സ്ട്രൈക്കേഴ്‌സിനെ തകർത്ത് സതേൺസ്റ്റാർ ഡോറിൻകപ്പിൽ മുത്തമിട്ടു.

പെർത്ത് : ക്ലബ് മലയാളം സംഘടിപ്പിച്ച ഡോറിൻകപ്പ് ഫുഡ് ബോൾ ടൂർണമെന്റിൽ ജൂനിയർ സീനിയർ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലും നടന്ന വാശിയേറിയ മത്സരത്തിൽ വെല്ലിട്ടനിലെ കേരളാ സ്ട്രൈക്കേഴ്‌സിനെ തകർത്ത് കാനിങ്‌വെയിൽ സതേൺസ്റ്റാർ രണ്ടു വിഭാഗങ്ങളിലും ജേതാക്കളായി കരുത്തു തെളിയിച്ചു.

ഏപ്രിൽ 14 ശനിയാഴ്ച രാവിലെ നടന്ന സെമി ഫൈനൽ മത്സരത്തിൽ പതിനാലു വയസ്സുവരെയുള്ള കുട്ടികളുടെ വിഭാഗത്തിൽ നിശ്ചിത സമയവും, എക്സ്ട്രാ ടൈമിലും കേരളാ സ്ട്രൈക്കേഴ്‌സും, സതേൺ സ്റ്റാറും സമനിലയിലെത്തിയതോടെ പെനാൽറ്റി ഷൂട്ട്ഔട്ടിലൂടെയാണ് നിർണ്ണായക വിജയം സതേൺ സ്റ്റാർ കരസ്‌ഥമാക്കിയത്. തുടർന്ന് നടന്ന ടൂർണമെന്റിലെ ഏറ്റവും വാശിയേറിയ ഗ്രാൻഡ് ഫൈനലിൽ കേരളാ സ്‌ട്രൈക്കേഴ്‌സ് ആദ്യ പത്തുമിനിട്ടിനകം തന്നെ ഒരു ഗോളടിച്ചെങ്കിലും രണ്ടാം പകുതി തീരുന്നതിനു മിനിറ്റുകൾ അവശേഷിക്കെ സതേൺസ്റ്റാർ ഗോൾ മടക്കിയതോടെ സമനിലയിലാവുകയായിരുന്നു. അത്യന്തം ആവേശഭരിതമായ മത്സരം അതോടെ എക്സ്ട്രാ ടൈമിലേക്കു നീണ്ടു. കളിയുടെ എല്ലാ വീര്യവും പുറത്തെടുത്ത സതേൺസ്റ്റാറിന്റെ ചുണക്കുട്ടികൾ ആദ്യ മൂന്നുമിനിട്ടിനകം തന്നെ കേരളാ സ്ട്രൈക്കേഴ്‌സിന്റെ ഗോൾവല ചലിപ്പിച്ചു. പിന്നീട് പലതവണ ആക്രമണത്തിന് മുതിർന്നെങ്കിലും സതേൺ സ്റ്റാറിന്റെ ചുണക്കുട്ടികൾക്കു മുന്നിൽ കേരളാസ്ട്രൈക്കേഴ്‌സിന്റെ സ്വപ്‌നങ്ങൾ തകർന്നടിയുകയായിരുന്നു. അതോടെ പ്രസാദ് മാത്യുവും. (under – 14) തോമസ് ഡാനിയേലും (under – 18) മാനേജർമാരായിട്ടുള്ള കാനിങ് വെയിൽ സതേൺ സ്റ്റാർ ടിം 2018-ലെ ഡോറിൻകപ്പ് കരസ്‌ഥമാക്കുകയായിരുന്നു

വാര്‍ത്ത : കെ.പി. ഷിബു