കരയുന്ന മാലാഖമാരേ ദയവായി കാത്തിരിക്കൂ, ഞങ്ങള്‍ നായകന്‍റെ (സോറി, വില്ലന്‍റെ ) പിന്നാലെയാണ്.

മാലാഖമാരുടെ കരച്ചില്‍ കേള്‍ക്കാന്‍ പോലുമാകാതെ പലവിധ നാട്ടുവര്‍ത്തമാനങ്ങള്‍കൊണ്ട് ശബ്ദമുഖരിതമാണിന്ന് കേരളം. വിദേശരാജ്യങ്ങളില്‍ എല്ലാം ഗസറ്റഡ് ഉദ്യോഗസ്ഥരുടെ ശമ്പളവും മറ്റാനുകൂല്യങ്ങളും ലഭിക്കുമ്പോള്‍ കേരളത്തില്‍ നിത്യചിലവിനുള്ള കാശുചോദിച്ചാണ് ഈ ആതുരസേവകര്‍ തെരുവിലിറങ്ങേണ്ടി വന്നത്.

 

സഭയും സമുദായങ്ങളും പ്രമാണിമാരും നടത്തുന്ന ആശുപത്രികളില്‍ എല്ലുമുറിയെ പണിയെടുക്കുന്ന പാവം നേഴ്സുമാര്‍ ചെയ്യുന്ന ജോലിക്ക്  പ്രതിഫലം ആവശ്യപ്പെട്ടപ്പോള്‍ അവര്‍ കണ്ണിലെ കരടായി. സമരക്കാര്‍ക്കെതിരെ പ്രകടനം നടത്താന്‍ ആശുപത്രി മുതലാളിമാര്‍ തെരുവിലിറങ്ങുന്നതും നാട്ടുകാര്‍ അവരെ കൂവി ഓടിക്കുന്നതും സമീപകാല നാട്ടുകാഴ്ച.ഇങ്ങനെയൊക്കെ ഒരുവഴിക്കു നടക്കുന്നുണ്ടെങ്കിലും അതൊന്നും കാണാനും കേള്‍ക്കാനും സമയമില്ലാതെ മറ്റു പലതിന്റെയും പിന്നാലെ ഓടുകയാണ് കേരളം.

 

നടിയെ പീടിപ്പിച്ചതിന്റെ പുകിലടങ്ങാന്‍ ഇനിയും കാലമെത്ര എടുക്കുമെന്ന് കണ്ടുതന്നെ അറിയണം. പ്രമുഖനടനെ കുരിശിലേറ്റാന്‍ ഒരു കൂട്ടരും രക്ഷിച്ചെടുക്കാന്‍ മറ്റൊരു കൂട്ടരും മത്സരിച്ചിറങ്ങിയപ്പോള്‍ നെല്ലും പതിരും തിരിച്ചറിയാനാകാതെ അന്തം വിട്ടിരുന്ന പാവം ജനങ്ങള്‍ക്ക്‌ വില്ലന്‍ ആരെന്നറിയാന്‍ ക്ലൈമാക്സ് വരെ കാത്തിരിക്കേണ്ടി വന്നു. നായകനാണ് വില്ലന്‍ എന്ന് അങ്ങാടിയില്‍ പാട്ടായിരുന്നപ്പോഴും മൌനം പാലിച്ച പോലീസ്, സിനിമയിലെ പോലെ ആകാംഷ നിലനിര്‍ത്തിയാണ്  ക്ലൈമാക്സില്‍ എത്തിച്ചത്. മാസങ്ങളായി ഇതിന്‍റെ വാര്‍ത്തകള്‍ ആഘോഷമാക്കിയ മാധ്യമങ്ങള്‍ക്ക് ഇപ്പോള്‍ ചാകരയും ആയി. ‘വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍’ എന്ന സിനിമ അറം പറ്റിയ നായകന്‍ ഇനി ജയില്‍ വാര്‍ത്തകളിലും ഇടം പിടിക്കുന്നത്‌ കാത്തിരിക്കാം. ജയിലില്‍ ഗോതമ്പുണ്ട മാറി ചപ്പാത്തി വന്നതുപോലെ ഇനി രുചികരമായ പുട്ടും പ്രതീക്ഷിക്കാം. എന്തായാലും സിനിമ ഷൂട്ടിംഗ് നടന്നപ്പോള്‍ ജയില്‍ കാര്യങ്ങള്‍ ഒക്കെ പടിച്ചുവച്ചത് ഇപ്പോള്‍ ഗുണകരമായിതീരുമെന്നുറപ്പ്. സിനിമയിലെ രഞ്ചി പണിക്കരെ പോലെ ഒരു ഓഫീസര്‍ അവിടെ ഉണ്ടെങ്കില്‍ സംഗതി കുശാല്‍.

 

അണ്ടിയാണോ മാവാണോ മൂത്തത് എന്ന തര്‍ക്കത്തില്‍ അത് ഡിജിപി ആണെന്ന് പരമോന്നത കോടതി പറഞ്ഞതോടെ അതെപ്പറ്റി ചര്‍ച്ചിച്ചിട്ട് കാര്യമില്ലെന്നായി. പോരാടി നേടിയ കസേര വിട്ടിറങ്ങുന്നതോടെ ആ ശല്ല്യം തീരുമെന്ന് പ്രതീക്ഷിച്ചിരുന്ന സന്ധ്യ, തച്ചങ്കരി, ബെഹ്രാദികള്‍ക്ക് ദിവസവും ചൂരല്‍കഷായം നല്‍കിയാണ്‌ സെന്‍കുമാരന്‍ വാര്‍ത്തകളില്‍ ഇടം നേടിയത്. ഏറെ നാള്‍ അതിനും സ്കോപില്ലെന്നുകണ്ടിട്ടാകാം സന്ഘി വേഷം അണിഞ്ഞ് കളത്തിലിറങ്ങാന്‍ അദ്ദേഹം തീരുമാനിച്ചത്. ഒരു പ്രത്യേക വിഭാഗത്തിന്‍റെ സന്താനോത്പാദനോന്മുഖമായ പ്രവര്‍ത്തനങ്ങളില്‍ കയറിപ്പിടിച്ച അദ്ദേഹം സ്വപ്നം കണ്ടിരിക്കുന്നത്എന്താണെന്ന് കണ്ടറിയണം. പോലീസ് വേഷം കെട്ടി ഷിറ്റ് പറഞ്ഞയാള്‍ക്ക് അവിടെയൊരു ബെര്‍ത്ത്‌ കിട്ടിയെങ്കില്‍ ഒറിജിനല്‍ പോലീസ് ആയി ഷിറ്റ് പറഞ്ഞാല്‍ എന്തെങ്കിലും കിട്ടാതിരിക്കുമോ? ആ ആര്‍ക്കറിയാം എവിടുന്നാണ് ഭാഗ്യം വരുന്നതെന്ന്.

 

എല്ലാം ശരിയാക്കാന്‍ ഇറങ്ങിയവര്‍ ശ്രീരാമന് പണികൊടുത്തു മൂലക്കിരുത്തിയത് വകുപ്പ് മന്ത്രി അറിയാതെയാണെന്ന് ദോഷൈകദൃക്കുകള്‍ പറയുന്നുണ്ടെങ്കിലും അതില്‍ ഒരു സത്യവും ഇല്ലെന്നാണ് ചന്ദ്രശേഖര മന്ത്രിയുടെ മറുപടി. എല്ലാം ചട്ടപ്പടി തന്നെയെന്ന് അദ്ദേഹം ഉറപ്പിച്ച് പറയുന്നു.ഇതിനിടെ പേരില്‍ രണ്ട് രാമന്‍ ഉള്ളതുകൊണ്ട് അദ്ദേഹത്തെ ഏറ്റെടുത്തുകളയാമെന്ന് രാജേട്ടന്‍ തീരുമാനിക്കുമോ എന്തോ?. മാര്‍ക്സിസ്റ്റ്‌ കാരനായിട്ടും പേരില്‍ ശ്രീരാമനും കൃഷ്ണനും ഉണ്ടെന്ന ഒറ്റക്കാരണത്താല്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ മുന്‍പിന്‍ നോക്കാതെ വോട്ടുചെയ്ത നിഷ്കളങ്കന്‍ ആണേ ഈ രാജേട്ടന്‍. എല്ലാരും തള്ളികളഞ്ഞ ഐഎഎസ് സ്വാമിയെ ശരിയാക്കലിന്റെ ഭാഗമായി സ്വന്തം സ്വന്തം വകുപ്പില്‍ എടുത്തുവച്ച സുനില്‍കുമാര്‍ മന്ത്രിയാകട്ടെ വേലിയില്‍ ഇരുന്ന പാമ്പിനെ എങ്ങാണ്ട് എടുത്തുവച്ചു എന്നാ അവസ്ഥയില്‍ ആയി.

 

ലോകബാങ്കീന്ന് വന്ന ആപ്പീസറുടെ നിറം കറുത്ത്പോയതാണ് ഒരാള്‍ക്ക് പുടിക്കാതെ പോയത്. നമ്മള്‍ ഈ വെളുത്ത സുന്ദരക്കുട്ടപ്പന്‍മാരുടെ ഇടയിലേക്ക് വിടുമ്പോള്‍ ഈ ആഫ്രിക്കക്കാരന്‍ അല്ലാതെ ഒരു സായിപ്പിനെ കിട്ടിയില്ലേ ലോകബാങ്ക് ഗഡികള്‍ക്ക്. അല്ല കവാത്ത് മറക്കണമെങ്കില്‍ സായിപ്പിനെ കാണണം എന്നാണല്ലോ ചട്ടം.അതൊന്ന് ശരിയാക്കാന്‍ വയില്‍ചൊവച്ചു രണ്ട് വര്‍ത്തമാനം പറഞ്ഞപ്പോഴേക്കും ദേ പുലിവാലായി. ഇനിയിപ്പോള്‍ ലോകബാങ്ക് വായ്പ ഒന്നും തരില്ല എന്ന് പറഞ്ഞ് കണ്ണുരുട്ടിയാല്‍ പേടിക്കുന്ന ആളൊന്നും അല്ല നമ്മുടെ മന്ത്രി എന്ന് ഓര്‍ത്താല്‍ ലോക ബാങ്കിന് കൊള്ളാം.

 

ജിഎസ്ടി കയറിപ്പിടിച്ച് വ്യാപാരികള്‍ നട്ടം തിരിയുമ്പോള്‍ ഇത് ആട്ടിന്‍കാട്ടമോ കൂര്‍ക്കിഴങ്ങോ എന്നറിയാതെ നാട്ടുകാര്‍ മിഴിച്ചിരിക്കുന്നു. മന്ത്രി പറഞ്ഞാലും തന്ത്രി പറഞ്ഞാലും കോഴി കിട്ടണമെങ്കില്‍ ചൊള എണ്ണിക്കൊടുക്കണം എന്നുമാത്രം അവര്‍ക്കിപ്പോള്‍ ഉറപ്പായി. ജിഎസ്ടി വന്നാല്‍ വില കുറയുമോ കൂടുമോ എന്നൊന്നും അറിയാതെ, എല്ലാം തലവിധി പോലെ എന്ന് കരുതിയിരിക്കുകയാണ് സാദാ ജനം.