ഇന്ന് നവംബർ 1: കേരളപ്പിറവി ദിനം.

ഇന്ന് നവംബർ 1: കേരളപ്പിറവി ദിനം.

വീണ്ടുമൊരു കേരള പിറവി കൂടെ വന്നെത്തിയിരിക്കുകയാണ്. കേരള സംസ്ഥാനം ഔദ്യോഗികമായി പിറവിയെടുത്ത ദിനം. കേരള സംസ്ഥാനം രൂപംകൊണ്ടിട്ട് 67 വര്‍ഷം തികയുന്നു. 1956 നവംബര്‍ 1 നാണ് മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ പ്രദേശങ്ങള്‍ ഒത്തുചേര്‍ന്ന് മലയാളികളുടെ സംസ്ഥാനമായി കേരളം രൂപം കൊള്ളുന്നത്. കേരളസംസ്ഥാനം രൂപവത്കരിച്ച നവംബര്‍ ഒന്നാണ് കേരളപ്പിറവി എന്നറിയപ്പെടുന്നത്.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കേരളം നാലുഭാഗങ്ങളായി വിഭജിക്കപ്പെട്ടിരുന്നു. തിരുവിതാംകൂര്‍, കൊച്ചി എന്നീ നാട്ടുരാജ്യങ്ങള്‍, ബ്രിട്ടീഷ് മലബാര്‍, തെക്കന്‍ കനറ ജില്ലയിലെ കാസര്‍കോട് താലൂക്ക് എന്നിങ്ങനെ. ഈ നാലു പ്രദേശങ്ങളിലെയും ജനങ്ങള്‍ പൊതുവായ സംസ്‌കാരം ഉള്‍ക്കൊള്ളുന്നവരായിരുന്നു. 1947-ൽ‍ ഇന്ത്യ ബ്രിട്ടീഷുകാരിൽ നിന്നും സ്വതന്ത്രമായ ശേഷം, ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങൾ ശക്തിപ്പെട്ടു. വർഷങ്ങള്‍ നീണ്ട് നിന്ന ആവശ്യങ്ങള്‍ക്ക് ശേഷം 1956 ലെ സംസ്ഥാന പുനഃസഘടന നിയമപ്രകാരം, തിരുവിതാംകൂർ – കൊച്ചിയിലെ മലയാളം സംസാരിക്കുന്ന പ്രദേശങ്ങളും ലക്ഷദ്വീപ് ഒഴികേയുള്ള മദ്രാസ് സംസ്ഥാനത്തെ മലബാർ ജില്ലയും തെക്കൻ കാനറ ജില്ലയിലെ കാസർഗോഡ് താലൂക്കും ലയിപ്പിച്ചാണ് കേരളമെന്ന സംസ്ഥാനം രൂപീകരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ നവംബർ ഒന്ന് കേരളപ്പിറവിദിനമായി ആഘോഷിക്കപ്പെടുന്നു.

കാസർഗോഡ് കേരളത്തിന്റെ ഭാഗമായപ്പോള്‍ കന്യാകുമാരി ഉള്‍പ്പടെ തിരുവിതാംകൂറിന്റെ ഭാഗമായ ചില മേഖലകള്‍ തമിഴ്നാട്ടിലേക്ക് പോയെന്നതും ശ്രദ്ധേയമാണ്. കേരളം രൂപീകൃതമാകുമ്പോൾ ഇന്ത്യയിലെ 14 സംസ്ഥാനങ്ങളിൽ ഏറ്റവും ചെറിയ സംസ്ഥാനമായിരുന്നു കേരളം. രൂപീകരണ സമയത്ത് കേരളത്തിൽ വെറും 5 ജില്ലകൾ മാത്രമേ ഉണ്ടായിരുന്നുള്ളു.

എല്ലാ മലയാളീപത്രം വായനക്കാർക്കും കേരളപ്പിറവി ആശംസകൾ.