ലഡാക്: അല്പം ചരിത്രം.

ലഡാക്: അല്പം ചരിത്രം.

ഭൂമിയിലെ ഏറ്റവും ഉയർന്ന ജനവാസ സ്ഥലമാണ് ലഡാക്ക്‌. വടക്കേയറ്റത്ത് 59,343 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ലഡാക്ക് ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്രഭരണ പ്രദേശമാണിപ്പോൾ. 2019 ഓഗസ്റ്റ് അഞ്ചു വരെ ഇന്ത്യൻ യൂണിയനിൽ പ്രത്യേക പദവിയുള്ള സംസ്ഥാനമായിരുന്ന ജമ്മു കശ്മീരിൽ ആയിരുന്നു ലഡാക്ക്. ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370 -ആം അനുച്ഛേദം, 35A എന്നിവ റദ്ദാക്കി ജമ്മു കശ്മീരിൻ്റെ സംസ്ഥാന പദവി ഒഴിവാക്കി, പകരം ജമ്മു കശ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചു രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഉത്തരവിറക്കിയത് 2019 ഒക്ടോബർ 31-നാണ്.

വടക്കു പടിഞ്ഞാറും തെക്കുകിഴക്കും ഹിമാലയവും, തൊട്ട്‌ വടക്ക് കാരക്കോരവും ഒരു അതിർത്തി പോലെ സ്ഥിതിചെയ്യുന്നു. 9000 മുതൽ 25000 അടി വരെ ഉയരമുള്ള താഴ്‌വരകളും മലനിരകളുമാണ് ഈ പ്രദേശത്തിൻ്റെ പ്രത്യേകത. ഷായോക്ക്, നുബ്ര നദികൾക്കിടയിലുള്ള ‘സാസാർ’ ആണ് ലഡാക്കിലെ ഏറ്റവും ഉയരം കൂടിയ പർവതം. 7023 മീറ്ററാണ് (23,340 അടി) ഇതിൻ്റെ ഉയരം.

കാലാവസ്ഥയുടെയും മണ്ണിൻ്റെയും പ്രത്യേകതകൾ കാരണം ലഡാക്കിൽ മരങ്ങൾ ഇല്ലെന്നുതന്നെ പറയാം. പാചകാവശ്യത്തിനുള്ള വിറകുംമറ്റും കശ്മീരിൽനിന്നാണ് കൊണ്ടുവരുന്നത്. ഉയരവും മഴയുടെ അഭാവവും മനുഷ്യവാസം ശരിക്കും ശ്രമകരമാകുന്നത് കൊണ്ട് തന്നെ കിലോമീറ്ററിൽ ശരാശരി മൂന്നു പേർ എന്ന നിരക്കിൽ മാത്രം ജനവാസമുള്ള ലഡാക് ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ പ്രദേശമാണ്. ലിറ്റ്ൽ ടിബറ്റ് എന്നറിയപ്പെടുന്ന ഇവിടെ ടിബറ്റൻ സംസ്കാരത്തിൻ്റെ സ്വാധീനം പ്രകടമായി കാണാം. ഭൂരിഭാഗം ജനങ്ങളും ടിബറ്റൻ ബുദ്ധമത വിശ്വാസികളാണ്‌. ടിബറ്റുകാരുടെയും ദർദുകളുടെയും പിൻഗാമികളാണ് ലഡാക്കുകാർ. ജനങ്ങളിൽ ഭൂരിഭാഗവും ബുദ്ധമതക്കാരോ മുസ്ലിങ്ങളോ ആണ്. ലേ യിൽ കുറച്ചു ക്രിസ്താനികളുമുണ്ട്. ലഡാക്കിൻ്റെ വടക്കും കിഴക്കും ഭാഗങ്ങളിൽ ബുദ്ധമതക്കാർക്കും തെക്കും പടിഞ്ഞാറും മുസ്ലിങ്ങൾക്കുമാണ് പ്രാമുഖ്യം. പതിന്നാലാം നൂറ്റാണ്ടോടുകൂടി അമിർ സയ്യിദ് അൽ ഹംദാനി എന്ന പണ്ഡിതൻ്റെ ശ്രമഫലമായാണ് ഇസ്ലാം മതം ലഡാക്കിൽ പ്രചരിച്ചു തുടങ്ങിയത്. മുസ്ലിങ്ങളിൽ ഭൂരിപക്ഷവും ഷിയാ വിഭാഗക്കാരാണ്.

കൃഷിയാണ് ഭൂരിഭാഗം ലഡാക്കുകാരുടെയും ഉപജീവനമാർഗം. ജലദൗർലഭ്യതയും വളക്കൂറില്ലാത്ത മണ്ണും കാരണം, വർഷത്തിൽ ഒരു പ്രാവശ്യം മാത്രമേ ഇവർ കൃഷി ചെയ്യാറുള്ളൂ. ലേ ജില്ലയിലും, കാർഗിലിൻ്റെ ചില ഭാഗങ്ങളിലും രണ്ടുതവണ കൃഷിയിറക്കാറുണ്ട്. ലഡാക്കിലെ കൃഷി മെച്ചപ്പെടുത്തുന്നതിലേക്കായി ജനക്ഷേമകരമായ പല പദ്ധതികളും സർക്കാർ ആസൂത്രണം ചെയ്ത് നടപ്പാക്കിവരുന്നു. കൊടുംതണുപ്പ് അനുഭവപ്പെടുന്ന ഇവിടെ ശൈത്യകാലം കഴിയുമ്പോൾ മഞ്ഞുരുകും.

കേവലം രണ്ടുലക്ഷത്തിനുതാഴെ ജനസംഖ്യയുള്ള ലഡാക്ക് പാക്കിസ്‌ഥാൻ, ചൈന എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നുണ്ട്. 1947-ൽ ഇന്ത്യയ്ക്കും പാക്കിസ്‌ഥാനും സ്വാത്രന്ത്ര്യം ലഭിക്കുന്നതിനു മുമ്പായി അവിഭക്ത ലഡാക്ക് മുഴുവനും ജമ്മുകശ്മീർ ഭരിച്ചിരുന്ന മഹാരാജാ ഹരിസിങ് എന്ന ഡ്രോഗ ഭരണാധിപൻ്റെ കീഴിലായിരുന്നു. 1846-ൽ ഇംഗ്ലീഷ്-സിഖ് യുദ്ധാനന്തരം, മഹാരാജാ ഗുലാബ് സിങ്; ബ്രിട്ടീഷുകാരിൽനിന്ന് കശ്മീർ വിലയ്ക്കുവാങ്ങിയതിനെത്തുടർന്നാണ് ലഡാക്ക് കശ്മീരിൻ്റെ ഭാഗമായത്.

1947-48-ലെ ഇന്ത്യ-പാക്കിസ്‌ഥാൻ യുദ്ധത്തിൽ ഐക്യരാഷ്ട്രസംഘടനയുടെ നിർദേശാനുസരണം, ലഡാക്കിൻ്റെ ഉത്തരപശ്ചിമ ഭാഗത്തുണ്ടായിരുന്ന ഗിൽഗിത്ത്, ഹൻസാ, സകാർദു, ബാൾട്ടിസ്താൻ എന്നീ പ്രദേശങ്ങളും കശ്മീരിൻ്റെ കുറച്ചു ഭാഗങ്ങളും പാക്കിസ്‌ഥാൻ്റെ അധീനതയിലായി.

1958-ല്‍ അക്സായ്ചിന്‍ ഉള്‍പ്പെടെ പല ഇന്ത്യന്‍ പ്രദേശങ്ങളെയും ചൈനീസ് അതിര്‍ത്തിക്കുള്ളിലാക്കി ചിത്രീകരിക്കുന്ന ഭൂപടങ്ങള്‍ ചൈന പ്രസിദ്ധപ്പെടുത്തി. തുടര്‍ന്ന് ഇന്ത്യാ-ചൈന ഗവണ്‍മെന്റുകള്‍ തമ്മില്‍ അതിര്‍ത്തി പ്രശ്നം ചര്‍ച്ച ചെയ്തുവെങ്കിലും അക്‌സായ് ചിന്‍ തര്‍ക്കഭൂമിയായി തുടര്‍ന്നു. 1962-ല്‍ ചൈന റോഡുവെട്ടുന്നതറിഞ്ഞതോടെയാണ് ഈ പ്രദേശത്ത് അവര്‍ ആധിപത്യം സ്ഥാപിച്ചുവെന്ന് ഇന്ത്യ അറിയുന്നതുതന്നെ. തുടര്‍ന്നുണ്ടായ യുദ്ധത്തില്‍ അക്സായ് ചിന്‍ പ്രദേശത്തെ ഏകദേശം 38,000-ല്‍പ്പരം ചതുരശ്ര കിലോമീറ്റര്‍ ഭൂപ്രദേശം ചൈന പിടിച്ചെടുത്തു. ഇന്ന് ലോകത്തെ തര്‍ക്കപ്രദേശങ്ങളില്‍ വലിപ്പത്തില്‍ ഒന്നാം സ്ഥാനമാണ് അക്‌സായ് ചിനിനുള്ളത്. ഇതിൻ്റെ വിസ്തീര്‍ണം ഏകദേശം സ്വിറ്റ്‌സര്‍ലന്‍ഡിനോളം വരും. ചൈനയുടെ അനധികൃത നിയന്ത്രണത്തിലുള്ള ഇന്ത്യന്‍ ഭൂഭാഗമാണ് ഇപ്പോൾ അക്സായ് ചിന്‍. കിഴക്ക് ടിബത്തും പടിഞ്ഞാറ് സിങ്കിയാങ്ങും അതിരുകള്‍ കുറിക്കുന്ന ഈ പ്രദേശം ഇന്ത്യന്‍ ഇതിഹാസങ്ങളില്‍ അക്ഷയചീനാ എന്ന പേരില്‍ പരാമര്‍ശനവിധേയമായിട്ടുണ്ട്. 1947-ല്‍ കാശ്മീർ ഭരിച്ചിരുന്ന ഹരിസിങ് മഹാരാജാവ് ഇന്ത്യയുമായി തൻ്റെ രാജ്യത്തെ ലയിപ്പിച്ചതോടെ അക്സായ് ചിന്‍ പ്രദേശം ഇന്ത്യയുടെ അഭിഭാജ്യ ഭാഗമായിത്തീര്‍ന്നതാണ്.

1963-ൽ ഗിൽജിത്ത് ബാൾട്ടിസ്താനിലെ കുറച്ചു സ്ഥലം, പാക്കിസ്‌ഥാൻ ചൈനയ്ക്ക് കൈമാറി. 1979-ൽ ഭരണസൗകര്യാർഥം, ഒറ്റ ജില്ലയായിരുന്ന ലഡാക്കിനെ കാർഗിൽ, ലേ എന്നീ രണ്ടു ജില്ലകളാക്കി. ഇന്ന് ഈ പ്രദേശങ്ങൾ എല്ലാം ഉൾപ്പെടുന്നതാണു ലഡാക് കേന്ദ്രഭരണ പ്രദേശം. തങ്ങള്‍ക്ക് അവകാശപ്പെട്ടതല്ലെന്ന് വ്യക്തമായി അറിയാമെങ്കിലും അനധികൃതമായി കൈവശപ്പെടുത്തിയ ലഡാക്കിൻ്റെ പല ഭാഗങ്ങളും വിട്ടുനല്‍കാന്‍ ചൈന ഇന്നും തയ്യാറാകാത്തതാണ് ഇന്ത്യ ചൈന അതിർത്തി സംഘർഷങ്ങളുടെ പ്രധാന കാരണം.

ഗിൽ‌ജിത് -ബാള്‍ട്ടിസ്താന്‍ ചെറുചരിത്രം.