ചൈന-പാക്കിസ്ഥാൻ സംയുക്ത പ്രസ്താവന ഇന്ത്യ തള്ളി; സുരക്ഷാ സാഹചര്യം മോദി വിലയിരുത്തി.

ദില്ലി: ജമ്മുകശ്മീരിലെ തുടർച്ചയായ 4 ഭീകരാക്രമണങ്ങളുടെയും , ചൈനയും പാക്കിസ്ഥാനും ചേർന്ന് നടത്തിയ സംയുക്ത പ്രസ്താവനയുടെയും ചൈനയും പാക്കിസ്ഥാനും സംയുക്ത പ്രസ്താവനയില്‍ സുരക്ഷ സാഹചര്യം പ്രധാനമന്ത്രി നരേന്ദ്രമോദി വിലയിരുത്തി. മൂന്ന് ദിവസമായി നാലിടങ്ങില്‍ ഭീകരാക്രമണം ഉണ്ടായ സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജമ്മുകശ്മീരിലെ സുരക്ഷ സാഹചര്യം വിലയിരുത്തിയത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ഉള്‍പ്പെടെയുള്ളവരുമായി ചർച്ച നടത്തിയ മോദി ലെഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹയുമായും സംസാരിച്ചു. നിലവിലെ സേനാ വിന്യാസത്തെ കുറിച്ചും എന്തൊക്കെ സജ്ജീകരണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ടെന്നും യോഗത്തില്‍ ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയോട് വിശദീകരിച്ചു. ഭീകരരെ നേരിടാൻ എല്ലാ സാധ്യതകളും ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി യോഗത്തില്‍ നിർദേശിച്ചു.

മോദി സർക്കാരിന്‍റെ സത്യപ്രതിജ്ഞ‌ക്കിടെയാണ് ജമ്മുകശ്മീരിലെ റിയാസിയില്‍ തീർത്ഥാടകർക്ക് നേരെ ഭീകരാക്രമണം നടക്കുകയും 9 പേർ കൊല്ലപ്പെടുകയും ചെയ്തത്. അതേസമയം. ചൈനയും പാകിസ്ഥാനും സംയുക്ത പ്രസ്താവനയില്‍ ജമ്മുകശ്മീരിനെ പരാമർശിച്ചതില്‍ വിമർശനവുമായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം രംഗത്തെത്തി. ജമ്മുകശ്മീരിനെ കുറിച്ച് ഇരു രാജ്യങ്ങളും നടത്തിയത് അനാവശ്യ പരാമർശമാണ്. ജമ്മുകശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും മറ്റ് ഒരു രാജ്യവും അതേ കുറിച്ച് അഭിപ്രായം പറയേണ്ടെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ ചൈന സന്ദ‌ർശനത്തിലൊടുവില്‍ ജൂണ്‍ 7-ന് നടത്തിയ സംയുക്ത പ്രസ്താവനയിലാണ് ജമ്മുകശ്മീർ വിഷയവും പരാമർശിക്കപ്പെട്ടത്.

ഇന്ത്യയുടെ പരമാധികാരപ്രദേശമായ പാക് അധീന കശ്മീരിലൂടെ (PoK) കടന്നുപോകുന്ന വിധത്തിൽ സാമ്പത്തിക ഇടനാഴി (CPEC) തയ്യാറാക്കുന്ന പദ്ധതിയെക്കുറിച്ച് ചൈനയും പാക്കിസ്ഥാനും ചർച്ചകൾ നടത്തിയിരുന്നു. ജൂൺ 4-നും എട്ടിനും ഇടയ്‌ക്ക് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിം​ഗും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് CPEC ചർച്ചാവിഷയമായത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. PoKയുമായി ബന്ധപ്പെട്ട് ഇന്ത്യ സ്വീകരിച്ച നിലപാട് സ്ഥിരതയുള്ളതാണെന്നും ഇരുകക്ഷികൾക്കും അത് ബോധ്യമുള്ള കാര്യമാണെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി.

അതിനിടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പദവിയിൽ അജിത് ഡോവലിന്റെ കാലാവധി കേന്ദ്ര സർക്കാർ നീട്ടി. ഇത് മൂന്നാം തവണയാണ് അജിത് ഡോവൽ ഈ പദവിയിൽ തുടരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് പികെ മിശ്രയുടെയും കാലാവധി നീട്ടിയെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തരാണ് ഇരുവരും. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സ്ഥാനത്ത് തുടരുന്ന വ്യക്തിയായി ഇതോടെ അജിത് ഡോവൽ മാറി. 1945-ൽ ഉത്തരാഖണ്ഡിൽ ജനിച്ച ഇദ്ദേഹം 1968 ബാച്ച് കേരളാ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു. അജിത് ഡോവൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സ്ഥാനത്ത് എത്തിയ ശേഷമാണ് ഇന്ത്യ 2016 ൽ സർജിക്കൽ സ്ട്രൈക്ക് നടത്തിയത്. പിന്നീട് 2019 ൽ പാക്കിസ്ഥാനിലെ ബാലകോട് അതിർത്തി കടന്ന് നടത്തിയ ആക്രമണത്തിന്റെ സൂത്രധാരനും ഡോവലായിരുന്നു. തുടർച്ചയായ മൂന്നാംതവണയും ദേശീയ സുരക്ഷാ ഉപദേഷ്ടായി നിയമിക്കപ്പെട്ടതിന് പിന്നാലെ അജിത് ഡോവല്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങുമായി കൂടിക്കാഴ്ച നടത്തി.

ലഡാക്: അല്പം ചരിത്രം.