കുവൈത്ത് ദുരന്തം; മരിച്ചത് 45 ഇന്ത്യക്കാരെന്ന് ഔദ്യോഗിക സ്ഥിരീകരണം.

കുവൈത്ത് ദുരന്തം; മരിച്ചത് 45 ഇന്ത്യക്കാരെന്ന് ഔദ്യോഗിക സ്ഥിരീകരണം.

ദില്ലി: കുവൈത്തില്‍ തീപിടിത്തത്തില്‍ മരിച്ചത് 45 ഇന്ത്യക്കാരാണെന്നും ഇതില്‍ 23 പേര്‍ മലയാളികളാണെന്നും ഔദ്യോഗിക സ്ഥിരീകരണം. അനൗദ്യോഗിക കണക്കുകള്‍ പ്രകാരം 49 ഇന്ത്യക്കാരാണ് മരിച്ചതെന്നും ഇതില്‍ 46 പേരെ തിരിച്ചറിഞ്ഞതായും നോര്‍ക്ക അധികൃതര്‍ ഉള്‍പ്പെടെ അറിയിച്ചിട്ടുണ്ടെങ്കിലും മരിച്ച 45 ഇന്ത്യക്കാരുടെ പേരുകളാണ് നിലവില്‍ കുവൈത്ത് അധികൃതര്‍ പുറത്തുവിട്ടത്. ഇതില്‍ 23 പേര്‍ മലയാളികളാണെന്നും കുവൈത്ത് അധികൃതര്‍ വ്യക്തമാക്കുന്നു. അതേസമയം മൂന്നു പേരെ തിരിച്ചറിയാനുണ്ടെന്ന് നോര്‍ക്ക സിഇഒ അജിത്ത് കോളശേരി പറഞ്ഞു. തിരിച്ചറിയാൻ ഉള്ളവരില്‍ രണ്ട് പേര്‍ മലയാളികളാണെന്നാണ് ഹെല്‍പ് ഡെസ്കില്‍ നിന്നും ലഭിക്കുന്ന പ്രാഥമിക വിവരം. ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ല. 23 മലയാളികളാണ് മരിച്ചതായി സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ടു പേരുടെ കാര്യത്തില്‍ സ്ഥിരീകരണം ലഭിക്കേണ്ടതുണ്ട്. 9പേര്‍ പരിക്കേറ്റ ഗുരുതരാവസ്ഥയിലാണെന്നും അജിത്ത് കോളശേരി പറഞ്ഞു.

കുവൈത്ത് ദുരന്തത്തിന് ഇരയായവരുടെ മൃതദേഹം നാട്ടിലെത്തിക്കാൻ വ്യോമസേന വിമാനം സജ്ജമാക്കി. കുവൈത്തിലെത്തിയ വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിം​ഗ് പരിക്കേറ്റവരെ കണ്ടു, കുവൈറ്റ് വിദേശകാര്യ മന്ത്രിയുമായി കൂടികാഴ്ച നടത്തി. കുവൈത്ത് ദുരന്തത്തിലിരയായവരുടെ മൃതദേഹങ്ങൾ ഭൂരിഭാ​ഗവും പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയെന്ന അറിയിപ്പ് ലഭിച്ചതിന് പിന്നാലെയാണ് വ്യോമസേന വിമാനം ദൗത്യത്തിന് സജ്ജമാക്കിയത്. നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് തന്നെ തിരിച്ചറിഞ്ഞ മൃതദേഹങ്ങള്‍ ഇന്ത്യയിലെത്തിക്കാനാണ് ശ്രമം. രാവിലെ കുവൈത്തിലെത്തിയ വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിം​ഗ് പരിക്കേറ്റവർ ചികിത്സയിലുള്ള അഞ്ച് ആശുപത്രികളിലും സന്ദർശനം നടത്തി. കുവൈറ്റ് വിദേശകാര്യ മന്ത്രി അബ്ദുള്ള അലി അൽ യ​ഹ്യയുമായും കൂടികാഴ്ച നടത്തി. മൃതദേഹങ്ങളിൽ ചിലത് കത്തിക്കരിഞ്ഞ നിലയിലാണ്, ഡിഎൻഎ പരിശോധനയ്ക്ക് ശേഷമേ ഈ മൃതദേഹങ്ങൾ വിട്ടു നൽകു എന്നതിനാൽ കാലതാമസമുണ്ടായേക്കുമെന്ന് വിദേശ കാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് വ്യക്തമാക്കി.

മരിച്ച മലയാളികൾ.
1. തോമസ് ചിറയിൽ ഉമ്മൻ – തിരുവല്ല, പത്തനംതിട്ട
2. അനീഷ് കുമാർ – കടലായി, കണ്ണൂർ
3. ഷമീർ ഉമ്മറുദ്ദീൻ – ശൂരനാട്, കൊല്ലം.
4. മാത്യു തോമസ് – ചെങ്ങന്നൂർ, ആലപ്പുഴ
5. അരുൺ ബാബു – നെടുമങ്ങാട്, തിരു
6. കേളു പൊൻമലേരി – തൃക്കരിപ്പൂർ, കാസർകോഡ്
7. സാജു വർഗീസ് – കോന്നി, പത്തനംതിട്ട
8. രഞ്ജിത്ത് -ചേർക്കള, കാസർകോട്
9. ആകാശ് ശശിധരൻ നായർ – പന്തളം, പത്തനംതിട്ട
10. ഷിബു വർഗ്ഗീസ്- പായിപാട്, കോട്ടയം.
11. നൂഹ് – തിരൂർ, മലപ്പുറം.
12. ബാഹുലേയൻ – പുലമന്തോൾ, മലപ്പുറം.
13. സ്റ്റെഫിന് എബ്രഹാം സാബു – പാമ്പാടി, കോട്ടയം.
14. സാജൻ ജോർജ്ജ് – കരവല്ലൂർ, കൊല്ലം.
15. മുരളീധരൻ നായർ- മല്ലശ്ശേരി, പത്തനംതിട്ട.
16. ലൂക്കോസ് – ആദിച്ചനല്ലൂർ, കൊല്ലം.
17. ശ്രീഹരി പ്രദീപ് – ചങ്ങനാശ്ശേരി, കോട്ടയം.
18. ശ്രീജേഷ് തങ്കപ്പൻ നായർ – ഇടവ, തിരുവനന്തപുരം.
19. ബിനോയ് തോമസ്- ചിറ്റാറ്റുകര, തൃശൂർ.
20. നിതിൻ – വയക്കര, കണ്ണൂർ.
21. സുമേഷ് സുന്ദരൻ പിള്ള- പെരിനാട്, കൊല്ലം.
22. വിശ്വാസ് കൃഷ്ണൻ – തലശ്ശേരി, കണ്ണൂർ.
23. സിബിൻ എബ്രഹാം- മല്ലപ്പള്ളി, പത്തനംതിട്ട.

കുവൈത്തില്‍ തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും ആവശ്യമായ സഹായം ഉറപ്പാക്കുമെന്ന് എന്‍ബിടിസി കമ്പനി അറിയിച്ചു. കമ്പനിയുടെ തൊഴിലാളികള്‍ താമസിച്ചിരുന്ന ലേബര്‍ ക്യാംപിലാണ് തീപിടിത്തമുണ്ടായത്. മരിച്ചവരുടെ കുടുംബത്തിന് എട്ടു ലക്ഷം രൂപ അടിയന്തര ധനസഹായമായി നൽകുമെന്ന് അപകടത്തില്‍പെട്ടവര്‍ ജോലി ചെയ്തിരുന്ന സ്ഥാപനമായ എൻ ബി ടി സി അറിയിച്ചു. മരിച്ചവരുടെ ആശ്രീതർക്ക് ജോലി, ഇൻഷുറൻസ് പരിരക്ഷ, മറ്റ് ആനൂകൂല്യങ്ങൾ എന്നിവയും ലഭ്യമാക്കും. മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ഇന്ത്യയും കുവൈത്തുമായി ചേർന്ന് ശ്രമങ്ങൾ തുടരുകയാണെന്നും കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു.

തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റ മലയാളികള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കാനും വ്യാഴാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രി സഭായോഗം തീരുമാനിച്ചു. പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലിയും പ്രവാസി വ്യവസായി രവി പിള്ളയും മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് യൂസഫലി അഞ്ച് ലക്ഷം രൂപയും രവി പിള്ള രണ്ട് ലക്ഷം രൂപയും വീതം നൽകും. സഹായസന്നദ്ധത മുഖ്യമന്ത്രിയെ അറിയിച്ചു. നോർക്ക വഴിയാണ് സഹായം നൽകുക.

കുവൈത്തിലെ ലേബർ ക്യാമ്പിലുണ്ടായ ദുരന്തത്തിന് കാരണമായ സുരക്ഷാ വീഴ്ചയുടെ പേരിൽ രണ്ട് പേർ റിമാൻഡിലെന്ന് കുവൈത്ത് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഒരു കുവൈത്ത് പൗരനും ഒരു വിദേശ പൗരനും ആണ് റിമാൻഡിലായതെന്നും റിപ്പോർട്ട് പറയുന്നു. എന്നാൽ ഇവരുടെ പേര് വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. കൂട്ട മരണത്തിന് കാരണമായ ചട്ട ലംഘനങ്ങളുടെ പേരിലാണ് നടപടി. തീപിടിത്തം ഉണ്ടായത് കെട്ടിടത്തിലെ ഗാര്‍ഡ് റൂമില്‍ നിന്നാണെന്ന് കുവൈത്ത് ഫയര്‍ഫോഴ്സ് നടത്തിയ അന്വേഷണത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. വലിയ അപകടത്തിന് കാരണമായത് കെട്ടിടത്തിലെ ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നും കുവൈത്ത് ഫയര്‍ഫോഴ്സിന്‍റെ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. പുലർച്ചെ 4.28നാണ് അപകട സന്ദേശം കിട്ടിയതെന്നും കൃത്യം അഞ്ചുമിനിട്ടിൽ കുതിച്ചെത്തി രക്ഷാ പ്രവർത്തനം തുടങ്ങിയെന്നും കുവൈത്ത് ഫയർ റെസ്ക്യൂ വിഭാഗം അറിയിച്ചു. അപകട സ്ഥലത്തെത്തി പത്തു മിനിറ്റ് കൊണ്ടുതന്നെ തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചു. എന്നിട്ടും കെട്ടിടത്തിലുണ്ടായിരുന്ന 45 പേരെയും ജീവനറ്റ നിലയിലാണ് കണ്ടെടുത്തത്.

കുവൈറ്റ് ലേബർ ക്യാമ്പിലെ തീപിടുത്തം; 24 മലയാളികൾ മരിച്ചെന്ന് നോർക്ക.