ജി7 ഉച്ചകോടി: മോദി ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി; ഇന്ത്യയിലേക്കു ക്ഷണിച്ചു.

ജി7 ഉച്ചകോടി: മോദി ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി; ഇന്ത്യയിലേക്കു ക്ഷണിച്ചു.

റോം: ഇറ്റലിയിലെ അപുലിയയിൽ നടക്കുന്ന ജി 7 ഉച്ചകോടിയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ രാജ്യങ്ങളിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ, യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി, ഫ്രാൻസിസ് മാർപാപ്പ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോനി, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ എന്നിവരുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി. അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡനെയും മോദി കണ്ടു. ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയുമായും മോദി നയതന്ത്രതല ചർച്ച നടത്തി.

ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയ മോദി അദ്ദേഹത്തെ ഇന്ത്യയിലേക്ക് ക്ഷണിച്ചു. ജി സെവന്‍ ഉച്ചകോടിയുടെ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ആദ്യ പോപ്പാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. വീല്‍ചെയറിലാണ് അദ്ദേഹം ജി-7 ഉച്ചകോടിയ്‌ക്കെത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഉള്‍പ്പെടെയുള്ള ലോകനേതാക്കളെല്ലാം ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ വരവേറ്റു. പ്രധാനമന്ത്രി നരേന്ദ്രമോദി മാര്‍പ്പാപ്പയെ ആലിംഗനം ചെയ്തു. ജി-7 ഉച്ചകോടിയില്‍ വച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ കാണാന്‍ അവസരം ലഭിച്ചെന്നും ജനങ്ങളെ സേവിക്കാനും ഈ ഭൂമി മെച്ചപ്പെടുത്താനുമുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെ താന്‍ വീണ്ടും വീണ്ടും അഭിനന്ദിക്കുന്നുവെന്നും മോദി എക്‌സില്‍ കുറിച്ചു. ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും മോദി പോസ്റ്റ് ചെയ്തിട്ടുണ്ട്.

മാനവരാശിയോട് കരുണയും അനുകമ്പയും പ്രതിബദ്ധതയുമില്ലാത്ത സാങ്കേതികവിദ്യ അനിയന്ത്രിതമായി വളരാന്‍ അനുവദിക്കരുതെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഉച്ചകോടിയെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. മനുഷ്യര്‍ ജീവിക്കണോ മരിക്കണോ എന്ന് തീരുമാനിക്കുന്നത് യന്ത്രങ്ങളായിരിക്കരുതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. നിര്‍മിത ബുദ്ധി ഒരേസമയം ആവേശവും ഭീഷണിയും ഉയര്‍ത്തുന്നുവെന്ന് പറഞ്ഞ മാര്‍പാപ്പ പറഞ്ഞു. എ.ഐ. ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ആയുധങ്ങള്‍ നിരോധിക്കണമെന്നും ആവശ്യപ്പെട്ടു.

സാങ്കേതികവിദ്യയെ ക്രിയാത്മകമായി ഉപയോ​ഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആ​ഹ്വാനം ചെയ്‌തു. 21-ാം നൂറ്റാണ്ട് സാങ്കേതികവിദ്യയുടെ യു​ഗമാണ്. അസമത്വങ്ങൾ ഇല്ലാതാക്കുന്നതിനും എല്ലാവരെയും ഉൾക്കൊള്ളിച്ച് മുന്നോട്ട് പോകുന്നതിനും സമൂഹത്തിൽ അടിത്തറ പാകുന്നതിനും സാങ്കേതിക വിദ്യയുടെ പ്രയോജനങ്ങൾ എത്തിച്ചേരുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സാങ്കേതികവിദ്യയുടെ ശക്തിയാണ് ചന്ദ്രനിലേക്ക് വരെ എത്തിച്ചേരാനുള്ള ധൈര്യം നൽകിയത്. അതേസമയം, സൈബർ വെല്ലുവിളികളും ഇത് നൽകുന്നുണ്ടെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ജി-7 ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വിനാശകരമാകാത്ത വിധത്തിൽ ക്രിയാത്മകമായി സാങ്കേതികവിദ്യയെ കൈകാര്യം ചെയ്യണം. എന്നാൽ മാത്രമേ സമൂഹത്തിന്റെ അടിത്തറ ശക്തിപ്പെടുകയുള്ളൂവെന്നും അദ്ദേഹം ആവർത്തിച്ചു. നിർമിത ബുദ്ധിയെ സുതാര്യമായി കൈകാര്യം ചെയ്യുന്നതിൽ എല്ലാ രാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കാൻ ഇന്ത്യ തയ്യാറാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇറ്റലിയിലെ അപുലിയയിലാണ് ഇക്കുറി ജി-7 ഉച്ചകോടി നടന്നത്. ഉച്ചകോടിയിലെ വിവിധ സെഷനുകളിൽ പങ്കെടുത്ത ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പുലർച്ചെ ഡൽഹിയിലേക്ക് മടങ്ങി.