അമേരിക്കൻ സെനറ്റർമാരുടെ സംഘം വീണ്ടും തായ്‌വാനിൽ; ചൈന സൈനികാഭ്യാസം പുനരാരംഭിച്ചു.

തായ്‌പേയ്: അമേരിക്കൻ പ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസിയുടെ വിവാദമായ തായ്‌വാൻ സന്ദർശനത്തിന് ശേഷം ചൈനയെ ചൊടിപ്പിക്കുന്ന പുതിയ നീക്കവുമായി അമേരിക്ക. ചൈനയുടെ ഭീഷണികളെ മറികടന്ന് അമേരിക്കൻ നിയമനിർമ്മാതാക്കളുടെ ഒരു സംഘം തായ്‌വാൻ സന്ദർശിച്ചു. തായ്‌വാൻ കടലിടുക്കിൽ ചൈന ആക്രമണ ഭീഷണി തുടരുന്ന സാഹചര്യത്തിലാണ് അമേരിക്കൻ സെനറ്റർമാരുടെ സന്ദർശനം.

മസാച്ചുസെറ്സ് സെനറ്റർ മാർക്കിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തായ്‌വാനിൽ സന്ദർശനം നടത്തിയത്. പ്രാദേശിക സുരക്ഷ, വാണിജ്യം, നിക്ഷേപം, ഭക്ഷ്യസുരക്ഷ എന്നീ വിഷയങ്ങളിൽ തായ്‌വാൻ ഭരണാധികാരികളുമായി അമേരിക്കൻ സെനറ്റർമാർ ചർച്ചകൾ നടത്തും.

യുഎസ് നിയമനിർമ്മാതാക്കളുടെ ഒരു പ്രതിനിധി സംഘം ദ്വീപിൽ നടത്തിയ ഹ്രസ്വ സന്ദർശനത്തിന് മറുപടിയായി ചൈന തായ്‌വാന് ചുറ്റും പുതിയ റൗണ്ട് സൈനികാഭ്യാസം നടത്തി. തായ്‌വാൻ ദ്വീപിന് ചുറ്റുമുള്ള കടലിലും വ്യോമമേഖലയിലും ഒരു പുതിയ റൗണ്ട് “കോംബാറ്റ് റെഡിനെസ് പട്രോളിംഗും കോംബാറ്റ് ഡ്രില്ലുകളും” നടത്തിയതായി തിങ്കളാഴ്ച ബീജിംഗ് അറിയിച്ചു.

ചൈനയുടെ നടപടികളെ തായ്പേയ് മന്ത്രാലയം അപലപിച്ചു. തിങ്കളാഴ്ച വൈകുന്നേരം, ദ്വീപിന്റെ പ്രതിരോധ മന്ത്രാലയം 30 PLA വിമാനങ്ങളും 5 PLA കപ്പലുകളും തായ്‌വാന് ചുറ്റും സൈനിക പ്രവർത്തനങ്ങൾ നടത്തിയതായി റിപ്പോർട്ട് ചെയ്തു. 30 വിമാനങ്ങളിൽ 15 എണ്ണം തായ്‌വാൻ കടലിടുക്കിന് നടുവിലൂടെ കടന്നുപോകുന്ന അനൗദ്യോഗിക സമുദ്രരേഖയായ മീഡിയൻ ലൈൻ കടന്നതായും മന്ത്രാലയം അറിയിച്ചു.

പെലോസിയുടെ സന്ദർശനത്തിൽ കലിയടങ്ങാതെ ചൈന.