ദ്രൗപദി മുർമു ഇന്ത്യയുടെ 15-ാമത് രാഷ്‌ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു.

ദ്രൗപദി മുർമു ഇന്ത്യയുടെ 15-ാമത് രാഷ്‌ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു.

ന്യൂഡൽഹി: രാജ്യത്തിന്റെ 15-ാമത് രാഷ്‌ട്രപതിയായി ദ്രൗപദി മുർമു അധികാരമേറ്റു. ചീഫ് ജസ്റ്റിസ് എൻ വി രമണ സത്യവാചകം ചൊല്ലിക്കൊടുത്തതോടെ ദ്രൗപദി മുർമു രാജ്യത്തിന്റെ പ്രഥമ വനിതയായി. രാഷ്‌ട്രപതി സ്ഥാനമൊഴിഞ്ഞ രാം നാഥ് കോവിന്ദ്, ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു, ചീഫ് ജസ്റ്റിസ് എൻ.വി രമണ, സ്പീക്കർ ഓം ബിർള, പ്രധാനമന്ത്രി നരേന്ദ്രമോദി, മറ്റ് കേന്ദ്രമന്ത്രിമാർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്.

കോടിക്കണക്കിന് പേർക്ക് ആശ്വാസവും പ്രതീക്ഷയുമായി രാഷ്‌ട്രപതി സ്ഥാനത്തേക്ക് തനിക്കെത്താൻ കഴിഞ്ഞത് ഭാരതമെന്ന ഈ മഹാരാജ്യത്തിന്റെ സവിശേഷതയാണെന്ന് പാർലമെന്റ് മന്ദിരത്തിലെ സെൻട്രൽ ഹാളിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് ദ്രൗപദി മുർമു പറഞ്ഞു. രാജ്യം തന്നിലർപ്പിച്ച വിശ്വാസത്തിന് നന്ദി പറയുന്നുവെന്നും യുവാക്കൾക്കും സ്ത്രീകൾക്കും പ്രഥമ പരിഗണന നൽകുമെന്നും രാഷ്‌ട്രപതി വ്യക്തമാക്കി. പാവപ്പെട്ടവർക്ക് സ്വപ്‌നം കാണാനും ലക്ഷ്യങ്ങൾ കൈവരിക്കാനും കഴിയുമെന്നതിന് തെളിവാണ് ഈ രാഷ്‌ട്രപതി പദവിയെന്ന് മുർമു ചൂണ്ടിക്കാട്ടി.

ഒരു വനവാസി ഗോത്രവിഭാഗത്തിൽ നിന്ന്, വിദ്യാഭ്യാസമെന്നത് സ്വപ്‌നം പോലും കാണാൻ കഴിയില്ലെന്ന് കരുതിയ ഇടത്ത് നിന്ന്, ഉന്നത വിദ്യാഭ്യാസത്തിലേക്ക് കാലെടുത്തുവെക്കുന്ന തന്റെ ഗ്രാമത്തിലെ ആദ്യ വ്യക്തിയായി മാറി. അവിടെ നിന്നും ഭാരതത്തിന്റെ രാഷ്‌ട്രപതി സ്ഥാനത്തേക്ക് എത്തി. ഇത് തന്റെ വ്യക്തിപരമായ നേട്ടമല്ല. ഇത് രാജ്യത്തെ പാവപ്പെട്ടവരുടെ വിജയമാണ്. ഒരു പാവപ്പെട്ട വനവാസി പെൺകുട്ടിയിൽ നിന്നും ഇവിടെ വരെയെത്താൻ കഴിഞ്ഞത് ഇന്ത്യയെന്ന രാജ്യത്തിന്റെ മഹത്വമാണ്, ഈ രാജ്യം നൽകുന്ന അവസരങ്ങളാണ്. ഓരോ പാവപ്പെട്ടവനും സ്വപ്‌നം കാണാനും കൂടുതൽ ഉയരങ്ങളിലേക്ക് എത്താനുമുള്ള അവസരം ഈ രാജ്യം അവർക്ക് നൽകും. സ്വതന്ത്ര ഇന്ത്യയിൽ ജനിച്ചയാളാണ് താൻ. നമ്മുടെ സ്വാതന്ത്ര്യസമര സേനാനികൾക്ക് വലിയ സ്വപ്‌നങ്ങളുണ്ടായിരുന്നു. അതെല്ലാം നിറവേറ്റുമെന്നും രാജ്യത്തിന്റെ ഉന്നമനമാണ് ലക്ഷ്യമെന്നും രാഷ്‌ട്രപതി വ്യക്തമാക്കി.

ഈ രാജ്യത്തിന്റെ രക്ഷയ്‌ക്ക് അഹോരാത്രം കാവൽ നിൽക്കുന്ന ധീരസൈനികർക്കും രാജ്യത്തിന്റെ സർവസൈന്യാധിപയെന്ന നിലയിൽ ദ്രൗപദി മുർമു ആദരവ് അർപ്പിച്ചു. ഈ രാജ്യത്തെ ഒന്നായി ചേർത്തുപിടിച്ച് നമുക്ക് മുന്നോട്ട് പോകാമെന്നും രാഷ്‌ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു.

ആദിവാസികൾക്ക് ചരിത്രമുഹൂർത്തം: കാരൂർ സോമൻ, ലണ്ടൻ.