ആദിവാസികൾക്ക് ചരിത്രമുഹൂർത്തം: കാരൂർ സോമൻ, ലണ്ടൻ.

ആദിവാസികൾക്ക് ചരിത്രമുഹൂർത്തം: കാരൂർ സോമൻ, ലണ്ടൻ.

ഒഡിഷയിലെ ആദിവാസി വനിത ദൃപതി മുർമു ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയാകുന്നത് കാലത്തിന്റെ പുനർനിർമ്മിതിയെക്കാൾ ആദിവാസി ദളിതരുടെ വിടർന്ന നേത്രങ്ങളിൽ അളവറ്റ ആഹ്‌ളാദം അലതല്ലുന്ന സർവ്വസന്തോഷ നിമിഷങ്ങളാണ്. ഒരു ഗോത്ര വർഗ്ഗ സമുദായത്തിൽ നിന്ന് ഇന്ത്യയുടെ പ്രഥമ വനിതയെ കണ്ടെത്തി രാഷ്ട്രപതിയാക്കിയത് എല്ലാ ഭാരതീയനും അഭിമാന നിമിഷങ്ങളാണ്. ഇരുളിൽ നിന്ന് വെളിച്ചത്തിലേക്കെന്ന പോലെ കേന്ദ്രസർക്കാരിന് എല്ലാ മനുഷ്യരെയും ഒരു വിതാനത്തിലാക്കി സത്യവും, സമത്വവും, നീതിയും പരിപാലിക്കാനുള്ള സമർപ്പിത ചേതസ്സിനെ ഉയർത്തി കാട്ടുന്നതിനൊപ്പം ഇന്ത്യയിലെ പാവങ്ങൾക്ക് കിട്ടിയ പാരിതോഷികം കൂടിയാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പീഡനങ്ങൾ ഏറ്റുവാങ്ങുന്ന ജനവിഭാഗമാണ് പിന്നോക്ക ആദിവാസി ദളിതർ. അവർക്ക് വേണ്ടുന്ന തണലും രക്ഷയും നൽകുക ഭരണകൂട ത്തിന്റെ മൗലികമായ കർത്തവ്യമാണ്. ഇതിലൂടെ കേന്ദ്ര സർക്കാർ പിന്നോക്ക ജനവിഭാഗങ്ങൾക്ക് ഒരു നവോത്ഥാനത്തിന് വഴിമരുന്നിടുമോ അതോ മുൻകാലങ്ങളിൽ നടന്നതു പോലെ പാവങ്ങളെ പൈശാചികയി പീഡിപ്പിക്കുമോ? ഇന്നത്തെ മനോഹര പുക്കൾ കൊണ്ടുള്ള മാലകൊരുക്കലിന്റെ, ആഘോഷങ്ങളുടെ അളവു കോൽ അടിസ്ഥാനതത്ത്വങ്ങളിൽ നിന്നകലുന്ന തെരെഞ്ഞെടുപ്പുകളായി, കീർത്തി മുദ്രകളായി മാറുമോ.?

സിന്ധുനദീതട സംസ്‌ക്കാരത്തിന്റെ അടിവേരുകൾ മോഹൻജെദാരോ, ഹാരപ്പാ, സാഞ്ചി, സാരാനാഥം തുടങ്ങി പല ദേശങ്ങളിലുണ്ടെന്ന് പുരാവസ്തു ഗവേഷകർ കണ്ടെത്തുമ്പോൾ നമ്മുടെ സാംസ്‌ക്കാരികത്തനിമയുടെ അടിവേരുകൾ തേടിയുള്ള യാത്രകൾ അവസാനിക്കുന്നത് ആദിവാസികളിലാണ്. വയനാട്, അട്ടപ്പാടി മേഖലകളിലാണ് ഏറ്റവും കൂടുതൽ ആദിവാസികളുള്ളത്. കൃഷിക്കാരായിരിന്നവർ വന്യമൃഗങ്ങളോട് പോരാടിയും മലകയറിയും ഗുഹകളിൽ ധ്യാനത്തിലിരുന്നുമാണ് സാംസ്‌ക്കാരികമായ ഔന്നത്യം മലയാളിക്ക് നൽകിയത്. ചരിത്രപരമായി മെസപ്പൊട്ടോമിയയിൽ നിന്ന് തെക്കേ ഇന്ത്യയിലെത്തിയ ദ്രാവിഡരെന്നു പോലുമറിയാത്ത, നമ്മുടെ പൂർവ്വപിതാക്കന്മാരെന്ന് പറയാൻ മടിയുള്ള ചരിത്ര ബോധമില്ലാത്തവരാണ് ഇന്നുള്ളത്. വടക്കേ ഇന്ത്യയിലെങ്കിൽ അവരെ ഉന്മുല നാശം വരുത്തി അധികാരികളുടെ മുടക്ക് മുതലാളിമാരായി അവരുടെ സാമ്പ്രാജ്യം പടുത്തുയർത്തുന്നു. ഇന്ത്യയുടെ പല ഭാഗങ്ങളിലും മരണത്തിന്റെ കുഴിയിലേക്കിറങ്ങിയവർ മാവോയിസ്റ്റുകളായി മാറ്റപ്പെടുന്നു. അവരാകട്ടെ നിരപരാധികളായ വിവിധ സൈന്യത്തിലുള്ളവരെ വെടിവെച്ചും കുഴിബോംബുകളിൽ കൊന്നും ഭീരുക്കളായി മാറുന്നു. കേരളമെടുത്താലോ അവരോട് അനുകമ്പയോ ദയയോ കാരുണ്യമോ കാട്ടാറില്ല. പാവങ്ങൾക്ക് കിട്ടുന്ന സർക്കാർ സഹായങ്ങൾ വരെ അധികാരത്തിലിരിക്കുന്നവർ അടിച്ചു മാറ്റുന്നു, അവരുടെ തുണ്ടുഭൂമികൾ സ്വന്തമാക്കുന്നു, പട്ടിണി മരണങ്ങൾ, പാവപ്പെട്ട പെൺകുട്ടികളെ പ്രലോഭിപ്പിച്ചു് അടിമപ്പെൺകിടാങ്ങളെ പോലെ ഗർഭിണികളാക്കുന്നു, മദയാനകളെ പോലെ അഴിഞ്ഞാടുന്ന നിയമപാലകർ നിയമലംഘിതർക്ക് കുടപിടിക്കുന്നു. ഇങ്ങനെ എണ്ണിയാൽ തീരാത്ത വിധം നീതിനിഷേധങ്ങൾ ആദിവാസി മേഖലകളിൽ നടക്കുന്നു. ഇങ്ങനെ കഷ്ട-നഷ്ട, ദുഃഖ-ദുരിത സഹനങ്ങളുടെ വിലാപയാത്ര നടത്തുന്നവരുടെ മീതേകൂടിയാണ് ഒരു രാഷ്ട്രപതിയെ കൊണ്ടു വരുന്നത്. ഇന്ത്യയുടെ പ്രഥമ പൗരൻ എന്ന പദവിയിൽ വിജയാഘോഷ യാത്രകൾ നടത്തുന്നവർ ചിന്തിക്കണം ഈ പാവങ്ങൾ ഒരടി പോലും പുരോഗതി പ്രാപിച്ചിട്ടില്ല. കാലാകാലങ്ങളിലായി നമുക്ക് കാടുകൾ വെട്ടി തെളിച്ചു നടപ്പാതയൊരുക്കിയവർ ഇന്നും അന്ധകാരത്തിൽ മുങ്ങികിടക്കുകയല്ലേ? നിത്യമായ അവരുടെ ദീനരോദനങ്ങൾ ഈ രാഷ്ട്രപതിയിലൂടെ അവസാനിക്കുമോ? തിരിച്ചും ചോദിക്കാം കേരളത്തിൽ നിന്നൊരു ദളിതനായ കെ.ആർ. നാരായണൻ രാഷ്ട്രപതിയായിട്ട് കേരളത്തിലെ ദളിത് ആദിവാസികൾക്ക് എന്ത് നേട്ടമാണുണ്ടായത്.?

കാലാകാലങ്ങളിലായി ക്രൂരവും പൈശാചികവുമായിട്ടാണ് പിന്നോക്ക സമുദായക്കാരുടെ മേൽ സവർണ്ണ സമൂഹം പെരുമാറിയിട്ടുള്ളത്. നമ്മുടെ നാട്ടിൽ മേൽജാതിക്കാരന്റെ മൃഗങ്ങൾക്ക് വഴിയിൽ കൂടി സഞ്ചരിക്കാമെങ്കിലും പിന്നോക്ക സമുദായത്തിൽപ്പെട്ടവർക്ക് അതിന് പോലും അനുവാദമില്ലായിരുന്നു. 1916-ൽ ബ്രിട്ടൻ ഭരിച്ചിരുന്ന വിക്ടോറിയ രാഞ്ജിയുടെ വിളംബരത്തോടെയാണ് കേരളത്തിലെ പിന്നോക്ക സമുദായ സ്ത്രീകൾക്ക് മാറുമറയ്ക്കാനുള്ള സ്വാതന്ത്ര്യം ലഭിച്ചത്. ക്രിസ്തീയ മിഷനറിമാർ ഈ രാജ്യത്തു് വന്നില്ലായിരുന്നെങ്കിൽ ചില വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നടക്കുന്നതു പോലെ പാവങ്ങളെ സവർണ്ണ മാടമ്പികൾ മുക്കാലിൽ കെട്ടി ഇന്നും അടിക്കുമായിരിന്നു. പലപ്പോഴും വടക്കേ ഇന്ത്യയിൽ നിന്ന് വരുന്ന വാർത്തകൾ വിനാശകാരികളായ ജാതിമത തിമിരം ബാധിച്ചവർ പാവങ്ങളോടും സ്ത്രീകളോടും കാട്ടുന്ന ക്രൂരകൃത്യങ്ങളാണ്. ഹൃദയത്തിലെന്നും ഒരു ദുഃഖമായി ജീവിക്കുന്ന അപരിചിതമായ പല മുഖങ്ങളെയും 1975-ൽ ബിഹാറിൽ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. ഇന്നും ആ ദുരവസ്ഥ തുടരുന്നു. ഒരു ക്രിസ്ത്യൻ മിഷനറി ഫാ.സ്റ്റാൻ സ്വാമി ജാർഖണ്ഡിൽ ആദിവാസികൾക്കായി അവരുടെ സാമൂഹ്യ പരിരക്ഷക്കായി മൂന്ന് പതിറ്റാണ്ടിലധികം ജീവമരണ പോരാട്ടം നടത്തിയത് ഓർമ്മയിൽ വരുന്നു. നാഗരികത, വിദ്യാഭ്യാസം, സമ്പത്തു് തുടങ്ങി പല രംഗങ്ങളിലും പുരോഗതി നേടിയെന്ന് അവകാശപ്പെടുന്ന പല ഇന്ത്യൻ സംസ്ഥാനങ്ങളിലും ജാതിമത ബൂർഷ്വാ വികാസമാണ് നടക്കുന്നത്. അതിൽ നൊമ്പരപ്പെട്ടു കഴിയുന്ന ഒരു ജനതയാണ് ആദിവാസി ദളിതർ. അവർക്കായി ഫാ.സ്റ്റാൻ സ്വാമി “പേഴ്‌സികുട് സോളിഡാരിറ്റി ഫോറം” വഴി നീതിക്കായി പോരാടിക്കൊണ്ടിരിക്കുമ്പോഴാണ് 2020-ഒക്ടോബറിൽ മഹാരാഷ്ട്രയിലെ ഭീമ-കൊറേഗാവ് ലഹള നടത്തിയ മാവോയിസ്റ്റുകളുമായി ബന്ധപ്പെടുത്തി ജയിലിലടച്ചു് പീഡിപ്പിച്ചത്. എൺപത്തിമൂന്ന് വയസ്സും പലവിധ രോഗങ്ങളുള്ള ആ വയോധികന് ജാമ്യം പോലും നിഷേധിച്ചു. 2021-ജൂലായ് അഞ്ചിന് വിചാരണ തടവുകാരനായിരിക്കെ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു. അദ്ദേഹത്തെ പീഡിപ്പിച്ചു കൊന്നതാണെന്നുള്ള ആരോപണവുമുണ്ട്. ഇത്തരത്തിൽ പാവങ്ങൾക്കായി ത്യാഗങ്ങൾ സഹിച്ച, വീരചരമം പ്രാപിച്ച എത്ര പേർ ഭരണ രംഗത്തുണ്ട്?

ആധുനിക സംസ്‌ക്കാരത്തിന്റെ പ്രതിനിധികളായി വരുന്നവർ പൂപ്പലും പായലും കയറി ഇരുണ്ടു കിടക്കുന്ന മണ്ണടിഞ്ഞുകൊണ്ടിരിക്കുന്ന മനുഷ്യർക്ക് അല്ലറ ചില്ലറ ജാതി മത മദ്യ മരുന്നല്ല വേണ്ടത് അതിലുപരി അവരുടെ ജീവിത അസ്തിത്വത്തെ വിലയിരുത്തി സാമ്പത്തികമായ അടിത്തറയുണ്ടാക്കുകയാണ് വേണ്ടത്. ജനാധിപത്യപരമായി പിന്നോക്ക സമുദായത്തിന് അർഹതയുള്ള പദവിയെന്നും, എല്ലാവരേയും ഉൾകൊള്ളുന്ന ഭരണമെന്നും വരച്ചു കാട്ടുമ്പോൾ മനസ്സിൽ നടക്കുന്ന ഒരു മാനസിക പ്രക്രിയയുണ്ടല്ലോ അതാണ് രാഷ്ട്രീയ വാഴ്ചയുടെ നിലനിൽപ്പ്. കഴിഞ്ഞ കാലങ്ങളിൽ ഇങ്ങനെ വരച്ചു തീർത്ത മനോഹര ചിത്രങ്ങളിൽ അതിരറ്റ ആനന്ദത്തിൽ വീർപ്പുമുട്ടി തിരിയിട്ട നെയ്യ് വിളക്കുകൾക്ക് മുന്നിലിരുന്നവരുടെ മുഖത്തു് ഇന്നുള്ളത് ദുഃഖങ്ങളാണ്. അധികാരത്തിൽ വരുന്ന പലരിലും അധികാര ഗർവ്വും അന്ധതയും കാണാറുണ്ട്. പലരുടെയും പ്രവർത്തന ശൈലി നാട്ടുകാരുടെ കണ്ണുകൾ മഞ്ഞളിക്കുന്ന വിധമാണ്. കർത്തവ്യ ബോധമുള്ള ഭരണാധിപന്മാർ പ്രകാശപ്പൊലിമ പരത്തുന്നവരാണ്. ആ പ്രകാശധാര എന്താണ് ആദിവാസി ദളിതരിൽ എത്താത്തത്?

ഇന്ത്യയുടെ പരമോന്നത പദവി അലംങ്കരിക്കുന്ന രാഷ്ട്രപതി പരമപ്രാധാന്യം കൊടുക്കേണ്ടത് ആദിവാസി ദളിദർക്ക് ഐശ്യര്യ പൂർണ്ണമായ ഒരു ജീവിതമാണ്. ആർഷഭാരത സംസ്‌ക്കാരത്തെ നാണം കെടുത്തുന്ന പല ദുഷിച്ച പ്രവർത്തികളും ഈ പാവങ്ങളോട് കാട്ടുന്നത് ലോകം കണ്ടുകൊണ്ടിരിക്കുന്നു. കോടതികളിലെ വകുപ്പ് ഉപവകുപ്പുകൾ പോലെ ഇത്രമാത്രം ജാതി ഉപജാതികളുള്ള ഒരു രാജ്യം മറ്റെങ്ങും കാണില്ല. ഭാരതീയ നവോത്ഥാനത്തിന്റെ അസ്ഥിവാരം തോണ്ടുന്ന ഭൂതകാല വേരുകളെ മുറിച്ചുമാറ്റി വർത്തമാനകാലത്തിന്റെ ചൈതന്യം, മനുഷ്യ ധർമ്മം കാത്തുസംരക്ഷിക്കയാണ് അധികാരത്തിലിരിക്കുന്ന കർമ്മയോഗികൾ ഈ പാവങ്ങളോട് കാട്ടേണ്ടത്. അല്ലാതെ അലങ്കരിച്ച പല്ലക്കിൽ വാദ്യമേളങ്ങളൊരുക്കി ചെണ്ട കൊട്ടിയിട്ടു കാര്യമില്ല. വായനയും സാംസ്‌ക്കാരിക വളർച്ചയില്ലാത്ത സമൂഹത്തിലാണ് മതേതരത്വവും സാമുദായിക മൈത്രിയുമില്ലാത്തത്. ഈ കൂട്ടർ അന്ധവിശ്വാസികളാണ്. മനുഷ്യ മൂല്യമില്ലാത്ത ഇവരുടെ പ്രാർത്ഥനകൾക്ക് എന്ത് മൂല്യമാണുള്ളത്? ഒരു ദൈവവും ആ പ്രാർത്ഥന സ്വീകരിക്കില്ല. ഇവരിലാണ് ജാതിമത ഭൂതങ്ങൾ പെറ്റുപെരുകുന്നത്. സവർണ്ണ സമ്പന്ന വർഗ്ഗത്തിന് മുന്നിൽ ആദിവാസിയും ദളിതനും ഇനിയും ചവിട്ടിമെതിക്കപ്പെടരുത്. ഓരോരുത്തരുടെ അധികാര ആഗ്രഹങ്ങൾ നിറവേറ്റാനായി സർവ്വാധിപത്യ പട്ടം ഇന്നലെകളെ പോലെ ഇന്നും ഉഴുതുമറിച്ചു പോകരുത്. അത് സമ്പന്നരുടെ ഉഴുവുചാലുകളാക്കരുത്. പാവപെട്ട ആദിവാസി – ദളിത – പുരുഷന്മാർ – സ്ത്രീകൾ – പെൺകുട്ടികൾ ഈയാംപാറ്റകളെ പോലെ ചത്തുവീഴരുത്.

കാരൂർ സോമൻ, ലണ്ടൻ.

പി. ടി ഉഷയെ അസഹിഷ്ണതയോടെ കാണുന്നവർ