
തിരുവനന്തപുരം: സി എസ് ഐ ദക്ഷിണ കേരള മഹാ ഇടവക ആസ്ഥാനത്ത് ഇഡി പരിശോധന. കാരക്കോണം മെഡിക്കൽ കോളേജ് അഴിമതിയുമായി ബന്ധപ്പെട്ടാണ് എൻഫോഴ്സ്മെന്റിന്റെ പരിശോധന. ഒരേ സമയം നാലിടങ്ങളില്‍ ആണ് പരിശോധന നടക്കുന്നത്. എൽഎംഎസ്, കാരക്കോണം മെഡിക്കൽ കോളേജ്, സെക്രട്ടറി ടി. പി. പ്രവീണിന്റെ വീട്, കോളേജ് ഡയറക്ടർ ബെന്നറ്റ് എബ്രഹാമിന്റ് വീട് എന്നീടങ്ങളിലാണ് പരിശോധന.
കള്ളപ്പണം വെളുപ്പിക്കലിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബിഷപ്പ് ധർമരാജ് റസാലം ഉൾപ്പെടെയുള്ളവർക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. ബിഷപ്പ് ഉൾപ്പെടെ മൂന്ന് പേർക്കെതിരെയാണ് കേസെടുത്തത്. ഹൈക്കോടതി നിർദേശപ്രകാരമായിരുന്നു നടപടി. സി എസ് ഐ സഭയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് മുന്‍പ് തന്നെ വലിയ രീതിയിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. കാരക്കോണം മെഡിക്കല്‍ കോളജിലെ തലവരിപ്പണവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസും രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പുതിയ പരിശോധന.