ലോക സമാധാന ഡോക്യുമെന്ററിയുമായി മലയാളി സഹോദരിമാർ.

ലോക സമാധാന ഡോക്യുമെന്ററിയുമായി മലയാളി സഹോദരിമാർ.

ബ്രിസ്ബെയ്ൻ: ദേശീയ ഗാനങ്ങളെ ഉണർത്തുപാട്ടാക്കി ലോകസമാധാന ദൗത്യങ്ങളിൽ പങ്കാളികളായ മലയാളി സഹോദരിമാർ പുതിയ റെക്കോർഡിന് ഒരുങ്ങുന്നു. മുഴുവൻ ഭൂഖണ്ഡങ്ങളിൽ നിന്നുമുള്ള വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന 75-ൽ ഏറെ രാജ്യക്കാരെ ഉൾപ്പെടുത്തിയുള്ള ‘സല്യൂട്ട് ദ് നേഷൻസ്’ എന്ന ഡോക്യുമെന്ററി ചിത്രമൊരുക്കിയാണ് ബ്രിസ്‌ബെയ്ൻ സഹോദരിമാർ എന്നറിയപ്പെടുന്ന ചേർത്തല തൈക്കാട്ടുശേരി കണിയാംപറമ്പിൽ കുടുംബാംഗങ്ങളായ ആഗ്‌നസ് ജോയിയും തെരേസ ജോയിയും പുതിയ റെക്കോർഡിന് തയാറെടുക്കുന്നത്.

രചന ഇവരാണെങ്കിൽ നിർമാണവും സംവിധാനവും നിർവഹിച്ചത് ഇവരുടെ പിതാവ് ഓസ്‌ട്രേലിയൻ ചലച്ചിത്ര രംഗത്തെ നടനും സംവിധായകനുമായ ജോയ്.കെ.മാത്യു. 28ന് ഉച്ചയ്ക്ക് 1.00ന് ബ്രിസ്ബെയ്നിലെ സെന്റ്.ജോൺസ് കത്തീഡ്രൽ ഹാളിലാണ് ലോക ദേശീയ ഗാനങ്ങളും ലോക സമാധാനവും ആസ്പദമാക്കി നിർമിച്ച അപൂർവതകളേറെയുള്ള ഡോക്യുമെന്ററി ചിത്രത്തിന്റെ പ്രദർശനം. അന്നു തന്നെ ലോക റെക്കോർഡിനും പരിഗണിക്കും.

യുണൈറ്റഡ് നേഷൻസ് അസോസിയേഷൻ ഓസ്ട്രേലിയ ക്വീൻസ് ലാൻഡ് ഡിവിഷൻ, പീസ് കീപ്പേഴ്സ് ഓസ്ട്രേലിയ, എർത് ചാർട്ടർ ഓസ്ട്രേലിയ, ആഗ്‌നസ് ആൻഡ് തെരേസ പീസ് ഫൗണ്ടേഷൻ എന്നിവ ചേർന്നാണ് പ്രദർശനം ഒരുക്കുന്നത്. 195 രാജ്യങ്ങളുടെ ദേശീയഗാനം മനപാഠമാക്കി ആലപിച്ചാണ് കഴിഞ്ഞവർഷം ലോക സമാധാന ദിനമായ സെപ്റ്റംബർ 21-ന് ഇരുവരും പുതിയ ലോക റെക്കോർഡ് സ്ഥാപിച്ചത്.

ഓസ്ട്രേലിയയിൽ നഴ്സ് ആയ ജാക്വിലിൻ ആണ് അമ്മ. ആഗ്നസ് ജോയ് ക്വീൻസ് ലാൻഡ് യൂണിവേഴ്സിറ്റി ഓഫ് ടെക്‌നോളജിയിൽ ബാച്ചിലർ ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി വിദ്യാർഥിനിയും തെരേസ ഗ്രിഫിത് യൂണിവേഴ്സിറ്റിയിൽ ക്രിമിനോളജി ആൻഡ് സൈക്കോളജി വിദ്യാർഥിയുമാണ്.