സ്വപ്നയുടെ രഹസ്യമൊഴി മജിസ്ട്രേട്ട് കോടതി ഇഡി -യ്ക്ക് കൈമാറി; കേരളമാകെ സംഘര്‍ഷഭരിതം.

സ്വപ്നയുടെ രഹസ്യമൊഴി മജിസ്ട്രേട്ട് കോടതി ഇഡി -യ്ക്ക് കൈമാറി; കേരളമാകെ സംഘര്‍ഷഭരിതം.

തിരുവനന്തപുരം: നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് മജിസ്ട്രേട്ട് കോടതി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇഡി) കൈമാറി. മൊഴിപ്പകർപ്പു പരിശോധിച്ചശേഷം തുടർനടപടി സ്വീകരിക്കുമെന്ന് ഇഡി ഉദ്യോഗസ്ഥർ അറിയിച്ചു. മുഖ്യമന്ത്രിയും കുടുംബവും കൂട്ടാളികളും യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ടു ദേശവിരുദ്ധപ്രവർത്തനങ്ങൾ നടത്തിയെന്ന ആരോപണം സ്വപ്ന ആവർത്തിച്ചു. തനിക്കെതിരെ എടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് ആരോപണം.

ഇന്നലെ മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിലെ പ്രതിഷേധത്തിനെതിരേ ഇടതുസംഘടനകളും, കെ.പി.സി.സി. ഓഫീസാക്രമണത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ സംഘടനകളും തെരുവിലിറങ്ങിയതോടെ തിങ്കളാഴ്ച വൈകീട്ട് മുതല്‍ സംസ്ഥാനത്തിന്റെ പലഭാഗങ്ങളും സംഘര്‍ഷഭരിതം. പയ്യന്നൂര്‍ കോണ്‍ഗ്രസ് ഓഫീസിനുപുറത്ത് സ്ഥാപിച്ച ഗാന്ധിപ്രതിമയുടെ തല അക്രമികള്‍ വെട്ടിമാറ്റി. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്റെ ഭാര്യവീടിനുനേരേ ആക്രമണമുണ്ടായി.

തിരുവനന്തപുരം നഗരം തിങ്കളാഴ്ച രാത്രിയും സംഘര്‍ഷഭൂമിയായി. ഇന്ദിരാഭവന്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് രാത്രി വി.കെ. പ്രശാന്ത് എം.എല്‍.എ.യുടെ ഓഫീസിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് ലാത്തിച്ചാര്‍ജില്‍ കലാശിച്ചു. സംഭവമറിഞ്ഞ് സി.പി.എം. പ്രവര്‍ത്തകര്‍ ഇന്ദിരാഭവനിലേക്കു മാര്‍ച്ച് നടത്തി.

കണ്ണൂരില്‍ ഡി.സി.സി. ഓഫീസിനും കോണ്‍ഗ്രസ് ഓഫീസുകള്‍ക്കുംനേരെ വ്യാപക അക്രമം ഉണ്ടായി. പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റു. പയ്യന്നൂര്‍ കോണ്‍ഗ്രസ് ഓഫീസിനുപുറത്ത് സ്ഥാപിച്ച ഗാന്ധിപ്രതിമയുടെ തല അക്രമികള്‍ വെട്ടിമാറ്റി. ഓഫീസിലെ ഫര്‍ണിച്ചറുകളും നശിപ്പിച്ചു. മുഖംമൂടിയണിഞ്ഞസംഘം വാതില്‍ തകര്‍ത്താണ് അകത്തുകടന്നത്. ഇരിട്ടിയില്‍ പ്രതിഷേധപ്രകടനം നടത്തിയ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരും പന്തംകൊളുത്തി പ്രകടനം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഏറ്റുമുട്ടി. കോഴിക്കോട് കടലുണ്ടി മണ്ണൂര്‍ വളവില്‍ സി.പി.എം. – കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം നടന്നു. പുതിയങ്ങാടി എടക്കാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിനുനേരെയും ആക്രമണമുണ്ടായി.

മുഖ്യമന്ത്രി പിണറായി വിജയനുനേരെ തിങ്കളാഴ്ച കണ്ണൂരില്‍ ആറിടത്ത് പ്രതിപക്ഷ പ്രതിഷേധമുണ്ടായി. കരിങ്കൊടി കാണിച്ചു. ഗസ്റ്റ്ഹൗസിനുമുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരെ ജലപീരങ്കി പ്രയോഗിച്ചു. തളിപ്പറമ്പില്‍ യൂത്ത് ലീഗ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുനേരെ രണ്ടുതവണ ലാത്തിച്ചാര്‍ജുണ്ടായി.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കറുത്ത വസ്ത്രത്തിൽ പ്രതിഷേധവുമായി എത്തിയ മഹിളാ മോർച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. കറുത്തസാരി ഉടുത്തായിരുന്നു പ്രതിഷേധം. ക്ലിഫ് ഹൗസിന് മുന്നിൽ മുഖ്യമന്ത്രിക്ക് എതിരെ മുദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ച പ്രവർത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.

ഇന്നലെ വിമാനത്തിൽ പ്രതിഷേധം നടത്തിയ കോൺഗ്രസ് നേതാക്കൾക്ക് എതിരെ കേസ് എടുത്തു. രാഷ്‌ട്രീയവൈരാഗ്യം കൊണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാൻ ശ്രമിച്ചുവെന്ന് ആണ് എഫ്‌ഐആർ. വലിയതുറ പോലീസാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. വധശ്രമത്തിനുള്ള വകുപ്പുകൾക്ക് പുറമെ ഔദ്യോഗിക ഡ്യൂട്ടി തടസ്സപ്പെടുത്തൽ, എയർക്രാഫ്റ്റ് സുരക്ഷയെ ബാധിക്കുന്ന അതിക്രമം എന്നീ വകുപ്പുകൾ കൂടി ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

വിമാനത്തിൽ യുഡിഎഫ് പ്രവർത്തകരെ തള്ളിയിട്ടു ചവിട്ടിക്കൂട്ടിയ ഇ.പി. ജയരാജനെതിരെയും 100 കിലോമീറ്റർ വേഗത്തിൽ പോകുന്ന കാറിൽ നിന്ന് വടി ഉപയോഗിച്ചു കോൺഗ്രസ് പ്രവർത്തരെ അടിച്ചു കൊല്ലാൻ ശ്രമിച്ചവർക്കും എതിരെയാണ് കേസെടുക്കേണ്ടതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഹിറ്റ്ലറിനെക്കാൾ, മോദിയെക്കാൾ, യോഗി ആദിത്യനാഥിനെക്കാൾ വലിയ ഏകാധിപതി ചമയുകയാണ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെന്നും അദ്ദേഹം പറഞ്ഞു.

വിമാനത്തിലെ പ്രതിഷേധത്തില്‍ അക്രമം നടത്തിയത് ഇ.പി ജയരാജനെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. വധശ്രമത്തിനു കേസെടുക്കേണ്ടത് ജയരാജനെതിരെയാണെന്നും ‌അക്രമം നടത്തുന്നത് സിപിഎമ്മാണെന്നും ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധങ്ങളുടെ പേരിൽ കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ഉണ്ടായ ആക്രമണങ്ങളെ കെ.മുരളീധരൻ രൂക്ഷമായി വിമർശിച്ചു. ‘വിമാനത്തിൽ കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം മുഴക്കി പ്രതിഷേധിക്കുക മാത്രമാണ് ചെയ്തത്. വാക്കുകളിലൂടെ മാത്രമുള്ള പ്രതിഷേധം തെറ്റല്ല. പ്രതിഷേധിച്ചവരെ വിമാനത്തിനുള്ളിൽ വച്ച് ഇ.പി.ജയരാജൻ ചവിട്ടി. ഇ.പിക്കെതിരെ കേസെടുക്കണം. കേരള പോലീസ് കേസ് എടുക്കില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും, സിവിൽ ഏവിയേഷനും പരാതി നൽകുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും. ഗാന്ധി പ്രതിമയുടെ തല സിപിഎമ്മുകാർ വെട്ടി. മുഖ്യമന്ത്രിയെ സംരക്ഷിക്കും എന്നാണ് സിപിഎം പറയുന്നത്. ആഭ്യന്തര വകുപ്പ് പരാജയമാണെന്നതിന്റെ തെളിവാണിത്. വിമാനത്തിനുള്ളിൽ പ്രതിഷേധിച്ചവർ ജനവികാരമാണ് കാണിച്ചത്. അവരെ പാർട്ടി സംരക്ഷിക്കും. തെരുവിൽ നേരിട്ടാൽ തിരിച്ചും നേരിടും. ഇനി ഗാന്ധിസം പറഞ്ഞിട്ട് കാര്യമില്ല. പോലീസിൽ പരാതിപ്പെടാനുമില്ല. അടിച്ചാൽ ഇനി തിരിച്ചടിയാണെന്നും’ കെ.മുരളീധരൻ പറഞ്ഞു.

 

സ്വർണക്കടത്തു കേസ്: കേരളമാകെ പ്രതിഷേധം; മുഖ്യമന്ത്രിയ്‌ക്ക് അകമ്പടിയായി പോലീസ് പട; കറുപ്പ് നിരോധനത്തിൽ ട്രോളുകളുമായി സമൂഹമാധ്യമങ്ങൾ.