രാഹുൽ ഗാന്ധിയെ ഇഡി ഇന്നലെ 10 മണിക്കൂർ ചോദ്യംചെയ്തു, ഇന്നും ചോദ്യംചെയ്യുന്നു; എഐസിസി ആസ്ഥാനത്ത് സംഘർഷം.

രാഹുൽ ഗാന്ധിയെ ഇഡി ഇന്നലെ 10 മണിക്കൂർ ചോദ്യംചെയ്തു, ഇന്നും ചോദ്യംചെയ്യുന്നു; എഐസിസി ആസ്ഥാനത്ത് സംഘർഷം.

ന്യൂ ഡൽഹി: നാഷനൽ ഹെറൾഡ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഓഫിസിൽ രാഹുൽ ഗാന്ധിയെ 10 മണിക്കൂറിലേറെ ഇന്നലെ ചോദ്യം ചെയ്തു. ഇന്നും ചോദ്യം ചെയ്യലിനായി രാഹുൽ ഇഡി ഓഫിസിൽ ഹാജരായി. മുതിർന്ന നേതാക്കളോടൊപ്പമാണ് രാഹുൽ ഗാന്ധി ഇ ഡി ഓഫീസിലെത്തിയത്. ചോദ്യം ചെയ്യലിന് മുന്നോടിയായി ഇഡി ഓഫീസിന് ചുറ്റും വൻ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരുന്നത്.

അസിസ്റ്റന്റ് ഡയറക്ടർമാരും ഒരു ഡെപ്യൂട്ടി ഡയറക്ടറും അടങ്ങുന്ന സംഘമാണ് രാഹുലിനെ ഇന്നലെ ചോദ്യം ചെയ്തത്. രാജ്യത്തിന് അകത്തും പുറത്തുമുള്ള രാഹുൽ ഗാന്ധിയുടെ ആസ്തികളെ കുറിച്ചും ബാങ്ക് അക്കൗണ്ടുകളെ കുറിച്ചുമാണ് ആദ്യ ഘട്ടത്തിൽ ഇഡി ചോദിച്ചതെന്നാണ് വിവരം.

രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യാൻ കൊണ്ടുപോയതിനെ തുടർന്ന് ഡൽഹി എഐസിസി ആസ്ഥാനത്ത് ഇന്നലെ സംഘർഷം ഉണ്ടായി. എഐസിസി ആസ്ഥാനത്ത് രാഹുലിനൊപ്പം പ്രകടനവുമായി പോകാനെത്തിയ നിരവധി പ്രവർത്തകരെയും കൊടിക്കുന്നിൽ സുരേഷ് എംപിയെയും രൺദീപ് സുർജേവാലയെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഡൽഹി മുൻ ആരോഗ്യമന്ത്രി കിരൺ വാലിയയും പൊലീസ് കാസ്റ്റഡിയിലാണ്. രാവിലെ ഇഡി ഓഫിസിലേക്കു രാഹുലിനെ അനുഗമിച്ച മുഖ്യമന്ത്രിമാർ അടക്കമുള്ള കോൺഗ്രസ് നേതാക്കൾക്കു പൊലീസ് –സിആർപിഎഫ് സേനാംഗങ്ങളുമായുള്ള സംഘർഷത്തിൽ മർദനമേറ്റു. പി.ചിദംബരത്തിന്റെ ഇടതു വാരിയെല്ലിനു പൊട്ടലേറ്റു. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനെ അറസ്റ്റ് ചെയ്തുനീക്കി. ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് സ്റ്റേഷനിൽ ചികിത്സ നൽകി. എന്നാൽ കോൺഗ്രസ് നേതാക്കളെ മർദ്ദിച്ചുവെന്ന ആരോപണം ദില്ലി പോലീസ് തള്ളി. കെ.സി വേണുഗോപാൽ അടക്കം ഒരു എംപിയെയും കൈയ്യേറ്റം ചെയ്തിട്ടില്ലെന്ന് സ്പെഷ്യൽ കമ്മിഷ്ണർ ലോ ആൻഡ് ഓർഡർ സാഗർ പ്രീത് ഹൂഡ വ്യക്തമാക്കി. നിയമലംഘനമുണ്ടായപ്പോൾ സംഭവിച്ച സ്വാഭാവിക നടപടിമാത്രമാണ്. ആരെയും കാരണമില്ലാതെ കസ്റ്റഡിയിലെടുത്തിട്ടില്ല. വൈദ്യസഹായം നിഷേധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

2013-ൽ ബിജെപി രാജ്യസഭാ എംപി സുബ്രഹ്മണ്യൻ സ്വാമി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സോണിയാ ഗാന്ധിക്കും, രാഹുൽ ഗാന്ധിക്കും എതിരെ കേസെടുത്തത്. നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ നടത്തിപ്പുകാരായ അസോസിയേറ്റഡ് ജേണല്‍ ലിമിറ്റഡിന്റെ (എ.ജെ.എല്‍.) ബാധ്യതകളും ഓഹരികളും സോണിയയും രാഹുലും ഡയറക്ടര്‍മാരായ യങ് ഇന്ത്യ എന്ന കമ്പനി ഏറ്റെടുത്തതില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നാണ് ഇ.ഡി. അന്വേഷിക്കുന്നത്. കേസിൽ 2015 ഡിസംബറിൽ 50,000 രൂപ വീതമുള്ള വ്യക്തിഗത ബോണ്ടിന്റെയും ആൾജാമ്യത്തിന്റെയും അടിസ്ഥാനത്തിൽ ഡൽഹി ഹൈക്കോടതി ഇരുവർക്കും ജാമ്യം അനുവദിച്ചിരുന്നു.

കള്ളപ്പണക്കേസിൽ രാഹുൽ ഗാന്ധിയ്‌ക്കും സോണിയ ഗാന്ധിയ്‌ക്കും കർശന നടപടി നേരിടേണ്ടി വരുമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു. വിദേശ വിനിമയവുമായി ബന്ധപ്പെട്ട് ഗുരുതരമായ കുറ്റകൃത്യമാണ് ഇവർ ചെയ്തിരിക്കുന്നത്. രാജ്യത്ത് നിലനിൽക്കുന്ന നിയമ പ്രകാരം സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും 7 വർഷം വരെ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരും എന്നും സുബ്രഹ്മണ്യൻ സ്വാമി വ്യക്തമാക്കി.

കേസില്‍ ഈമാസം 23-ന് ഹാജരാകാനാണ് സോണിയക്ക് സമന്‍സയച്ചിരിക്കുന്നത്.