സ്വർണക്കടത്തു കേസ്: കേരളമാകെ പ്രതിഷേധം; മുഖ്യമന്ത്രിയ്‌ക്ക് അകമ്പടിയായി പോലീസ് പട; കറുപ്പ് നിരോധനത്തിൽ ട്രോളുകളുമായി സമൂഹമാധ്യമങ്ങൾ.

സ്വർണക്കടത്തു കേസ്: കേരളമാകെ പ്രതിഷേധം; മുഖ്യമന്ത്രിയ്‌ക്ക് അകമ്പടിയായി പോലീസ് പട; കറുപ്പ് നിരോധനത്തിൽ ട്രോളുകളുമായി സമൂഹമാധ്യമങ്ങൾ.

തിരുവനന്തപുരം: നയതന്ത്ര സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ വന്നതോട് കൂടി മുഖ്യമന്ത്രിയ്‌ക്കും സർക്കാരിനുമെതിരെയുള്ള പ്രതിഷേധങ്ങൾ ശക്തമായിരിക്കുകയാണ്. ഭീഷണിയുണ്ടെന്ന ന്യായം നിരത്തി പോലീസ് പട തന്നെയാണ് മുഖ്യമന്ത്രിയ്‌ക്ക് അകമ്പടി നൽകുന്നത്.

മുഖ്യമന്ത്രിക്ക് നേരെ ശക്തമായ പ്രതിഷേധം ആണ് കേരളത്തിലുടനീളം. എറണാകുളത്ത് നിന്ന് തൃശൂരിലേക്ക് വരുന്ന വഴിയിൽ പുതുക്കാട് വെച്ച് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു. മുഖ്യമന്ത്രി ഇന്നലെ രാത്രി തങ്ങിയ തൃശൂർ രാമനിലയത്തിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി. മാർച്ച് സാഹിത്യ അക്കാദമിക്ക് മുന്നിൽ പോലീസ് തടഞ്ഞു. പ്രവർത്തകർ ചേർന്ന് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. മുഖ്യമന്ത്രി കടന്നുപോകുന്ന വഴികളിലെല്ലാം പോലീസ് നേരിട്ടാണു ഗതാഗതം നിയന്ത്രിക്കുന്നത്. പെട്ടെന്നുണ്ടായ ഗതാഗത നിയന്ത്രണം കാരണം കൊച്ചിയിൽ വലിയ ഗതാഗതകുരുക്കാണ് അനുഭവപ്പെട്ടത്. മുഖ്യമന്ത്രിയുടെ അകമ്പടി വാഹനങ്ങൾ വൺവേ തെറ്റിച്ച് നിർത്തിയിട്ടതിനെ തുടർന്ന് കലൂരിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. കലൂരിൽ ഒരു സ്വകാര്യ പരിപാടിക്ക് എത്തിയതാണ് മുഖ്യമന്ത്രി.

മുഖ്യമന്ത്രി പിണറായി വിജയന് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി കോട്ടയം നഗരത്തിലെ റോഡുകൾ പോലീസ് പൂർണമായും അടച്ചതോടെ ജനങ്ങൾ പെരുവഴിയിലായി. നഗരത്തിലെ റോഡുകൾ മുഴുവൻ ഒരു മുന്നറിയിപ്പുമില്ലാതെയാണ് ഇന്നലെ രാവിലെ പോലീസ് അടച്ചത്. മുഖ്യമന്ത്രി തങ്ങിയ ഗസ്റ്റ് ഹൗസിന്റെയും പരിപാടി നടന്ന മാമൻ മാപ്പിള ഹാളിന്റെയും പരിസര പ്രദേശങ്ങളിലായിരുന്നു വൻസുരക്ഷാ സന്നാഹം. നാട്ടകം ഗസ്റ്റ് ഹൗസിനുള്ളിലേക്ക് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്കും, മുതിർന്ന സിപിഎം നേതാക്കൾക്കും മാത്രമായിരുന്നു പ്രവേശനം. റോഡരികിൽ പാർക്ക് ചെയ്ത വാഹനങ്ങൾ അവിടെ നിന്നും മാറ്റാനും പോലീസ് നിർദ്ദേശം നൽകി. മുഖ്യമന്ത്രി പോയതിന് ശേഷം പോയാൽ മതിയെന്ന് പറഞ്ഞ് ആളുകളെ പ്രദേശത്ത് തടഞ്ഞുവെച്ചിരിക്കുകയായിരുന്നു.

മുഖ്യമന്ത്രിയുടെ പരിപാടികളിൽ കറുത്ത വസ്ത്രങ്ങൾക്കും എന്തിനേറെ കറുത്ത മാസ്‌കിന് വരെ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. കറുത്ത മാസ്‌കണിഞ്ഞെത്തിയ മാധ്യമ പ്രവർത്തകയെ നിർബന്ധപൂർവ്വം ഊരിമാറ്റിച്ചു എന്ന വാർത്തകൾ വന്നു. കറുത്ത വസ്ത്രങ്ങളണിഞ്ഞെത്തിയ മെട്രോ യാത്രക്കാരായ ട്രാൻസ്‌ജെൻഡർ വനിതളെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പ്രതിഷേധങ്ങൾ കടുത്തതോടെ കറുത്ത വസ്തുക്കളോട് തന്നെ കേരളത്തിലെ മുഖ്യമന്ത്രിയ്‌ക്ക് ഭയമായെന്നാണ് സമൂഹാമാധ്യമങ്ങളിലെ പരിഹാസം. സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട ചില ട്രോളുകളുൾ.

സ്വർണക്കടത്തു കേസ്: കേരളമാകെ പ്രതിഷേധം; മുഖ്യമന്ത്രിയ്‌ക്ക് അകമ്പടിയായി പോലീസ് പട; കറുപ്പ് നിരോധനത്തിൽ ട്രോളുകളുമായി സമൂഹമാധ്യമങ്ങൾ.

ഭീഷണിയുണ്ടെന്ന പേരിൽ പോലീസ് നടത്തുന്ന അതീവ സുരക്ഷാ നാടകങ്ങളിൽ ബുദ്ധിമുട്ടുകയാണ് സാധരണക്കാർ. അതീവ സുരക്ഷയുടെ ഭാഗമായി നാൽപ്പതംഗ സംഘമാണ് മുഖ്യമന്ത്രിയെ അനുഗമിക്കുന്നത്. നിലവിലുള്ള സെഡ് പ്ലസ് സുരക്ഷയ്ക്കു പുറമേ വാഹന വ്യൂഹത്തിൽ 7 ആയുധധാരികൾ അടക്കം 25 കമാൻഡോകളുടെ ദ്രുതകർമസേനയും, ഓരോ റൂട്ടിലും പ്രാദേശിക സിഐയുടെ നേതൃത്വത്തിൽ മുൻകൂർ റോഡ് ക്ലിയറിങ് പാർട്ടിയും ഏർപ്പെടുത്തിയിട്ടുണ്ട്.

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് സംസ്ഥാനത്തുടനീളം കലക്ടറേറ്റ് മാർച്ച് നടത്തി. ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെ നടന്ന മുഖ്യമന്ത്രി എന്തിനാണ് ജനങ്ങളെ ഭയക്കുന്നത് എന്ന ചോദ്യവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രി എന്തിനാണ് ഇത്രയും വലിയ സുരക്ഷയൊരുക്കി പോകുന്നത് എന്ന് സതീശൻ ചോദിച്ചു. ഉമ്മൻ ചാണ്ടിയെ സിപിഎമ്മുകാർ കല്ലെറിഞ്ഞത് പോലെ യുഡിഎഫുകാർ മുഖ്യമന്ത്രിയെ കല്ലെറിയില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സർക്കാർ ഭയപ്പെടുന്നത് എന്തിനേയാണ്. എന്തിനാണ് മുഖ്യമന്ത്രി ഇത്രയും ഭയപ്പെടുന്നത്. ഊരിപ്പിടിച്ച വാളുകൾക്കിടയിൽ നടന്ന ആൾ എന്തിനാണ് ഇത്രയും ഭയപ്പെടുന്നതെന്നും പ്രതിപക്ഷ നേതാവ് ആരാഞ്ഞു.

രഹസ്യമൊഴിയിൽ ഉറച്ച് നിൽക്കുന്നുവെന്ന് സ്വപ്‌ന സുരേഷ് ഇന്ന് വീണ്ടും പത്രലേഖകരോട് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട മുഴുവൻ പേരെയും പുറത്തുകൊണ്ടുവരാനാണ് തന്റെ ശ്രമമെന്നും അതിനാലാണ് മൊഴിയിൽ ഉറച്ച് നിൽക്കുന്നതെന്നും സ്വപ്‌ന പറഞ്ഞു. വൈകീട്ട് പാലക്കാട് വസതിയിൽ വാർത്താ സമ്മേളനത്തിലാണ് സ്വപ്‌ന ഇക്കാര്യം പറഞ്ഞത്. വാർത്താ സമ്മേളനത്തിനിടെ അപസ്മാരമുണ്ടായ സ്വപ്‌ന മാധ്യമപ്രവർത്തകർക്ക് മുൻപിൽ കുഴഞ്ഞ് വീണു. തന്റെ വക്കീലിനെതിരെ കേസ് എടുത്ത പശ്ചാത്തലത്തിലാണ് സ്വപ്‌ന ഇന്നലെ വൈകി മാധ്യമ പ്രവർത്തകരെ കണ്ടത്. ഒന്നിനു പുറകെ ഒന്നായി തന്നെ വേട്ടയാടുകയാണെന്ന് പറഞ്ഞ് വികാരാധീനയായാണ് അവർ മാധ്യമങ്ങളെ കണ്ടത്. ഷാജ് കിരൺ പറഞ്ഞത് ശരിയാണെന്ന് വീണ്ടും തെളിയുകയാണെന്ന് സ്വപ്‌ന ചൂണ്ടിക്കാട്ടി. അഭിഭാഷകനെതിരെ കേസ് എടുക്കുമെന്ന് നേരത്തെ തന്നെ ഷാജ് കിരണിന്റെ മുന്നറിയിപ്പുണ്ടായിരുന്നു.

സ്വപ്‌നയുടെ അഭിഭാഷകനെതിരെ കേസെടുത്തിരുന്നു. ഹൈക്കോടതി അഭിഭാഷകൻ ആർ കൃഷ്ണരാജിനെതിരെയാണ് പോലീസ് കേസെടുത്തത്. മതനിന്ദ ആരോപിച്ചാണ് കേസ്. 295 എ പ്രകാരമാണ് കേസ് എടുത്തത്. ജാമ്യമില്ലാ വകുപ്പാണിത്. മതസ്പർധയുണ്ടാക്കുന്ന വിധം അഭിഭാഷകൻ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടു എന്ന് തൃശൂർ സ്വദേശിയും അഭിഭാഷകനുമായ വി ആർ അനൂപ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. കൃഷ്ണരാജിന്റെ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളടക്കം പരിശോധിക്കുന്നുണ്ടൊന്നാണ് വിവരം. കൊച്ചി സെൻട്രൽ പോലീസാണ് കേസെടുത്തത്.

തന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം നടത്തുന്ന പ്രതിപക്ഷ പാർട്ടികൾക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അവര് ഏത് തരത്തിലുളള പിപ്പിടി കാട്ടിയാലും അതൊന്നും ഇങ്ങോട്ട് ഏശില്ല കേട്ടോ. ഞങ്ങൾക്ക് ജനങ്ങളെ പൂർണ വിശ്വാസമുണ്ട്. പരിഹാസ്യമായ നിലപാട് എടുത്ത് പോകുമ്പോൾ അത് തിരിച്ചറിയാൻ ജനങ്ങൾക്ക് കഴിയുമെന്നുമായിരുന്നു പിണറായിയുടെ വാക്കുകൾ.

മുഖ്യമന്ത്രിക്ക് ബിലീവേഴ്‌സ് ചർച്ചുമായുള്ള ബന്ധം അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും അമേരിക്കയിൽ നിക്ഷേപം ഉണ്ടെന്നും അത് വെളുപ്പിക്കുന്നത് ബിലീവേഴ്‌സ് ചർച്ചാണ് എന്നുമുളള വാർത്ത പുറത്തുവന്നിരുന്നു. ബിലീവേഴ്‌സ് ചർച്ചിനെതിരെ കളളപ്പണം വെളുപ്പിക്കൽ കേസ് നിലനിൽക്കുന്നുണ്ട്. ബിലീവേഴ്‌സ് ചർച്ചിന് വേണ്ടി സർക്കാർ നേരത്തെയും നിയമവിരുദ്ധമായ പ്രവൃത്തി ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിക്ക് ബിലീവേഴ്‌സ് ചർച്ചുമായി ബന്ധമുണ്ട്. ഇടനിലക്കാരനായ ഷാജ് കിരൺ ബിലീവേഴ്‌സ് ചർച്ചിന്റെ ആളാണെന്ന് പറഞ്ഞാണ് രംഗത്തെത്തിയിരിക്കുന്നത്. കാര്യങ്ങൾ ആ വഴിക്കാണ് പോകുന്നത് എന്നും സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് പങ്കുള്ളതു കൊണ്ടാണ് ഈ പരിഭ്രാന്തിയെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു. മടിയിൽ കനമുണ്ടെന്ന് തോന്നിക്കുന്ന രീതിയിലാണ് പിണറായിയുടെ പെരുമാറ്റം. ഭയമില്ലെങ്കിൽ പ്രധാനമന്ത്രിയേക്കാൾ സുരക്ഷയൊരുക്കുന്നത് എന്തിനെന്നും അദ്ദേഹം ചോദിച്ചു. കേസിൽ കസ്റ്റംസ് അന്വേഷണം പുരോഗമിക്കുകയാണ്. കോൺസുലേറ്റ് ജനറലിലെ വിദേശ പൗരന്മാരെ ചോദ്യം ചെയ്യാനുള്ള ശ്രമവും തുടരുന്നുണ്ട്. വിദേശ പൗരൻമാരെ ചോദ്യം ചെയ്യാനായില്ല. ശിവശങ്കർ പ്രതിയായിട്ടും സർക്കാർ തിരിച്ചെടുത്തു. കേസ് ഒത്തുതീർപ്പാക്കുകയാണെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം ശരിയല്ല എന്നും വി മുരളീധരൻ പറഞ്ഞു.

അതിനിടെ നയതന്ത്ര സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ദൂതനായി സ്വപ്നയെ സ്വാധീനിക്കാൻ ശ്രമിച്ച ഷാജ് കിരണും സുഹൃത്തും ബിസിനസ് പങ്കാളിയുമായ ഇബ്രാഹിമും കേരളം വിട്ടു. സ്വപ്‌നയുടെ വെളിപ്പെടുത്തൽ മുഖ്യമന്ത്രിയെയും സർക്കാരിനെയും പ്രതികൂട്ടിലാക്കിയതിന് പിന്നാലെയാണ് ഇരുവരും കേരളം വിട്ടത്. ഇവരെ മാറ്റി നിർത്തിയതാണെന്നും സംശയം ഉയരുന്നുണ്ട്. ഇന്നലെ ഷാജ് കിരൺ സ്വാധീനിക്കാനും സമ്മർദ്ദത്തിലാക്കാനും ശ്രമിക്കുന്നതിന്റെ ഓഡിയോ സ്വപ്‌ന പുറത്തുവിട്ടിരുന്നു. നേരത്തെ ഉന്നയിച്ച ആരോപണങ്ങളെ ശരിവെക്കുന്നതായിരുന്നു ഓഡിയോയിലെ സംഭാഷണങ്ങൾ. ഫോണിൽ റെക്കോഡ് ചെയ്ത സംഭാഷണങ്ങളാണ് പുറത്തുവിട്ടത്. ഇരുവരുടെയും പെട്ടെന്നുളള അപ്രത്യക്ഷമാകൽ സ്വർണക്കടത്ത് കേസിലെ ദുരൂഹത വീണ്ടും ശക്തമാക്കുകയാണ്.

സ്വപ്നയുടെ വെളിപ്പെടുത്തൽ; സ്വർണ്ണ കടത്തു കേസ് വീണ്ടും ചർച്ചയാകുന്നു.