സ്വപ്നയുടെ വെളിപ്പെടുത്തൽ; സ്വർണ്ണ കടത്തു കേസ് വീണ്ടും ചർച്ചയാകുന്നു.

തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്റെ നിർണായക വെളിപ്പെടുത്തലിൽ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും വെട്ടിലായതോടെ സംസ്ഥാന ഏജൻസികളെ ഉപയോഗിച്ച് അന്വേഷണം നടത്താൻ പുതിയ നീക്കവുമായി സർക്കാർ. ഇന്ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ ഡിജിപിയുമായും എഡിജിപിയുമായും ചർച്ച നടത്തി. ഇതിന് പിന്നാലെ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ, സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നിലുള്ള ഗൂഢാലോചന സർക്കാർ അന്വേഷിക്കുമെന്ന് അറിയിച്ചിരുന്നു. കെടി ജലീൽ സ്വപ്‌നയ്‌ക്കെതിരെ പോലീസിൽ പരാതി നൽകുകയും ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആരോപിക്കുകയും ചെയ്തു. സംഭവത്തിൽ പിസി ജോർജിന്റെ ഉൾപ്പെടെ പങ്ക് അന്വേഷിക്കണമെന്നാണ് കെടി ജലീൽ ആവശ്യപ്പെട്ടത്.

സ്വപ്ന സുരേഷും മറ്റ് സ്റ്റാഫുകളും താമസിക്കുന്ന ബിൽടെക് അവന്യൂ എന്ന ഫ്ളാറ്റിൽ നിന്ന് രാവിലെ സരിത്തിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയി. രാവിലെ സ്വപ്‌ന മുഖ്യമന്ത്രിക്കെതിരായ ആരോപണത്തിൽ ഉറച്ചുനിന്ന് വാർത്താസമ്മേളനം നടത്തിയതിന് പിന്നാലെയാണ് സരിത്തിനെ തട്ടിക്കൊണ്ടുപോയത്. പോലീസാണെന്ന് പരിചയപ്പെടുത്തിയ ഒരു സംഘം വന്ന് കൂട്ടിക്കൊണ്ടുപോയി എന്നായിരുന്നു വിവരം. എന്നാൽ സരിത്തിനെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്ന് പാലക്കാട് പോലീസ് വ്യക്തമാക്കിയതോടെ ആരാണ് കൊണ്ടുപോയതെന്ന് സംശയമായി. മാധ്യമങ്ങളും പോലീസും അന്വേഷണം തുടരുന്നതിനിടെയാണ് സരിത്തിനെ കസ്റ്റഡിയിലെടുത്തതായി വിജിലൻസ് സ്ഥിരീകരിക്കുന്നത്. പാലക്കാട്ടെ വിജിലൻസിന്റെ കസ്റ്റഡിയിൽ ആണ് സരിത്ത് നിലവിലുള്ളത്. ലൈഫ് മിഷൻ അഴിമതി കേസുമായി ബന്ധപ്പെട്ടാണ് സരിത്തിനെ കസ്റ്റഡിയിൽ എടുത്തത് എന്നാണ് വിജിലൻസ് പറയുന്നത്.

സരിത്തിനെ എന്തിനാണ് കൊണ്ടുപോകേണ്ട ആവശ്യമെന്ന് സ്വപ്ന തുടർന്നു മാധ്യമങ്ങളോട് പ്രതികരിച്ചു. ഡോളർ കടത്ത് കേസിൽ അഞ്ചാം പ്രതി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ആണ്. ആറാം പ്രതി താനും. എന്നിട്ടും കേസിലെ ഏഴാം പ്രതിയായ സരിത്തിനെ വിജിലൻസ് എന്തിന് കൊണ്ടുപോയെന്നും സ്വപ്ന ചോദിച്ചു. ഇതൊരു വൃത്തികെട്ട കളിയാണ്. എനിക്ക് ഭയമില്ല. അവർ എന്ത് വേണമെങ്കിലും ചെയ്‌തോട്ടെ. എന്നെ കൊല്ലട്ടെ. വീട്ടുകാരെയും കുടുംബക്കാരെയും തട്ടിക്കൊണ്ടുപോകുന്ന ഈ വൃത്തികെട്ട കളി അവസാനിപ്പിക്കൂ. എന്നിട്ട് എന്നെ കൊല്ലൂവെന്നും സ്വപ്ന പറഞ്ഞു. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അല്ലേ ഭയക്കേണ്ടകാര്യമുള്ളൂ. ജയിലിൽ നിന്നും പുറത്തിറങ്ങിയ കാലം മുതൽ ആളുകൾ തന്നെ നിരീക്ഷിക്കുന്നുണ്ട്. മുഖ്യമന്ത്രി എന്തിനാണ് ഇത്തരം ആക്രമണങ്ങൾക്ക് നിർദ്ദേശം നൽകുന്നതെന്ന് അവർ ചോദിച്ചു. കറൻസി നിറച്ച ബാഗ് മുഖ്യമന്ത്രിക്ക് വേണ്ടി കടത്തിയെന്നും ബിരിയാണി ചെമ്പിൽ കള്ളക്കടത്ത് നടത്തിയെന്നും ഉൾപ്പെടെ പിണറായി വിജയനെതിരെയുള്ള എല്ലാ ആരോപണങ്ങളിലും താൻ ഉറച്ചുനിൽക്കുകയാണ്. കോടതിയിൽ നൽകിയിട്ടുള്ള രഹസ്യമൊഴിയിൽ എല്ലാം വ്യക്തമാക്കിയിട്ടുണ്ട്. പറയാനുള്ളതെല്ലാം പുറത്തുവിടാനാകില്ലെന്നും കോടതി അനുവദിക്കുമ്പോൾ എല്ലാം തുറന്നുപറയുമെന്നും സ്വപ്‌ന മാധ്യമങ്ങളോട് പറഞ്ഞു.

സ്വപ്‌ന സുരേഷിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം പ്രതിഷേധം കത്തിക്കയറുന്നു. പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു. നടുറോഡിൽ ബിരിയാണി ചെമ്പ് വെച്ച് കത്തിച്ചാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. യുവമോർച്ച പ്രവർത്തകർ സെക്രട്ടേറിയേറ്റിലേക്ക് മാർച്ച നടത്തി. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എറണാകുളത്തും യുവമോർച്ച പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു. കോട്ടയം കളക്ടറേറ്റിലേക്കു യൂത്ത് കോൺഗ്രസ്‌ നടത്തിയ മാർച്ചിൽ സംഘർഷം ഉണ്ടായി.

മുഖ്യമന്ത്രി പിണറായി വിജയനെതിരായ കള്ളക്കടത്ത് ആരോപണങ്ങളിൽ കേന്ദ്ര ഏജൻസികളുടെ നിലാപടാണ് ഉറ്റുനോക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ ആരോപണം വന്നപ്പോൾ ആരോപണവിധേയയുടെ കയ്യിൽ നിന്നും പരാതി എഴുതി വാങ്ങിയ ആളാണ് പിണറായി വിജയൻ. ഉമ്മൻചാണ്ടിക്ക് ഒരു രീതി പിണറായിക്ക് മറ്റൊരു നീതിയുമാണ്. അതെങ്ങനെ പറ്റുമെന്നും വി.ഡി സതീശൻ ചോദിച്ചു. മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനുമെതിരെ ഗുരുതരമായ ആരോപണങ്ങളാണ് സ്വപ്ന സുരേഷിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഇതിൽ കേസെടുത്ത് അന്വേഷിക്കാൻ കേന്ദ്ര ഏജൻസികൾ തയ്യാറാകണം. സ്വപ്നയുടെ വെളിപ്പെടുത്തലിൽ നിയമനടപടിയെക്കുറിച്ചും ആലോചിക്കുന്നുണ്ട്. എന്തായാലും സമരവുമായി മുന്നോട്ട് പോകുമെന്നും കേന്ദ്ര ഏജൻസികൾ എന്ത് തീരുമാനമെടുക്കുമെന്നാണ് നോക്കുന്നതെന്നും സതീശൻ വ്യക്തമാക്കി.

ഒരു മുഖ്യമന്ത്രി കള്ളക്കടത്തുമായി മുന്നോട്ട് പോകുന്നത് ശരിയാണോയെന്ന് മുൻ എംഎൽഎ പിസി ജോർജ് ചോദിച്ചു. ഇത്തരം കാര്യങ്ങൾ കേരള സമൂഹത്തിന് അപമാനമാണ്. സ്വർണ്ണക്കടത്ത് കേസിലെ ഒന്നാം പ്രതി മുഖ്യമന്ത്രിയാണെന്ന് താൻ നേരത്തെ പറഞ്ഞിട്ടുണ്ടെന്നും പിസി ജോർജ് വ്യക്തമാക്കി. കോട്ടയം പ്രസ്സ് ക്ലബ്ബിൽ വെച്ച് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. കേസ് എടുത്തപ്പോൾ ശിവശങ്കറും സ്വപ്‌നയും സരിത്തുമെല്ലാം പ്രതിയായി. സത്യത്തിൽ ഈ കേസിൽ ഒന്നാം പ്രതി മുഖ്യമന്ത്രിയാണെന്നാണ് പിസി ജോർജ് പറയുന്നത്. കേസ് രജിസ്റ്റർ ചെയ്ത് മൂന്നാം മാസം ശിവശങ്കർ ജാമ്യത്തിൽ ഇറങ്ങി സർക്കാർ ഉദ്യോഗത്തിൽ തിരിച്ചുകയറി. സ്വപ്‌നയും സരിത്തും 16 മാസം ജയിലിൽ കഴിഞ്ഞു. കേസ് പഴയതാക്കുക എന്നതായിരുന്നു മുഖ്യമന്ത്രിയുടെ ഉദ്ദേശ്യം. അത് കഴിഞ്ഞപ്പോൾ സ്വപ്‌നയും സരിത്തും പുറത്തിറങ്ങി. എന്നാൽ ഇപ്പോൾ മുഖ്യമന്ത്രിക്കെതിരെയുള്ള തെളിവുകളാണ് പുറത്തുവരുന്നത് എന്നും പിസി ജോർജ് പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കെപിസിസി അധ്യക്ഷൻ. പിണറായി വിജയന് മുഖ്യമന്ത്രി കസേരയിൽ ഇരിക്കാൻ യോഗ്യതയില്ലെന്ന് കെ.സുധാകരൻ ആരോപിച്ചു. പലമുഖ്യമന്ത്രിമാരും ഭരണം ദുർവിനിയോഗം ചെയ്തിട്ടുണ്ട്. സ്വപ്നയുടെ വെളിപ്പെടുത്തൽ നാടിനെ അമ്പരിപ്പിച്ചു. ബിരിയാണി പാത്രത്തിൽ ഒരു മുഖ്യമന്ത്രി സ്വർണ്ണം കടത്തിയത് ചരിത്രത്തിലാദ്യമാണ്. മുഖ്യമന്ത്രി മാത്രമല്ല കുടുംബവും ഉൾപ്പെട്ട കേസാണ് ഇത്. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങൾ ശരിവെക്കുന്നതാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ. ഇഡിയുടെ അന്വേഷണം സുതാര്യമല്ല. നിഷ്പക്ഷമായ അന്വേഷണം വേണം. സിബിഐയോ, ജുഡീഷ്യറിയോ കേസ് അന്വേഷിക്കണം. വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ സംഭത്തിൽ സിപിഐഎം പിബി ഇടപെടണം. പദവിയിൽ മുഖ്യമന്ത്രി തുടരണോ എന്ന് പൊളിറ്റ് ബ്യൂറോ തീരുമാനിക്കണം. സത്യം തെളിയുന്നവരെ മുഖ്യമന്ത്രിയെ മാറ്റി നിർത്തണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ എല്ലാവരുടെയും പങ്ക് കോടതിയെ അറിയിച്ചുവെന്നാണ് പ്രതി സ്വപ്‌ന സുരേഷ് പറഞ്ഞത്. എറണാകുളം കോടതിയിൽ മൊഴി രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു സ്വപ്ന. മുഖ്യമന്ത്രിക്കും കുടുംബത്തിനും കേസിൽ പങ്കുണ്ടെന്നും സ്വപ്‌ന സുരേഷ് വെളിപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല, മകൾ വീണ, മുൻ മന്ത്രി കെ.ടി. ജലീൽ എന്നിവരടക്കമുള്ളവർക്കെതിരെ രഹസ്യമൊഴി നൽകിയതായി സ്വപ്ന പറഞ്ഞു. 2016 -ൽ മുഖ്യമന്ത്രി ദുബായിൽ എത്തിയ സമയത്താണ് ശിവശങ്കർ തന്നെ ആദ്യമായി ബന്ധപ്പെട്ടത് എന്ന് സ്വപ്‌ന പറഞ്ഞു. മുഖ്യമന്ത്രി ഒരു ബാഗ് മറന്നുപോയെന്നും അത് ഉടൻ ദുബായിൽ എത്തിക്കണമെന്നും അന്ന് ശിവശങ്കർ നിർദ്ദേശം നൽകിയിരുന്നു. കോൺസുലേറ്റിലെ ഒരു ഡിപ്ലോമാറ്റിന്റെ കൈയ്യിലാണ് ബാഗ് കൊടുത്തുവിട്ടത്. കോൺസുലേറ്റിൽ എത്തിയ നോക്കിയപ്പോൾ ബാഗിനകത്ത് കറൻസി ഉണ്ടായിരുന്നു. സ്‌കാനിംഗ് മെഷീനിലൂടെയാണ് ഇത് വെളിപ്പെട്ടതെന്നും സ്വപ്‌ന സുരേഷ് വ്യക്തമാക്കി. അന്നാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്. ശിവശങ്കറിന്റെ നിർദ്ദേശപ്രകാരം കോൺസുലേറ്റ് ജനറലിന്റെ വസതിയിൽ നിന്ന് ക്ലിഫ് ഹൗസിലേക്ക് ലോഹവസ്തുക്കൾ നിറച്ച ബിരിയാണി പാത്രങ്ങൾ കൊടുത്തു വിട്ടിട്ടുണ്ട്. ഇത്തരത്തിൽ കോൺസുലേറ്റിന്റെ വാഹനത്തിൽ നിരവധി പാത്രങ്ങൾ കൊടുത്തയയ്‌ക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പലകാര്യങ്ങളും നടന്നിട്ടുണ്ടെന്നും അത് തനിക്ക് പുറത്ത് പറയാനാകില്ലെന്നും സ്വപ്‌ന വ്യക്തമാക്കി. വിവരങ്ങളെല്ലാം കോടതിയെ അറിയിച്ചിട്ടുണ്ടെന്നും സമയമാകുമ്പോൾ എല്ലാം പറയാമെന്നും ആയിരുന്നു സ്വപ്നയുടെ വെളിപ്പെടുത്തൽ.

സ്വർണക്കടത്ത് കേസ്: കോൺസൽ ജനറലിനേയും, അറ്റാഷയേയും പ്രതികളാക്കും.