മുഹമ്മദ് നബിയെക്കുറിച്ചുള്ള വിവാദ പരാമർശം; ചാവേർ ആക്രമണ ഭീഷണി മുഴക്കി അല്‍ഖ്വയ്ദ

മുഹമ്മദ് നബിയെക്കുറിച്ചുള്ള വിവാദ പരാമർശം; ചാവേർ ആക്രമണ ഭീഷണി മുഴക്കി അല്‍ഖ്വയ്ദ

ന്യൂ ഡൽഹി: പ്രവാചകനായ മുഹമ്മദ് നബിയെക്കുറിച്ച് ബിജെപി നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങള്‍ വരുത്തിയ കോലാഹലങ്ങള്‍ കഴിഞ്ഞ ഒരാഴ്ചയിലേറെയായി തുടരുകയാണ്. വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ നേതാക്കള്‍ക്കെതിരെ പാര്‍ട്ടി നടപടി കൈകൊണ്ടുവെങ്കിലും വിവാദം അവസാനിക്കുന്നില്ല, മറിച്ച് അടുത്ത തലത്തിലേയ്ക്ക് കടക്കുകയാണ്.

സമൂഹമാധ്യമങ്ങളിലൂടെ പാകിസ്ഥാനിലെ ചില ഇന്ത്യവിരുദ്ധ ശക്തികൾ നടത്തിയ നീക്കങ്ങളാണ് പ്രശ്‌നങ്ങൾ കൂടുതൽ വഷളാക്കിയത്. നൂപുർ ശർമ്മയുടെ പരാമർശം മാധ്യമങ്ങൾ വഴി പുറത്തുവന്നതിന് പിന്നാലെ തന്നെ പാകിസ്ഥാൻ സമൂഹമാദ്ധ്യമങ്ങളിൽ ഇത് വ്യാപകമായി പ്രചാരിക്കാൻ ആരംഭിച്ചിരുന്നു. പാകിസ്ഥാനിലെ മാധ്യമങ്ങളും രാഷ്‌ട്രീയ പ്രവർത്തകരും ഇത് ഏറ്റെടുത്തു. അറബ് രാജ്യങ്ങളിലുൾപ്പെടെയുള്ള ഇവരുടെ നെറ്റ്‌വർക്ക് ഇത് വലിയ വിവാദമാക്കുകയായിരുന്നു. നിരവധി അറബി രാജ്യങ്ങള്‍ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. പ്രസ്താവനകള്‍ പുറത്തിറക്കി. ഇറാൻ, ഇറാഖ്, മാലിദ്വീപ്, ഖത്തർ, കുവൈറ്റ്, സൗദി അറേബ്യ, ഒമാൻ, ജോർദാൻ, അഫ്ഘാനിസ്ഥാന്‍, പാക്കിസ്ഥാൻ, ബഹ്‌റൈൻ, ലിബിയ, ഇന്തോനേഷ്യ തുടങ്ങി 15 രാജ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യയ്‌ക്കെതിരെ ഔദ്യോഗിക പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

അതേസമയം, മുഹമ്മദ് നബിയെക്കുറിച്ചുള്ള പരാമർശത്തിന്‍റെ പേരിൽ രാജ്യത്തെ പല നഗരങ്ങളിലും ചാവേർ ആക്രമണങ്ങൾ നടത്തുമെന്ന ഭീഷണി മുഴക്കിയിരിയ്ക്കുകയാണ് ഭീകര സംഘടനയായ അല്‍ഖ്വയ്ദ. ഇന്ത്യയിൽ ചാവേർ ആക്രമണം നടത്തുമെന്ന അല്‍ഖ്വയ്ദ ഭീക്ഷണിയെ തുടർന്ന് രാജ്യത്ത് ജാ​ഗ്രത നിർദ്ദേശം നൽകി. ഡൽഹി, മുംബൈ, ഗുജറാത്ത്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ശക്തമായ സുരക്ഷ ഒരുക്കാനാണ് തീരുമാനം.  ഡൽഹി, മുംബൈ, ഗുജറാത്ത്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ആക്രമണം നടത്തുമെന്നാണ് അൽഖ്വയ്ദയുടെ ഭീഷണി. അൽ ഖ്വയ്ദ ഇൻ സബ്‌കൊണ്ടിനെന്റ് എന്ന പേരിൽ പുറത്തു വിട്ട കത്തിലൂടെയാണ് ഭീഷണി. പ്രവാചകനെ അവഹേളിച്ചവരെ വധിക്കുമെന്നും കത്തിൽ ഭീഷണിയുണ്ട്.

പ്രവാചകനെതിരായ പരാമർശത്തിന്റെ പേരിൽ പാക്കിസ്ഥാൻ ഇന്ത്യാവിരുദ്ധ പ്രചാരണങ്ങൾക്ക് പരിശ്രമിക്കുന്നത് അവസാനിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. സ്വന്തം രാജ്യത്തിലെ ന്യൂനപക്ഷങ്ങളെ നിരന്തരം പീഡിപ്പിക്കുന്ന ഒരു രാജ്യം മറ്റൊരു രാജ്യത്തിന്റെ ന്യൂനപക്ഷാവകാശത്തിന് വേണ്ടി വാദിക്കുന്നത് അസംബന്ധമാണ്. പാക്കിസ്ഥാനിൽ ഹിന്ദുക്കളും സിഖുകാരും ക്രിസ്ത്യാനികളും അഹമ്മദീയരും നേരിടുന്ന നിരന്തരമായ പീഡനങ്ങൾ ലോകം കണ്ടുകൊണ്ടിരിക്കുകയാണ്. മതഭ്രാന്തന്മാരെ മഹത്വവത്കരിച്ച് അവർക്കായി സ്മാരകങ്ങൾ പണിയുന്ന രാജ്യമാണ് പാക്കിസ്ഥാൻ. ബാലിശമായ പരാമർശങ്ങൾ നടത്തി ഇന്ത്യയിലെ മതസൗഹാർദ്ദം തകർക്കാനാണ് പാക്കിസ്ഥാൻ ശ്രമിക്കുന്നതെന്നും അത് വിലപ്പോകുന്ന സാഹചര്യം ഉണ്ടാകാൻ പോകുന്നില്ലെന്നും ഇന്ത്യ വ്യക്തമാക്കി.

ഇന്ത്യക്കെതിരെ ആരോപണങ്ങളുമായി രംഗത്തുള്ള രാജ്യങ്ങൾക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകാൻ ഒരുങ്ങുകയാണ് ഇന്ത്യൻ വിദേശകാര്യ വകുപ്പ്. ഇന്ത്യക്കെതിരെ താലിബാനെ സംരക്ഷിക്കുന്ന ഖത്തർ, ഇസ്ലാമിക ഭീകരർക്ക് പണം നൽകുന്ന കുവൈറ്റ്, ഇറാൻ, തുർക്കി, പാക്കിസ്ഥാൻ, ലിബിയ, ഇന്തോനേഷ്യ, മലേഷ്യ, ജോർദ്ദാൻ, ഒമാൻ, യുഎഇ, സൗദി അറേബ്യ, അഫ്ഗാൻ, എന്നിവരാണ് പരസ്യപ്രസ്താവന നടത്തിയത്. ഈ രാജ്യങ്ങളൊന്നും മറ്റ് മതവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കാത്തവരാണെന്നും വിദേശകാര്യ വിദഗ്ധർ പറയുന്നു. ഇവർ ആഗോള ഇസ്ലാമിക ഭീകരതയ്‌ക്ക് നൽകിക്കൊണ്ടിരിക്കുന്ന എല്ലാ സഹായവും തുറന്നുകാട്ടാനാണ് ഇന്ത്യ ഒരുങ്ങുന്നത്. ഇന്ത്യയിലുണ്ടാകുന്ന ഒരു ആക്രമണങ്ങളേയും തള്ളിപ്പറയാത്തവർ ഒറ്റപ്പെട്ട വ്യക്തിപരമായ പരാമർശത്തെ ആഗോളവിഷയമാക്കുന്നതിന്റെ പിന്നിലെ അജണ്ട തുറന്നുകാട്ടാനാണ് ഇന്ത്യയുടെ ശ്രമം.

ഇന്ത്യയെ വിമർശിച്ച ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ‘ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്’ കേന്ദ്രസർക്കാർ ശക്തമായ മറുപടി നൽകി. ചിലരുടെ പ്രേരണ കാരണമാണ് ഒഐസി പ്രസ്താവന നടത്തിയിരിക്കുന്നതെന്നും ഒഐസി സെക്രട്ടറിയേറ്റിന്റേത് ഇടുങ്ങിയ മനസ്ഥിതിയാണെന്നും വിദേശകാര്യമന്ത്രാലയം മറുപടി നൽകി. ”ഇടുങ്ങിയ മനഃസ്ഥിതിയോടെയുള്ളതും അനുചിതവുമായ ഒഐസിയുടെ പ്രസ്താവന ഇന്ത്യ ശക്തമായി തിരസ്‌കരിക്കുകയാണ്. എല്ലാ മതങ്ങളെയും ഇന്ത്യ ബഹുമാനിക്കുന്നു. മതപരമായ വ്യക്തിത്വത്തെ അവഹേളിക്കുന്ന വിധമുള്ള ട്വീറ്റുകളും കമന്റുകളും ചില വ്യക്തികളാണ് നടത്തിയത്. അവ ഇന്ത്യയുടെയും ഇന്ത്യാ ഗവൺമെന്റിന്റെയും നിലപാടുകളല്ല. അത്തരം പരാമർശങ്ങൾ നടത്തിയ വ്യക്തികൾക്കെതിരെ പ്രസ്തുത പാർട്ടി ശക്തമായ നടപടി സ്വീകരിച്ച് കഴിഞ്ഞതുമാണ്. എന്നിട്ടും ഇക്കാര്യത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന അഭിപ്രായ പ്രകടനങ്ങളുമായി ഒഐസിസി സെക്രട്ടേറിയറ്റ് വീണ്ടുമെത്തിയതിൽ ഖേദമുണ്ട്. അതിനാൽ എല്ലാ വിശ്വാസങ്ങളോടും മതങ്ങളോടും അർഹമായ ബഹുമാനം കാണിക്കണമെന്നും നിക്ഷിപ്ത താൽപ്പര്യങ്ങൾക്ക് വേണ്ടി ഒഐസി സെക്രട്ടറിയേറ്റ് നടത്തുന്ന വർഗീയ സമീപനങ്ങൾ നിർത്തലാക്കണമെന്നും ഇന്ത്യ ആവശ്യപ്പെടുകയാണ്. ” വിദേശകാര്യമന്ത്രാലയം വക്താവ് അരിന്ദം ബാഗ്ച്ചി ട്വിറ്ററിൽ കുറിച്ചു.