
കൊച്ചി: സ്വർണക്കടത്തു കേസിൽ യുഎഇ കോൺസൽ ജനറലിനെയും അറ്റാഷെയെയും പ്രതി ചേർക്കാൻ കസ്റ്റംസിന് കേന്ദ്ര സർക്കാരിൻ്റെ അനുമതി. ഇരുവരുടെയും മൊഴിയെടുക്കുന്നതിനും ആവശ്യം വന്നാൽ പ്രതിചേർക്കുന്നതിനും അനുമതി തേടി കസ്റ്റംസ് വിദേശകാര്യ മന്ത്രാലയത്തിനു കത്തു നൽകിയിരുന്നു.
കോൺസുൽ ജനറൽ ആയിരുന്ന ജമാൽ ഹുസൈൻ അൽ സാബിയും അറ്റാഷ റാഷിദ് ഖമീസ് അലിയും സ്വർണം പിടിച്ചതിന് പിന്നാലെ യുഎഇയിലേക്ക് കടന്നിരുന്നു. ജൂൺ 30-നാണ് ഡിപ്ലോമാറ്റിക്ക് ബാഗേജ് വഴി സ്വർണം വിമാനത്താവളത്തിലെത്തുന്നത്. ജൂലൈ അഞ്ചിന് ഇതിൽ പതിനാലരക്കോടിയുടെ സ്വർണം ഉണ്ടെന്ന് കണ്ടെത്തി. ഈ ബാഗ് കോൺസൽ ജനറലിൻ്റെ പേരിൽ വന്ന നയതന്ത്ര ബാഗാണ്. അതിനാൽ തൻ്റെ ബാഗ് തുറക്കുന്നത് തടയാൻ അറ്റാഷയും കോൺസൽ ജനറലും കസ്റ്റംസിൻ്റെ മേൽ സമ്മർദ്ദം ചെലുത്തിയിരുന്നു. ഈ ശ്രമം പരാജയപ്പെട്ടതോടെ ഇവർ യുഎഇയിലേക്ക് കടക്കുകയായിരന്നു. കേസ് രജിസ്റ്റർ ചെയ്തതോടെ കസ്റ്റംസ് നടത്തിയ അന്വേഷണത്തിൽ സ്വപ്‌ന സുരേഷും സന്ദീപും അടക്കം 24 പേരെ അറസ്റ്റ് ചെയ്തിരുന്നു. സ്വപ്‌നയും സന്ദീപും അറ്റാഷയ്ക്കും കോൺസൽ ജനറലും എതിരെ മൊഴിയും നൽകിയിട്ടുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം സ്വർണക്കടത്തു കേസിൽ അന്വേഷണം മുന്നോട്ടു പോയിട്ടില്ലെന്ന ആരോപണങ്ങൾക്കിടെയാണ് കേസന്വേഷണത്തെക്കുറിച്ച് പുതിയ വിവരങ്ങൾ പുറത്തുവരുന്നത്. കേസിൽ തെളിവു ശേഖരണം നടത്തിയെങ്കിലും യുഎഇ മുൻ കോൺസൽ ജനറൽ ജമാൽ അൽസാബിക്കും അറ്റാഷെ റഷീദ് ഖാമിസ് അൽ അഷ്മിയയെയും പ്രതി ചേർക്കാൻ സാധിക്കാതിരുന്നത് അന്വേഷണത്തിന് തടസമായിരുന്നു. ഈ സാഹചര്യത്തിലാണ് കസ്റ്റംസ് വിദേശകാര്യ മന്ത്രാലയത്തിന് ആറുമാസം മുൻപു കത്തു നൽകിയത്. ഇരുവരെയും ചോദ്യം ചെയ്യുന്നതിനും പ്രതി ചേർക്കുന്നതിനും അനുമതി തേടിയായിരുന്നു കത്ത്. ഇതിനു നൽകിയ മറുപടിയിലാണ് നിയമപരമായ തുടർ നടപടികളുമായി മുന്നോട്ടു പോകാമെന്ന് കേന്ദ്രം അറിയിച്ചിരിക്കുന്നത്.