യുക്രെയ്നിനു കൂടുതൽ ആയുധങ്ങൾ നൽകുമെന്ന പാശ്ചാത്യശക്തികളുടെ പ്രഖ്യാപനത്തിനു എതിരെ പുട്ടിന്റെ താക്കീത്.

കീവ്: യുക്രെയ്നിൽ റഷ്യയുടെ ആക്രമണം 103 ദിവസം പിന്നിടുമ്പോൾ യുദ്ധം ഉടനെ അവസാനിക്കുന്നതിന്റെ സൂചനയൊന്നുമില്ല. രാജ്യത്തിന്റെ അഞ്ചിലൊന്ന് റഷ്യ പിടിച്ചെന്നു സമ്മതിക്കുന്ന യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി, റഷ്യ പിടിച്ച പ്രദേശങ്ങൾ ഒന്നൊന്നായി തിരിച്ചുപിടിക്കയാണെന്നും അവകാശപ്പെട്ടു. യുക്രെയ്നിനു കൂടുതൽ ആയുധങ്ങൾ നൽകുമെന്ന അമേരിക്കയുടെയും മറ്റു രാജ്യങ്ങളുടെയും പ്രസ്താവനയെ തുടർന്ന് റഷ്യ കൂടുതൽ ആക്രമണങ്ങൾ നടത്തി. ആഴ്ചകളുടെ ഇടവേളയ്ക്കുശേഷം യുക്രെയ്ൻ തലസ്ഥാനനഗരമായ കീവിൽ റഷ്യയുടെ മിസൈലാക്രമണം ഉണ്ടായി. കിഴക്കൻ പ്രവിശ്യയായ ഡോൺബാസിലേക്ക് റഷ്യൻ സേന കേന്ദ്രീകരിച്ചതോടെ ആഴ്ചകളായി കീവ് ശാന്തമായിരുന്നു. ഒഡേസ തുറമുഖത്തു ആയുധങ്ങളുമായി പോയി യുക്രെയ്ൻ വിമാനം വെടിവച്ചിട്ടതായും റഷ്യ അവകാശപ്പെട്ടു. ഒഡേസയ്ക്കു സമീപമുള്ള മൈക്കലോവ് തുറമുഖനഗരത്തിലും റഷ്യ കനത്ത ഷെല്ലാക്രമണം നടത്തി. യുക്രെയ്നിനു കൂടുതൽ ആയുധങ്ങൾ നൽകാനുള്ള നീക്കം ‘തീക്കളി’യാണെന്നും സ്ഥിതി വഷളാക്കാനേ ഉപകരിക്കൂ എന്നും റഷ്യ മുന്നറിയിപ്പു നൽകി.

യുക്രൈന് അത്യാധുനിക മധ്യദൂര റോക്കറ്റ് സംവിധാനം നൽകാൻ യുഎസ് തീരുമാനിച്ചതിനു പിന്നാലെയാണ് പുട്ടിന്റെ മുന്നറിയിപ്പ്. 80 കിലോമീറ്റർ ദൂരെ വരെ സഞ്ചരിക്കുന്ന ഹിമാർസ് മിസൈലുകളാണ് യുഎസ് യുക്രൈന് നൽകാൻ തീരുമാനിച്ചിരിക്കുന്നത്. ബ്രിട്ടൻ തങ്ങളുടെ കൈവശമുള്ള ലോംഗ് റേഞ്ച് മിസൈലുകൾ യുക്രൈന് നൽകും. യുക്രൈൻ അതിർത്തികളിലേയ്‌ക്ക് റഷ്യ തൊടുക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനും തകർക്കാനും 50 മൈൽ അകലെയുള്ള ലക്ഷ്യങ്ങളിൽ എത്താനും സാധിക്കുന്ന M270 മൾട്ടിപ്പിൾ ലോഞ്ച് റോക്കറ്റ് സിസ്റ്റങ്ങളാണ് യുക്രൈന് യുകെ നൽകുന്നത്. ജർമനിയും യുക്രൈന് ആയുധങ്ങൾ നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. മിസൈലുകളും റൈഫിളുകളും ടാങ്ക് വേധ ആയുധങ്ങളും നൽകുമെന്ന് സ്വീഡനും അറിയിച്ചു.

നാറ്റോയില്‍ അംഗത്വം: ഫിന്‍ലന്‍ഡിനും സ്വീഡനും റഷ്യയുടെ മുന്നറിയിപ്പ്‌.