
മോസ്‌കോ: നാറ്റോയില്‍ അംഗത്വം സ്വീകരിക്കാനുള്ള ഫിന്‍ലന്‍ഡ്, സ്വീഡന്‍ എന്നീ രാജ്യങ്ങളുടെ തീരുമാനം ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് റഷ്യ. തങ്ങൾക്കെതിരെ നാറ്റോ രാജ്യങ്ങൾ നിഴൽ യുദ്ധം നടത്തുകയാണ്. ഈ പശ്ചാത്തലത്തിൽ ഫിന്‍ലന്‍ഡ് സഖ്യം ചേർന്നാൽ അത് പരോക്ഷമായി റഷ്യയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിക്കുന്നതിന് സമാനമാണെന്ന് മോസ്‌കോ വിദേശകാര്യവകുപ്പ് മുന്നറിയിപ്പ് നൽകി. റഷ്യയുമായി 1300 കിലോമീറ്റർ അതിർത്തി പങ്കിടുന്ന രാജ്യമാണ് ഫിന്‍ലന്‍ഡ്. ഫിന്‍ലന്‍ഡ് നാറ്റോയുടെ ഭാഗമാകുന്നതോടെ സൈനികപരമായ സഖ്യവും സ്വാഭാവികമായി സംഭവിക്കും. ദൂരവ്യാപകഫലങ്ങളുണ്ടാക്കുന്ന തീരുമാനമാണിതെന്ന് ഉപവിദേശമന്ത്രി സെര്‍ഗെയ് റയാബ്‌കോവ് മാധ്യപ്രവര്‍ത്തകരോട് പ്രതികരിച്ചു. ഫിന്‍ലന്‍ഡിന്റേയും സ്വീഡന്റേയും ഈ തീരുമാനം നിലവിലുള്ള സൈനികസംഘര്‍ഷങ്ങള്‍ വര്‍ധിക്കാന്‍ ഇടയാക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു. നാറ്റോയിൽ ഒപ്പുവെച്ചാൽ വൈദ്യുതിയും ഇന്ധനവും നൽകുന്നത് നിർത്തലാക്കുമെന്ന മുന്നറിയിപ്പും റഷ്യ നൽകി.
കഴിഞ്ഞ 200 വർഷത്തിലേറെയായി സൈനികമായി നിഷ്പക്ഷത പുലർത്തുന്ന സ്വീഡൻ നാറ്റോ സഖ്യത്തിൽ അംഗമാകാൻ തീരുമാനിച്ചു. മറ്റൊരു യൂറോപ്യൻ രാജ്യമായ ഫിൻലൻഡ് നാറ്റോ പ്രവേശത്തിനുള്ള തീരുമാനം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സ്വീഡന്റെ ഔദ്യോഗിക പ്രഖ്യാപനം. ആക്രമണ ഭീഷണിയുണ്ടായാൽ ഫിൻലൻഡിനും സ്വീഡനുമൊപ്പം നിൽക്കുമെന്നു നോർവേയും ഡെൻമാർക്കും ഐസ്‌ലൻഡും പ്രഖ്യാപിച്ചു. യുഎസും കാനഡയും വിവിധ യൂറോപ്യൻ രാജ്യങ്ങളും ചേർന്നുള്ള സൈനിക സഖ്യമാണ് നാറ്റോ. റഷ്യയുടെ പഴയ രൂപമായ സോവിയറ്റ് യൂണിയനെ പ്രതിരോധിക്കാനായി 1949 -ൽ പിറവിയെടുത്ത സഖ്യത്തിന് നിലവിൽ 30 രാഷ്ട്രങ്ങളുണ്ട്.