
കാൻബറ: ഇന്ത്യയിൽ നിർമിക്കുന്ന കോവിഷീൽഡ് വാക്‌സിന് ഓസ്‌ട്രേലിയ അനുമതി നൽകി. അന്താരാഷ്‌ട്ര യാത്രയ്‌ക്കുളള അംഗീകൃത വാക്‌സിനായി കോവിഷിൽഡ് അംഗീകരിച്ചു. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസനാണ് ഇക്കാര്യം അറിയിച്ചത്. അതിർത്തികൾ വീണ്ടും തുറക്കുമെന്നും അന്താരാഷ്‌ട്ര യാത്രകൾ വീണ്ടും പുന:രാരംഭിക്കുമെന്നും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഉപരിപഠനത്തിനായി ഓസ്ട്രേലിയയിലേക്ക് പോകുന്ന വിദ്യാർഥികൾക്ക് ഉൾപ്പെടെ വലിയ ആശ്വാസമാണു തീരുമാനം.
വാക്‌സിനേഷൻ സ്വീകരിച്ചവർക്ക് മാത്രമേ യാത്രകൾക്ക് അനുമതിയുളളൂ. വാക്‌സിനേഷൻ സ്വീകരിക്കാത്തവർ ഒരാഴ്ചത്തേക്ക് ഹോട്ടലിൽ ക്വാറന്റീനിൽ കഴിയേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഫൈസർ, അസ്ട്രാസെനക, മോഡേണ, ജാൻസെൻ എന്നീ വാക്സീനുകൾക്കു നേരത്തേതന്നെ ഓസ്ട്രേലിയ അംഗീകാരം നൽകിയിരുന്നു. ചൈനയുടെ സിനോവാക് വാക്സീനും കോവിഷീൽഡിനൊപ്പം അംഗീകാരം ലഭിച്ചു. അംഗീകൃത വാക്സീൻ സ്വീകരിച്ച് ഓസ്ട്രേലിയയിൽ എത്തുന്ന യാത്രക്കാർ ഹോട്ടൽ ക്വാറന്റീനിൽ പ്രവേശിക്കേണ്ട, ഹോം ക്വാറന്റീൻ മതിയാകും.
80 ശതമാനത്തിൽ കൂടുതൽ പേർ വാക്സീൻ സ്വീകരിച്ച സംസ്ഥാനങ്ങളുടെ അതിർത്തികൾ അടുത്ത മാസം മുതൽ തുറക്കുമെന്നും ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൻ പറഞ്ഞു.