
ടെഹ്റാൻ: ഇറാനിലെ ഉന്നത സൈനിക ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയതിനു പ്രത്യക്ഷപ്രതികാരമായി ഇറാൻ ഇസ്രയേലിനെതിരെ ആക്രമണം നടത്തി. ആക്രമണം ലക്ഷ്യം കണ്ടെന്നാണ് ഇറാന്റെ അവകാശവാദം. ഇസ്രയേലിന് എതിരെ ആക്രമണം നടത്തിയ സൈന്യത്തെ പ്രശംസിച്ച് കൊണ്ട് ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റെയ്‌സി ആക്രമണം അവസാനിച്ചെന്ന് വ്യക്തമാക്കി. ഇസ്രയേലിന് എതിരായ സൈനിക ഓപ്പറേഷൻ ഞങ്ങളുടെ കാഴ്‌പ്പാടിൽ അവസാനിച്ചെന്നും ഇനി ഇസ്രയേൽ പ്രതികരിച്ചാൽ മാത്രം മറുപടിയെന്നുമാണ് ഇറാൻ സായുധ സേനയുടെ ചീഫ് വ്യക്തമാക്കിയത്.
ഇരുനൂറിലധികം ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ഇസ്രയേലിന് നേരെ ഇറാന്‍ ആക്രമണം നടത്തിയത്. ഇറാനില്‍ നിന്നും സഖ്യ രാജ്യങ്ങളില്‍ നിന്നുമാണ് ഡ്രോണ്‍ തൊടുത്തത്. ഇറാനിയൻ ഡ്രോണുകളിൽ ഭൂരിഭാഗവും ഇസ്രായേലിലെ തങ്ങളുടെ ലക്ഷ്യങ്ങളിൽ എത്തുന്നതിന് മുമ്പ് ഇസ്രായേൽ, യുഎസ് ജെറ്റുകൾ തകർത്തതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ചില ബാലിസ്റ്റിക് മിസൈലുകൾ നേവാറ്റിം വ്യോമതാവളത്തിൽ പതിച്ചതായി ഇസ്രായേൽ സൈനിക വക്താവ് റിയർ അഡ്എം ഡാനിയൽ ഹഗാരി സ്ഥിരീകരിച്ചു, എന്നാൽ ബേസ് പൂർണ്ണമായും പ്രവർത്തനക്ഷമമാണെന്നും ആക്രമണത്തിൽ ഒരു പെൺകുട്ടിക്ക് പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു. യുഎസ്, യുകെ, ജോർദാൻ എന്നിവയുൾപ്പെടെയുള്ള പ്രധാന പാശ്ചാത്യ സഖ്യകക്ഷികളുടെ സഹായത്തോടെ ഇസ്രായേൽ തങ്ങൾക്കു നേരെ വന്ന 99 ശതമാനം ഡ്രോണുകളും ക്രൂയിസ് മിസൈലുകളും തടഞ്ഞതായാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇറാനില്‍നിന്നും സഖ്യ രാജ്യങ്ങളില്‍നിന്നുമാണ് ഡ്രോണുകൾ തൊടുത്തത്. കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് ഇസ്രയേല്‍ ഇതിനോടകം മുന്നറിയിപ്പു നൽകിയിട്ടുണ്ട്. സ്ഥിതി വിലയിരുത്തുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി.
അതിനിടെ ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേൽ ബന്ധമുള്ള ചരക്കുകപ്പലിലെ മലയാളികളടക്കമുള്ള ഇന്ത്യാക്കാരുടെ മോചനത്തിനായി കേന്ദ്ര സർക്കാർ ഇടപെട്ടു. ഇന്ത്യക്കാരുടെ മോചനത്തിനായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇറാൻ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചു. നിലവിലെ സാഹചര്യങ്ങൾ ചർച്ചയായെന്നും വിഷയം പരിഹരിക്കാൻ നയതന്ത്ര ചർച്ചകളുടെ ആവശ്യകതയുണ്ടെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വ്യക്തമാക്കി. ഇറാൻ പിടികൂടിയ കപ്പലില്‍ മൊത്തം 25 ജീവനക്കാരാണുള്ളത്. ഇതിൽ നാല് മലയാളികളടക്കം 17 പേര്‍ ഇന്ത്യക്കാരാണ്. വയനാട് സ്വദേശി പി വി ധനേഷ്, തൃശൂര്‍ സ്വദേശി ആന്‍ ടെസ്സ ജോസഫ്, കോഴിക്കോട് സ്വദേശി ശ്യാംനാഥ്, പാലക്കാട് സ്വദേശി സുമേഷ്, എന്നിവരാണ് കപ്പലിലുള്ള മലയാളികള്‍. ഫിലിപ്പൈൻസ്, പാക്കിസ്ഥാൻ, റഷ്യ, എസ്തോണിയ എന്നീ രാജ്യങ്ങളിൽനിന്നുള്ളവരാണ് ബാക്കിയുള്ളവർ.
യുദ്ധഭീതിയിൽ പശ്ചിമേഷ്യ; ഇസ്രയേലിന് നേരെ ഇറാന്റെ ആക്രമണം; ഇറാൻ പിടിച്ചെടുത്ത കപ്പലിൽ മലയാളികളും.