യുദ്ധഭീതിയിൽ പശ്ചിമേഷ്യ; ഇസ്രയേലിന് നേരെ ഇറാന്റെ ആക്രമണം; ഇറാൻ പിടിച്ചെടുത്ത കപ്പലിൽ മലയാളികളും.

ടെൽ അവീവ്: ഇറാൻ ഇസ്രായേലിനു നേരെ ആക്രമണം ആരംഭിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാൻ സൈന്യം കൂടാതെ മറ്റ് സഖ്യരാജ്യങ്ങളിൽ നിന്നും ഇസ്രയേലിനുനേരെ ആക്രമണമുണ്ടായതായാണ് റിപ്പോർട്ട്. ഇന്ന് (ഞായറാഴ്ച) പുലർച്ചെയോടെയായിരുന്നു ആക്രമണം. അതിർത്തിയിൽ നിന്നും ഇറാൻ ഇസ്രയേലിലേക്ക് ഡ്രോണുകൾ വിക്ഷേപിച്ചുവെന്ന് ഐ.ഡി.എഫ്‌ എക്സിൽ കുറിച്ചു. ഇസ്രയേലിനെ സംരക്ഷിക്കാൻ പ്രതിരോധസേന അതീവ ജാ​ഗ്രതയിലാണെന്നും നിലവിലെ സാഹചര്യങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും ഐ.ഡി.എഫ്‌ പ്രതിരോധസേന വക്താവ് പറഞ്ഞു. തങ്ങൾ ദൃഢനിശ്ചയത്തോടെ നിറവേറ്റാൻ ഉദ്ദേശിക്കുന്ന ദൗത്യമാണ് മുന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതിനിടെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രത്യേക ഉന്നതതലയോ​ഗം വിളിച്ചുചേർത്തു. ഇസ്രയേലിന് നേരെ ഇറാൻ ഡ്രോണുകൾ വിക്ഷേപിച്ചുവെന്ന ഇസ്രയേൽ പ്രതിരോധസേനയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് പ്രത്യേക യോ​ഗത്തിന്റെ റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

ഇന്നലെ ഇസ്രയേൽ പൗരന്‍റെ ഉടമസ്ഥതയിലുള്ള കപ്പൽ ഇറാൻ പിടിച്ചെടുത്തിരുന്നു . രാവിലെയാണ് ഇറാൻ സൈന്യം കപ്പൽ തടഞ്ഞത്. ദുബായിലേക്ക് പോകുകയായിരുന്ന കപ്പൽ ഹോർമുസ് കടലിടുക്കിൽ വച്ചാണ് ഇറാൻ സൈന്യം പിടിച്ചെടുത്തത്. യുഎഇയിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട എംഎസ് സി ഏരീയസ് എന്ന് കപ്പലാണ് ഹോർമുസ് കടലിടുക്കിൽ വച്ച് ഇറാൻ സൈന്യം പിടിച്ചെടുത്തത്. കപ്പലിൽ രണ്ട് മലയാളികൾ അടക്കം 17 ഇന്ത്യക്കാരുണ്ട്. സംഭവത്തെ അപലപിച്ച് അമേരിക്കയും ബ്രിട്ടനും രം​ഗത്തെത്തി. ഇറാൻ നടത്തിയത് അന്തരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഇരുരാജ്യങ്ങളും വിമർശിച്ചു. കപ്പൽ ഉടൻ വിട്ടയക്കണമെന്ന് ബ്രിട്ടൺ ആവശ്യപ്പെട്ടു. പശ്ചിമേഷ്യയിലെ സാഹചര്യങ്ങൾ സംഘർഷഭരിതമായി നിൽക്കെയാണ് ഇറാന്റെ നീക്കം. മുംബൈ തുറമുഖത്തേക്ക് പുറപ്പെട്ട കപ്പലിനെതിരെയായിരുന്നു ഇന്ത്യൻ സമയം രാവിലെ ഏട്ടരയോടെ ഇറാൻ സൈന്യത്തിന്റെ നടപടി. ഹോർമുസ് കടലിടുക്കിൽ നിന്ന് കപ്പൽ ഇറാൻ തീരത്തേക്ക് മാറ്റി. കപ്പലിലെ വാർത്താവിനിമയ സംവിധാനവും പ്രവർത്തിക്കുന്നില്ല. ഫുജൈറയ്ക്ക് സമീപത്തുവച്ച് ഹെലി കോപ്റ്റർ ഉപയോഗിച്ചുള്ള ഓപ്പറേഷനിലൂടെ ഇറാൻറെ സൈനികർ കപ്പൽ പിടിച്ചെടുത്തതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസി വ്യക്തമാക്കി. ലണ്ടൻ ആസ്ഥാനമായുള്ള സോഡിയാക് മാരിടൈമുമായി ബന്ധപ്പെട്ട കണ്ടെയ്‌നർ കപ്പലാണ് എംഎസ്‌സി ഏരീസ്. ഇസ്രായേലിലെ ശതകോടീശ്വനായ ഇയാൽ ഓഫറിന്റെ സോഡിയാക് ഗ്രൂപ്പിന്റെതാണ് ഈ കമ്പനി. കപ്പലിൽ 25 പേരുണ്ടായിരുന്നുവെന്ന് കമ്പനി സ്ഥിരീകരിച്ചു. കപ്പലിലെ 17 ഇന്ത്യക്കാരുടെ മോചനത്തിനായി നടപടികൾ ഇന്ത്യ ആരംഭിച്ചു. പാലക്കാട്, കോഴിക്കോട് സ്വദേശികളാണ് കപ്പലിലുള്ള രണ്ട് മലയാളികൾ. ഇവർ സുരക്ഷിതരാണെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം മേഖലയിലെ സംഘർഷം രൂക്ഷമാക്കുന്നതിൻ്റെ അനന്തരഫലം ഇറാൻ അനുഭവിക്കേണ്ടി വരുമെന്ന് ഇസ്രയേൽ സൈന്യം മുന്നറിയിപ്പ് നൽകി. സ്ഥിതി വഷളാക്കാൻ ശ്രമിച്ചാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും ഇസ്രയേൽ പ്രതികരിച്ചു

ഏപ്രിൽ ഒന്നിന് സിറിയയിലെ നയതന്ത്രകാര്യാലയത്തില്‍ ബോംബിട്ട് രണ്ടു സൈനിക ജനറല്‍മാരെ കൊന്ന ഇസ്രയേലിനെ ശിക്ഷിക്കുമെന്ന് ഇറാന്‍ ഭരണകൂടം വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു.

ഇറാൻ ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് ഇസ്രയേൽ; ഇരുരാജ്യങ്ങളിലേയ്ക്കും യാത്ര ചെയ്യരുതെന്ന് ഇന്ത്യ.