ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; കേരളത്തിൽ വോട്ടെടുപ്പ് ഏപ്രിൽ 26-ന്; വോട്ടെണ്ണൽ ജൂൺ 4-ന്.

ദില്ലി: ഇന്ത്യ പൊതുതെരഞ്ഞെടുപ്പിലേക്ക്. 543 ലോക്‌സഭാ മണ്ഡലങ്ങളിലേയ്ക്കുള്ള വോട്ടെടുപ്പിന്റെ തിയ്യതി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. രാജ്യത്താകെ 7 ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. ഏപ്രിൽ 19-ന് ആദ്യഘട്ടം വോട്ടെടുപ്പ് നടക്കും. രണ്ടാം ഘട്ടത്തിൽ കേരളത്തിൽ ഏപ്രിൽ 26 -ന് തെര‍ഞ്ഞെടുപ്പ് നടക്കും. എല്ലാ ഘട്ടവും പൂർത്തിയാക്കിയതിന് ശേഷം ജൂൺ 4 -ന് വോട്ടെണ്ണൽ നടക്കും. നിലവിലെ ലോക്‌സഭയുടെ കാലാവധി ജൂൺ 16-ന് അവസാനിക്കും. അതിനുമുൻപ് പുതിയ സർക്കാർ ചുമതലയേൽക്കണം.

ആന്ധ്രപ്രദേശ്, ഒഡീഷ, അരുണാചൽപ്രദേശ്, സിക്കിം എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പു തീയതികളും പ്രഖ്യാപിച്ചു. ആന്ധ്രപ്രദേശ്, ഒഡീഷ സംസ്ഥാനങ്ങളിൽ മേയ് 13-നും അരുണാചൽപ്രദേശ്, സിക്കിം സംസ്ഥാനങ്ങളിൽ ഏപ്രിൽ 19-നുമാണ് വോട്ടെടുപ്പ്. ജൂൺ 4-ന് ഫലം പ്രഖ്യാപിക്കും. ഇതോടൊപ്പം വിവിധ സംസ്ഥാനങ്ങളിലായി 26 നിയമസഭാ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പും നടക്കും. ഡൽഹി വിജ്ഞാൻ ഭവനിലെ വാർത്താസമ്മളനത്തിൽ മുഖ്യ കമ്മിഷണർ രാജീവ് കുമാറാണ് തീയതികൾ പ്രഖ്യാപിച്ചത്. കമ്മിഷണർമാരായ ഗ്യാനേഷ് കുമാർ, സുഖ്ബീർ സിങ് സന്ധു എന്നിവരും പങ്കെടുത്തു.

10.5 ലക്ഷം പോളിംഗ് ബൂത്തുകളാണ് രാജ്യത്താകെ സജ്ജീകരിച്ചിട്ടുളളത്. 49.7 കോടി പുരുഷ വോട്ടർമാ‍ര്‍ക്കും 47.1 കോടി സ്ത്രീ വോട്ടർമാ‍ര്‍ക്കും ഇത്തവണ വോട്ടകാശമുണ്ട്. 48,000 പേ‍ര്‍ ട്രാൻസ്ജെൻഡ‍ര്‍മാരാണ്. യുവ വോട്ടർമാർ 19.74 കോടി പേരാണ്. കന്നി വോട്ടർമാരിൽ 85 ലക്ഷം പെൺകുട്ടികളാണ്. 85 വയസിന് മുകളിലുള്ളവർക്കും 40 ശതമാനത്തിലേറെ വൈകല്യം ഉള്ളവർക്കും വോട്ട് ഫ്രം ഹോം സൗകര്യം പ്രയോജനപ്പെടുത്താം. എത്താവുന്ന എല്ലായിടങ്ങളിലുമെത്തി വോട്ടെടുപ്പിൽ ജനങ്ങളെ പങ്കാളികളാക്കും. പേപ്പർ ഉപയോഗം പരമാവധി കുറയ്ക്കും. ഇ-വോട്ടർ ലിസ്റ്റ് പ്രയോജനപ്പെടുത്തും. പരമാവധി ഇലക്ട്രോണിക് സംവിധാനങ്ങൾ ഉപയോഗപ്പെടുത്തും. കൈവെസി ആപ്പിലൂടെ (Know your Candidate app) സ്ഥാനാർത്ഥികളുടെ വിവരങ്ങൾ ലഭ്യമാക്കും. 10.5 ലക്ഷം പോളിങ് സ്റ്റേഷനുകളും 1.5 കോടി പോളിങ് ഉദ്യോഗസ്ഥരും സുരക്ഷാ ജീവനക്കാരും 55 ലക്ഷം ഇവിഎമ്മുകളും 4 ലക്ഷം വാഹനങ്ങളുമുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ പറഞ്ഞു.

2019-ൽ, ആകെയുള്ള 543 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 303 സീറ്റുകളും നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായാണ് ബിജെപി അധികാരത്തിലേറിയത്. 272 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. കോൺഗ്രസിന് നേടാനായത് 52 സീറ്റുകൾ മാത്രം. ഇത്തവണ 400 സീറ്റിലധികം നേടുമെന്ന പ്രഖ്യാപനത്തോടെയാണ് എൻഡിഎ തിരഞ്ഞെടുപ്പ് പോരിനിറങ്ങിയിരിക്കുന്നത്.

Kerala Election: More Details >>