അന്വേഷിപ്പിന്‍ കണ്ടെത്തും, ഭ്രമയുഗം ഉൾപ്പടെയുള്ള ചിത്രങ്ങൾ ഓ റ്റി റ്റി -യിൽ

അന്വേഷിപ്പിന്‍ കണ്ടെത്തും, ഭ്രമയുഗം ഉൾപ്പടെയുള്ള ചിത്രങ്ങൾ ഓ റ്റി റ്റി -യിൽ

‘അന്വേഷിപ്പിൻ കണ്ടെത്തും’ മാർച്ച് 8: നെറ്റ്ഫ്ലിക്സ്
ടൊവിനോ തോമസ് നായകനായെത്തിയ ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന സിനിമ നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്തു. കേരളം ഏറെ ചർച്ച ചെയ്ത യഥാർഥ കൊലപാതക കേസുകളുടെ ചുവടുപിടിച്ച് സിനിമാറ്റിക്കായി ചിത്രം ഒരുക്കിയിരിക്കുന്നത് ‍‍ഡാർവിൻ കുര്യാക്കോസാണ്. തിരക്കഥയൊരുക്കിയിരിക്കുന്നത് ജിനു വി. എബ്രാഹാമാണ്. പൃഥ്വിരാജ് ചിത്രം ‘കാപ്പ’യുടെ മികച്ച വിജയത്തിനു ശേഷം തിയറ്റർ ഓഫ് ഡ്രീംസ് നിർമിച്ച ചിത്രം കൂടിയാണ് “അന്വേഷിപ്പിൻ കണ്ടെത്തും”

റാണി: മാർച്ച് 7: മനോരമ മാക്സ്
ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത ‘റാണി’ എന്ന ചിത്രം മനോരമ മാക്സിലൂടെ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്.
തിരക്കഥാകൃത്തും സംവിധായകനുമായ ശങ്കർ രാമകൃഷ്ണൻ, പതിനെട്ടാംപടി എന്ന ചിത്രത്തിനു ശേഷം ഒരുക്കുന്ന ചിത്രമാണ് റാണി. ഭാവന, ഹണി റോസ്, ഉർവശി, ഗുരു സോമസുന്ദരം, അനുമോൾ നിയതി, അശ്വിൻ എന്നിങ്ങനെ ഒരു വലിയ താരനിര ചിത്രത്തിൽ അണി നിരക്കുന്നുണ്ട്. വളരെ കാലികമായ വിഷയം അവതരിപ്പിക്കുന്ന ത്രില്ലറാണ് റാണി. ചിത്രം ശക്തമായ സ്ത്രീപക്ഷ സാന്നിധ്യത്തിലൂടെ ഉദ്ദ്വേഗജനകമായ കഥ പറയുന്നു.

മെറി ക്രിസ്മസ്: മാർച്ച് 8: നെറ്റ്ഫ്ലിക്സ്
വിജയ് സേതുപതി, കത്രീന കൈഫ് എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ സിനിമ. ശ്രീറാം രാഘവൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മധു നീലകണ്ഠനാണ് ഛായാഗ്രഹണം വിജയ് സേതുപതിയുടെ ആദ്യ ഹിന്ദി ചിത്രമാണ് ഇത്. എന്നാല്‍ പിന്നീട് വിജയ് സേതുപതി അഭിനയിച്ച ജവാനാണ് ആദ്യം റിലീസായത്. തമിഴിലും ഇതേപേരിൽ ചിത്രം ഒരുക്കിയിരുന്നു.

ഡാംസൽ: മാര്‍ച്ച് 8: നെറ്റ്ഫ്ലിക്സ്
മില്ലി ബോബി ബ്രൗണിനെ നായികയാക്കി ജുവാൻ കാർലോസ് സംവിധാനം ചെയ്യുന്ന ഡാർക് ഫാന്റസി ചിത്രം. എവ്‌ലിൻ സ്കീയുടെ ഇതേപേരിലുള്ള നോവലാണ് സിനിമയുടെ ആധാരം.

ഭ്രമയുഗം: മാർച്ച് 15: സോണി ലിവ്വ്
മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രം ‘ഭ്രമയുഗം’ ഒടിടി റിലീസിനൊരുങ്ങുന്നു. മാർച്ച് 15-ന് സോണി ലിവ്വിലൂടെ സിനിമയുടെ സ്ട്രീമിങ് ആരംഭിക്കും. ബ്ലാക്ക് ആൻഡ് വൈറ്റിലെത്തിയ ചിത്രം ബോക്സ്ഓഫിസിലും വലിയ പ്രതികരണം സൃഷ്ടിച്ചിരുന്നു. അറുപത് കോടിയാണ് ചിത്രം ആഗോളവ്യാപകമായി വാരിയത്. ബ്ലാക്ക് ആന്‍ഡ് വൈറ്റിലൊരുങ്ങിയ പരീക്ഷണ ചിത്രം ഇത്ര വലിയ കലക്ഷന്‍ നേടിയത് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം വലിയ സ്വീകാര്യത നേടി.

ഏബ്രഹാം ഓസ്‌ലർ: മാർച്ച് 20: ഹോട്ട്സ്റ്റാർ
ജയറാം നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം ‘എബ്രഹാം ഓസ്‌ലർ’ ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറിലൂടെ മാര്‍ച്ച് 20 മുതൽ സിനിമയുടെ സ്ട്രീമിങ് ആരംഭിക്കും. ഒരിടവേളയ്ക്കു ശേഷം മലയാളത്തിൽ റിലീസിനെത്തിയ ജയറാം ചിത്രത്തിന് തിയറ്റുകളിൽ ആദ്യ ദിവസം തന്നെ അതിഗംഭീര വരവേൽപാണ് ലഭിച്ചത്. ജീവിതത്തില്‍ വലിയൊരു ദുരന്തം നേരിട്ട പൊലീസ് ഓഫിസറായ ഓസ്‌ലറിനു മുന്നിൽ ഒരു സീരിയല്‍ കില്ലർ പ്രത്യക്ഷപ്പെടുന്നതും തുടര്‍ന്നുള്ള കുറ്റാന്വേഷണവുമാണ് പ്രമേയം. കഥയിലെ നിർണായക കഥാപാത്രമായി എത്തുന്ന മമ്മൂട്ടിയുടെ സർപ്രൈസ് വേഷവും പ്രേക്ഷകരെ ആവേശത്തിലാക്കും. അലക്സാണ്ടര്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്.

കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഓൺലൈൻ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ സി സ്‌പേസ് ഒടിടിയിലൂടെയും പുതിയ സിനിമകൾ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്. ‘ബി 32 മുതൽ 44 വരെ’ തുടങ്ങി നിരൂപക പ്രശംസയും അവാർഡുകളും നേടിയ സിനിമകൾ ഉൾപ്പെടെ നാൽപത്തിരണ്ടോളം പ്രശസ്ത ചിത്രങ്ങൾ ഈ പ്ലാറ്റ്ഫോമിന്റെ ഭാഗമാകും.

ബി 32 മുതൽ 44 വരെ: മാർച്ച് 7: സി സ്പേസ്
പെൺശരീരത്തിന്റെ അളവുകളും അതിലെ രാഷ്ട്രീയവും പറയുന്ന ചിത്രം. ശ്രുതി ശരണ്യം സംവിധാനം ചെയ്ത ചിത്രം സംസ്ഥാന സർക്കാരിന്റെ വിമെൻ സിനിമ പ്രോജക്ടിന്റെ ഭാഗമായി കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപറേഷനാണ് നിർമിച്ചത്. രമ്യാ നമ്പീശൻ, അനാർക്കലി മരിക്കാർ, സെറിൻ ഷിഹാബ്, ബി.അശ്വതി, നവാഗതയായ റെയ്ന രാധാകൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ഇരുപതിൽ കൂടുതൽ സത്രീകൾ പിന്നണിയിലും മുന്നിലും ഒരു പോലെ പ്രവർത്തിച്ച ചിത്രമാണ് ‘ബി 32 മുതൽ 44 വരെ.

Lok Sabha Election: Kerala – Opinion Polls, Candidates >>

ഫെബ്രുവരി മാസത്തിലെ ഓറ്റിറ്റി റിലീസുകൾ.