ഹമാസ് ആക്രമണത്തിൽ ഒരൊറ്റ ദിവസം കൊല്ലപ്പെട്ടത് 24 ഇസ്രയേൽ സൈനികർ.

ഗാസ: ഇസ്രായേൽ ഹമാസ് യുദ്ധം 110 ദിവസം പിന്നിടുമ്പോഴും അക്രമങ്ങൾക്കു ഒരു കുറവുമില്ല. ഗാസയിൽ മരണം അരലക്ഷം കടന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗാസയിൽ തിങ്കളാഴ്ചയുണ്ടായ ആക്രമണങ്ങളിൽ തങ്ങളുടെ 24 സൈനികർ കൊല്ലപ്പെട്ടതായി ഇസ്രയേൽ സൈന്യം അറിയിച്ചു. കരയുദ്ധം ആരംഭിച്ച ശേഷം ഇതാദ്യമായാണ് ഇത്രയധികം സൈനികർ ഒരൊറ്റ ദിവസം കൊല്ലപ്പെടുന്നതെന്നും ഇസ്രയേൽ പ്രതിരോധ സേനാ വക്താവ് പറഞ്ഞു. രണ്ടു കെട്ടിടങ്ങൾ തകർക്കാനുള്ള സ്ഫോടകവസ്തുക്കൾ ഒരുക്കുമ്പോൾ, ഹമാസ് തൊടുത്ത റോക്കറ്റ് ഇസ്രയേൽ ടാങ്കിൽ വന്നുപതിച്ചതിനെത്തുടർന്നു സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ചാണ് 21 സൈനികർ കൊല്ലപ്പെട്ടത്. മറ്റൊരു ആക്രമണത്തിൽ മൂന്ന് പേരുമാണ് മരിച്ചത്. അതേസമയം 195 പലസ്തീനികളെ ഒരൊറ്റ ദിവസം ഇസ്രയേൽ കൊന്നൊടുക്കിയതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേസമയം ഗാസയിലെ ഖാൻ യൂനിസ് വളഞ്ഞ ഇസ്രയേൽ സൈന്യം ശക്തമായ കര, നാവിക, വ്യോമ ആക്രമണങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. നിരപരാധികളായ പലസ്തീനികളെയും ആരോഗ്യ പ്രവര്‍ത്തകരെയും സംരക്ഷിക്കണമെന്ന് അമേരിക്ക ഇസ്രയേലിനോട് ആവശ്യപ്പെട്ടു. ഇസ്രയേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുള്ളപ്പോള്‍ തന്നെ, ആശുപത്രികളിലെ നിരപരാധികളായ ജനങ്ങളെയും ആരോഗ്യ പ്രവര്‍ത്തകരെയും രോഗികളെയും സംരക്ഷിച്ചുകൊണ്ട്, അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് അനുസൃതമായി അത് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ കൗണ്‍സിൽ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു.

ഹമാസ് ഭീകരർ ബന്ദികളാക്കിയ എല്ലാവരേയും മോചിപ്പിക്കുകയാണെങ്കിൽ രണ്ട് മാസത്തെ സമ്പൂർണ വെടിനിർത്തൽ നടപ്പാക്കാമെന്ന ഉപാധി മധ്യസ്ഥ രാജ്യങ്ങൾക്ക് മുന്നിൽ കഴിഞ്ഞ ദിവസം ഇസ്രായേൽ വെച്ചിരുന്നു. ഖത്തർ, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ മധ്യസ്ഥർ വഴിയാണ് ഇസ്രായേൽ ഹമാസിനെ ഇക്കാര്യം അറിയിച്ചത്. ഘട്ടം ഘട്ടമായിട്ടായിരിക്കും ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നത്. നിലവിൽ എത്ര പേർ ഹമാസിന്റെ പക്കൽ തടവിലുണ്ട് എന്നത് സംബന്ധിച്ച് കൃത്യമായ കണക്കെടുപ്പ് നടത്തുമെന്നും, എല്ലാവരേയും മോചിപ്പിക്കാൻ സാധിക്കുമെന്നും ഉദ്യോഗസ്ഥർ പറയുന്നു.