സൈനിക വിമാനം തകർന്നുവീണ് റഷ്യയിൽ വൻ ദുരന്തം, 65 പേ‍ർ കൊല്ലപ്പെട്ടു.

മോസ്കോ∙ റഷ്യൻ സൈനിക വിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ 65 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. യുക്രെയ്ൻ അതിർത്തിയോടു ചേർന്നുള്ള സതേൺ ബെൽഗോറോദ് പ്രവിശ്യയിലാണ് അപകടമുണ്ടായത്. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും റഷ്യൻ തടവുകാരായ യുക്രൈൻ സൈനികരാണെന്നാണ് വിവരം. റഷ്യയുടെ ഐ എൽ 76 മിലിട്ടറി ട്രാൻസ്പോർട്ട് വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിലെ 6 ക്രൂ മെമ്പർമാരും 3 റഷ്യൻ സുരക്ഷാ ഉദ്യോഗസ്ഥരും വിമാനത്തിനകത്തുണ്ടായിരുന്നതായി റഷ്യൻ ഡിഫൻസ് മിനിസ്ട്രി അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

റഷ്യ യുക്രൈൻ യുദ്ധം 700 ദിവസം പിന്നിടുമ്പോഴും റഷ്യ ആക്രമണം തുടരുകയാണ്. തലസ്ഥാനമായ കീവ് അടക്കം യുക്രെയ്നിലെ പ്രധാനനഗരങ്ങളിൽ റഷ്യൻ സേന നടത്തിയ മിസൈൽ ആക്രമണങ്ങളിൽ 6 പേർ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടിരുന്നു, കീവിൽ 3 ജില്ലകളിൽ സ്ഫോടനങ്ങളിൽ ഒട്ടേറെ കെട്ടിടങ്ങൾക്കു തീപിടിച്ചു. റഷ്യയുടെ 41 മിസൈലുകളിൽ 21 എണ്ണം വെടിവച്ചിട്ടതായി യുക്രെയ്ൻ അവകാശപ്പെട്ടു. ഇരുരാജ്യത്തും കടുത്ത മഞ്ഞുകാലമായതിനാൽ യുദ്ധമുഖത്തു കാര്യമായ സൈനികനീക്കമില്ലാതെ തുടരുമ്പോഴാണ് റഷ്യ മിസൈ‍ൽ ആക്രമണം ശക്തമാക്കിയത്. യുക്രെയ്നിൽ റഷ്യൻ സേന ഉത്തര കൊറിയയിൽനിന്നുള്ള മിസൈലുകളും ഉപയോഗിച്ചുതുടങ്ങിയതായി റിപ്പോർട്ടുണ്ട്.