
ഗില്‍ജിത്: ഭക്ഷ്യക്ഷാമം രൂക്ഷമായതോടെ പാക്കിസ്ഥാനെതിരെ മുദ്രാവാക്യങ്ങളുമായി പാക് അധിനിവേശ കശ്മീരിലെ ജനങ്ങള്‍. ഗോതമ്പുള്‍പ്പെടെയുള്ള അവശ്യ ധാന്യങ്ങളും നിത്യോപയോഗ വസ്തുക്കളും കിട്ടാക്കനി ആയതോടെയാണ് ജനങ്ങള്‍ പരസ്യമായി പ്രക്ഷോഭത്തിനിറങ്ങിയത്. പാക്കിസ്ഥാന്‍ സബ്‌സിഡിയായി നല്‍കിയിരുന്ന ഗോതമ്പ് ഈയിടെ നിര്‍ത്തലാക്കിയിരുന്നു. ഇതാണ് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയത്. നിത്യോപയോഗ സാധനങ്ങള്‍ക്കും പഴം, പച്ചക്കറി എന്നീ ഇനങ്ങള്‍ക്കും കടുത്ത ക്ഷാമം നേരിടുന്നു. തങ്ങളുടെ അവസ്ഥയ്‌ക്ക് പാക്കിസ്ഥാന്‍ സര്‍ക്കാര്‍ മറുപടി പറയണമെന്നാണ് ജനങ്ങള്‍ ഉയര്‍ത്തുന്ന പ്രധാന മുദ്രാവാക്യം.
അധിനിവേശ കശ്മീരിലെ മുന്‍ പ്രധാനമന്ത്രി രാജ ഫരൂഖ് ഹൈദര്‍ കഴിഞ്ഞ ദിവസം പാക് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. ജനങ്ങള്‍ താഴ് വരവിട്ട് പാലായനം ചെയ്യാന്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ പ്രേരിപ്പിക്കരുതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പ്രദേശം ഇന്ത്യയോട് ലയിപ്പിക്കണമെന്ന് പിഒകെയിലെ ജനങ്ങള്‍ ആവശ്യപ്പെടുന്ന വീഡിയോയും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.