
ഐക്കണിക്ക് അമേരിക്കൻ വാഹന ബ്രാൻഡായ ജീപ്പിന്‍റെ മാതൃകമ്പനിയായ സ്റ്റെല്ലാന്‍റിസ് ഈ വർഷം ആദ്യം ജീപ്പ് അവഞ്ചർ ഇവി കൺസെപ്റ്റ് പുറത്തിറക്കിയിരുന്നു. കമ്പനി ഇപ്പോൾ പാരീസ് മോട്ടോർ ഷോയിൽ ഇലക്ട്രിക് എസ്‌യുവിയുടെ ഓൾ-വീൽ ഡ്രൈവ് പതിപ്പായ ജീപ്പ് അവഞ്ചർ 4×4 അവതരിപ്പിച്ചു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അടുത്ത സാമ്പത്തിക വർഷാരംഭത്തോടെ ഈ വാഹനം യൂറോപ്യൻ നിരത്തുകളിലെത്തുമെന്നാണ് സൂചന. അങ്ങനെയാണെങ്കിൽ സ്റ്റെല്ലാന്റിസ് എസ്ടിഎൽഎ എന്ന ചെറു പ്ലാറ്റ്ഫോം ഉപയോഗിക്കുന്ന ആദ്യ വാഹനവും ഇതു തന്നെയാകും.
സ്റ്റെല്ലാന്റിസ് നിർമിച്ച 54 കിലോവാട്ട് ബാറ്ററി ഉപയോഗിക്കുന്ന വാഹനത്തിന്റെ ദൂരക്ഷമത 400 കിലോമീറ്റർ ആയിരിക്കുമെന്ന് ഡബ്ല്യുഎൽടിപി സൂചനകളുണ്ട്. എന്നാൽ ജീപ്പ് അവകാശപ്പെടുന്നത് ഡ്രൈവിങ് കണ്ടീഷനുകളെ ആശ്രയിച്ച് 550 കിലോമീറ്ററുകളിലേറെ ദൂരം യാത്ര ചെയ്യാൻ ഈ വാഹനത്തിനു ശേഷിയുണ്ടെന്നാണ്. ജീപ്പ് അവെഞ്ചറിന് 2 വീൽ ഡ്രൈവ് – 4 വീൽ ഡ്രൈവ് വകഭേദങ്ങളും ഉണ്ടായിരിക്കും.