
കീവ്: യുക്രെയ്‌നെ പൂർണ്ണമായും തകർക്കുന്ന തരത്തിലേയ്‌ക്ക് റഷ്യ ആക്രമണം ശക്തമാക്കുന്നു. പാശ്ചാത്യശക്തികളുടെ പിൻബലത്തിൽ പ്രത്യാക്രമണം നടത്തുന്ന പശ്ചാത്തലത്തിലാണ് യുക്രെയ്‌നെ മൊത്തം ഇരുട്ടിലാക്കുന്ന തരത്തിലേയ്‌ക്ക് റഷ്യ ആക്രമണം വ്യാപകമാക്കുന്നത്. വൈദ്യുതി നിലയങ്ങളും ജലവിതരണവും തടസ്സപ്പെടുത്തി സമ്മർദ്ദമുണ്ടാക്കാനാണ് ശ്രമം. നിലവിൽ മൂന്ന് പവർ ഗ്രിഡുകൾ തകർത്തെന്ന് സെലൻസ്കി ആരോപിച്ചു. റഷ്യ ആക്രമണം കടുപ്പിക്കുമ്പോള്‍ തെക്കന്‍ യുക്രൈനിലുള്ള വലിയ അണക്കെട്ട് തകര്‍ക്കരുതെന്ന് റഷ്യന്‍ പ്രസിഡന്‍റിന് മുന്നറിയിപ്പ് നല്‍കണമെന്ന് പടിഞ്ഞാറന്‍ രാജ്യങ്ങളോട് വ്ളോഡിമിർ സെലെൻസ്കി അഭ്യര്‍ത്ഥിച്ചു. തെക്കന്‍ യുക്രൈനിലെ നോവ കാഖോവ അണക്കെട്ട് തകര്‍ക്കാനുള്ള നീക്കത്തിലാണ് റഷ്യന്‍ സേനയുള്ളത്. റഷ്യ യുക്രൈന്‍ പോരാട്ടത്തില്‍ പ്രധാനമായ ഖേര്‍സണില്‍ നിന്ന് റഷ്യന്‍ സൈനികരെ തുരത്താനുള്ള നീക്കത്തിനിടെയാണ് വ്ളോഡിമിർ സെലെൻസ്കിയുടെ അഭ്യര്‍ത്ഥന. റഷ്യന്‍ സേനയുടെ പിന്മാറ്റത്തിനിടെ ഈ അണക്കെട്ട് തകര്‍ക്കുമോയെന്ന ആശങ്കയാണ് വ്ളോഡിമിർ സെലെൻസ്കി പങ്കുവയ്ക്കുന്നത്.
8 മാസം പിന്നിട്ട അധിനിവേശത്തിന് കഴിഞ്ഞ മാസങ്ങളിൽ യുക്രെയ്ൻ പാശ്ചാത്യ ആയുധ സഹായത്തോടെ കനത്ത നൽകിത്തുടങ്ങിയതോടെ റഷ്യ ആക്രമണം കടുപ്പിച്ചിരിക്കയാണ്. യുക്രെയ്നിന്റെ തലസ്ഥാനമായ കീവിലും തന്ത്രപ്രധാന കേന്ദ്രങ്ങളിലും റഷ്യ മിസൈൽ ആക്രമണം ശക്തമായി തുടരുകയാണ്. സർക്കാർ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം. നഗരത്തിലെ ജലവിതരണ, വൈദ്യുത സംവിധാനങ്ങൾ എന്നിവ റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നിരുന്നു. കീവിന് പുറമെ തന്ത്ര പ്രധാന മേഖലകളായ ലിവീവ്, ദിനിത്രി, സപ്രോഷ്യ മേഖലകളിലും വൻ ആക്രമണമാണ് റഷ്യ നടത്തുന്നത്. യുക്രെയ്‌നിലെ ദേശീയ ഗ്രിഡിൽ പല തവണ വൈദ്യുതി നിലയ്‌ക്കുകയാണ്. സാധാരണക്കാരായ ജനങ്ങളെല്ലാം മെഴുകുതിരി വെട്ടത്തിലേയ്‌ക്ക് മാറിയിരിക്കുന്നതായും യുക്രെയ്ൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആക്രമണം റഷ്യ വർദ്ധിപ്പിച്ചാൽ സർക്കാർ സംവിധാനം നിശ്ചലമാകുമെന്ന അവസ്ഥയാണെന്നും ജനങ്ങൾ ഭയക്കുന്നു.
ശൈത്യകാലം ആരംഭിച്ചതോടെ യൂറോപ്പൊന്നാകെ പ്രതിസന്ധിയിലേയ്‌ക്ക് നീങ്ങുകയാണ്. കനത്ത തണുപ്പിൽ റൂം ഹീറ്ററുകളും മറ്റ് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനാകാതെ ജനങ്ങൾ വിഷമിക്കുകയാണ്. റഷ്യ പൈപ്പ് ലൈൻ പൂട്ടിയതിലൂടെ നാൽപ്പത് ശതമാനത്തോളം ഇന്ധന ലഭ്യതയിലാണ് കുറവ് വന്നിരിക്കുന്നത്.
റഷ്യ ആക്രമണം ശക്തമാക്കിയതോടെ റഷ്യൻ പ്രതിരോധ മന്ത്രിയുമായി അമേരിക്കൻ പ്രതിരോധ മന്ത്രി ഫോണിലൂടെ അടിയന്തിരമായി ചർച്ച നടത്തി. അമേരിക്കയ്‌ക്കായി പ്രതിരോധ മന്ത്രി ലോയ്ഡ് ഓസ്റ്റിനും റഷ്യയുടെ സെർജീ ഷോയ്ഗുവുമാണ് ഫോണിലൂടെ അടിയന്തിര സാഹചര്യം പരസ്പരം പങ്കുവെച്ചത്. ആഗോളതലത്തിലെ സുരക്ഷാ വിഷയങ്ങൾ പരസ്പരം ധരിപ്പിച്ചെന്നുമാണ് ലോയ്ഡ് ഓസ്റ്റിൻ പറയുന്നത്. യുക്രെയ്‌ന് നേരെയുള്ള ആക്രമണം എത്രയും വേഗം അവസാനിപ്പിക്കണമെന്ന അഭ്യർത്ഥന അമേരിക്ക നടത്തിയെന്നാണ് റഷ്യൻ പ്രതിരോധവകുപ്പ് അറിയിക്കുന്നത്. ഇതേസമയം, ഇറാന്റെ സൈനികർ ക്രൈമിയയിൽ ഉണ്ടെന്നും ഇറാൻ നിർമിത ഡ്രോണുകൾ ഉപയോഗിച്ച് ആക്രമിക്കാൻ അവർ റഷ്യയെ സഹായിക്കുന്നതായും യുഎസ് ആരോപിച്ചു. ഇതു സംബന്ധിച്ച് വ്യക്തമായ തെളിവുകൾ ലഭ്യമായിട്ടുണ്ടെന്ന് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വക്താവ് നെഡ് പ്രൈസ് വാഷിങ്ടനിൽ പറഞ്ഞു.
യുദ്ധം രൂക്ഷമാകുന്നു; നാല് യുക്രെയ്ന്‍ പ്രവിശ്യകളില്‍ പുടിൻ പട്ടാള നിയമം പ്രഖ്യാപിച്ചു.