യുദ്ധം രൂക്ഷമാകുന്നു; നാല് യുക്രെയ്ന്‍ പ്രവിശ്യകളില്‍ പുടിൻ പട്ടാള നിയമം പ്രഖ്യാപിച്ചു.

മോസ്കോ: റഷ്യ കൂട്ടിച്ചേര്‍ത്തുവെന്ന് അവകാശപ്പെട്ടുന്ന നാല് യുക്രെയ്ന്‍ പ്രവിശ്യകളില്‍ റഷ്യൻ പ്രസിഡന്റ് പുടിൻ പട്ടാള നിയമം പ്രഖ്യാപിച്ചു. ഇതുപ്രകാരം മേഖലകളുടെ നിയന്ത്രണം സൈന്യം ഏറ്റെടുക്കും. ചില മേഖലകളില്‍നിന്ന് ജനങ്ങളെ ഒഴിപ്പിക്കാനും ആരംഭിച്ചു. കടുത്ത തിരിച്ചടികൾ യുക്രെയ്നിലെ റഷ്യൻ നീക്കങ്ങൾ ദുർബലമാക്കുന്ന സാഹചര്യത്തിലാണ് നടപടി.

റഷ്യ ആക്രമണം കടുപ്പിച്ച സാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാർ യുക്രെയൻ വിടണമെന്ന് ഇന്ത്യൻ എംബസി നിർദേഷിച്ചു. രാജ്യത്തെ സുരക്ഷാ സാഹചര്യം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യൻ എംബസി പ്രത്യേക മാർഗനിർദേശം പുറപ്പെടുവിച്ചത്. യുക്രെയ്‌നിലെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ പൗരന്മാർ എത്രയും വേഗം യുക്രെയ്ൻ വിടണമെന്നാണ് നിർദേശം. രാജ്യത്ത് അനാവശ്യമായ യാത്രകൾ ഒഴിവാക്കണമെന്നും നിർദേശമുണ്ട്. യുക്രെയ്‌നിലെ നാല് സ്ഥലങ്ങളിൽ പട്ടാള നിയമം നടപ്പിലാക്കിക്കൊണ്ടുള്ള ഉത്തരവ് റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിൻ പുറപ്പെടുവിച്ചതിന് പിന്നാലെയാണ് എംബസിയുടെ മാർഗനിർദേശമെത്തിയത്.

ഡോണെറ്റ്സ്ക്, ലുഹാന്‍സ്ക്, റിപ്പബ്ലിക്കുകളും ഹേഴ്സണ്‍, സപോര്‍ഷ്യ എന്നീ പ്രവിശ്യകളിലുമാണ് ആയുധനിയമം ഏര്‍പ്പെടുത്തിയത്. ഇതോടെ ഈ മേഖലകളുടെ ഭരണച്ചുമതല ഗവര്‍ണര്‍മാരില്‍നിന്ന് സൈന്യത്തിന് കൈമാറ്റം ചെയ്യപ്പെടും. നാലിടത്തും പ്രാദേശിക സൈനിക ആസ്ഥാനങ്ങളും നിലവില്‍ വരും.

അതേസമയം യുക്രെയ്ന്‍ നഗരങ്ങളില്‍ റഷ്യ ആക്രമണം തുടരുകയാണ്. തലസ്ഥാനമായ കീവില്‍ അഞ്ച് സ്ഫോടനങ്ങള്‍ നടന്നതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റഷ്യയുടെ എട്ട് ഡ്രോണുകളും നാല് മിസൈലുകളും തകര്‍ത്തതായി യുക്രെയ്നും അവകാശപ്പെട്ടു. റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയ്‌ക്ക് കൂടുതൽ പിന്തുണയുമായി ഇറാൻ രംഗത്ത് വന്നു. ഡ്രോണുകൾക്ക് പുറമെ മിസൈലുകൾ അടക്കമുള്ള കൂടുതൽ സൈനിക സഹായങ്ങൾ നൽകുമെന്ന് ഇറാൻ വ്യക്തമാക്കി. യുക്രെയ്ന് കൂടുതൽ ഡ്രോൺ പ്രതിരോധ സംവിധാനങ്ങൾ നാറ്റോ വാഗ്ദാനം ചെയ്തതിന് പിന്നാലെയാണിത്.

യുദ്ധത്തിൽ റഷ്യയുടെ പക്കൽ ഡ്രോണുകൾക്ക് പുറമെ ഇറാനിയൻ മിസൈലുകളും പ്രത്യക്ഷപ്പെടുന്നത് ഇറാനും അമേരിക്കയും മറ്റ് പാശ്ചാത്യ ശക്തികളും തമ്മിലുള്ള സംഘർഷം കൂട്ടുമെന്നാണ് വിലയിരുത്തൽ. ഇറാൻ നിർമ്മിത ഷഹെദ്-136 ഡ്രോണുകൾ ഉപയോഗിച്ച് കഴിഞ്ഞ ആഴ്ചകളിൽ റഷ്യൻ ആക്രമണങ്ങൾ യുക്രെയ്നിൽ റിപ്പോർട്ട് ചെയ്തിരുന്നു.