‘സാന്താക്ലോസി’ന്റെ യഥാർഥ ശവകുടീരം കണ്ടെത്തി.

‘സാന്താക്ലോസി’ന്റെ യഥാർഥ ശവകുടീരം കണ്ടെത്തി.

ഇസ്തംബുൾ: സാന്താക്ലോസ് എന്ന് അറിയപ്പെടുന്ന വിശുദ്ധ നിക്കോളാസിനെ അടക്കം ചെയ്ത കൃത്യമായ സ്ഥലം തുർക്കിയിലെ പുരാവസ്തു ഗവേഷകർ കണ്ടെത്തി. ക്രിസ്മസ് അപ്പൂപ്പൻ (സാന്താക്ലോസ്) സങ്കൽപത്തിനു കാരണക്കാരനായ വിശുദ്ധ നിക്കൊളാസിന്റെ യഥാർഥ ശവകുടീരം തുർക്കിയിലെ അന്റാലിയ പ്രവിശ്യയിലെ സെന്റ് നിക്കൊളാസ് ബൈസന്റൈൻ പള്ളിയിലാണെന്ന് ഇലക്ട്രോണിക് സർവേയിലൂടെയാണ് സ്ഥിരീകരിച്ചത്. പലതവണ പുതുക്കിപ്പണിത, യുനെസ്കോ പൈതൃക പട്ടികയിലുള്ള ബൈസന്റൈൻ പള്ളിയിൽ 2017 -ൽ കണ്ടെത്തിയ ശിലയെ ആധാരമാക്കി നടത്തിയ ഗവേഷണമാണ് ഇതിനു സഹായിച്ചത്.

മൈറ ഭദ്രാസനത്തിലെ മെത്രാനായിരുന്ന നിക്കൊളാസ് ദരിദ്രരായ കുട്ടികൾക്ക് അപ്രതീക്ഷിത സമ്മാനം നൽകി ജനപ്രിയനായിരുന്നു. എഡി 343 -ൽ കാലംചെയ്ത അദ്ദേഹത്തെ മൈറയിലെ ഓർത്തഡോക്സ് പള്ളിയിൽ കബറടക്കിയെങ്കിലും ഭൗതികാവശിഷ്ടങ്ങൾ 1087 ൽ ഇറ്റലിക്കാർ ബാരിയിലേക്കു കടത്തിയെന്നാണ് വിശ്വാസം. എന്നാൽ, ഇറ്റലിക്കാർ കടത്തിയത് മറ്റൊരു പുരോഹിതന്റെ ഭൗതികാവശിഷ്ടമാണെന്നും സെന്റ് നിക്കൊളാസിന്റെ കബർ ഭദ്രമാണെന്നും ഇപ്പോഴത്തെ ഗവേഷകസംഘം പറയുന്നു.