ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ചു.

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ്‍ ട്രസ് രാജിവെച്ചു. അധികാരമേറ്റെടുത്ത് 45 ആം ദിവസമാണ് രാജി. സാമ്പത്തിക നയങ്ങൾക്കെതിരായ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് രാജി. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞകാലം സ്ഥാനത്ത് ഇരുന്ന പ്രധാനമന്ത്രിയെന്ന പേരുദോഷവുമായാണ് ലിസ് ട്രസിന്‍റെ മടക്കം. പാർട്ടി തന്നെ ഏൽപ്പിച്ച ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞില്ല, രാജിവെക്കുന്നു എന്നാണ് പ്രധാനമന്ത്രി സ്ഥാനത്ത് നിന്നുള്ള പിന്മാറ്റത്തിന് പിറകെ ലിസ് ട്രസ് പ്രതികരിച്ചത്. മാസങ്ങളായി ബ്രിട്ടീഷ് രാഷ്ട്രീയത്തിലും ഭരണത്തിലും തുടരുന്ന പ്രതിസന്ധിയാണ് പ്രധാനമന്ത്രിയുടെ രാജിയിൽ കലാശിച്ചത്.

അധികാരമേറ്റതിന് പിറകെ ലിസ് ട്രസ് അവതരിപ്പിച്ച സാമ്പത്തിക പാക്കേജിനും മിനി ബജറ്റിനും എതിരെ വൻ വിമർശനമാണ് ഉയർന്നത്. കൂടാതെ പണപ്പെരുപ്പം പാരമ്യത്തിലെത്തി. നികുതിയിളവുകൾ സാമ്പത്തിക മേഖലയെ ബാധിക്കുമെന്ന് പ്രതിപക്ഷത്തിനൊപ്പം പാർട്ടിയിലേയും കാബിനറ്റിലെയും പ്രമുഖർ വിമർശിച്ചു. ധനമന്ത്രി ക്വാസി കോർട്ടെങ്ങ് രാജിവച്ചു. പിറകെ ലിസ്‍ ട്രസിനെതിരെ ആരോപണൾ ഉന്നയിച്ച് ആഭ്യന്തരമന്ത്രിയും ഇന്ത്യൻ വംശജയുമായ സുവല്ലെ വെർമനും സ്ഥാനം ഒഴിഞ്ഞു. വിമർശനവും പ്രതിഷേധവും കടുത്തതോടെയാണ് ബ്രിട്ടന്‍റെ മൂന്നാമത് വനിതാ പ്രധാനമന്ത്രിയുടെ മടക്കം. പുതിയ നേതൃത്വം വരുന്നത് വരെ സ്ഥാനത്ത് തുടരുമെന്ന് ലിസ് ട്രസ് വ്യക്തമാക്കി.

പുതിയ നേതാവിനെ അടുത്തയാഴ്ച തിരഞ്ഞെടുക്കുമെന്നാണ് രാജി പ്രഖ്യാപനത്തിൽ ലിസി ട്രസ് അറിയിച്ചത്. പാർട്ടി എംപിമാരുടെ കൂട്ടായ്മായായ 1922 കമ്മിറ്റി ചെയർമാൻ സർ ഗ്രഹാം ബ്രാഡിയും അടുത്ത വെള്ളിയാഴ്ചയോടെ പുതിയ നേതാവ് ഉണ്ടാകുമെന്ന പ്രഖ്യാപനമാണ് നടത്തിയത്. എന്നാൽ ഈ നേതാവ് ആരാകും എന്നറിയാനാണ് ഏവർക്കും ആകാംഷ. മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസണും മുൻ തെരഞ്ഞെടുപ്പിൽ ലിസ് ട്രസിന് പിറകെ രണ്ടാം സ്ഥാനത്തെത്തിയ റിഷി സുനക്, മുൻ പ്രതിരോധ സെക്രട്ടറി പെന്നി മൂർഡെന്‍റ്, നിലവിലെ പ്രതിരോധ സെക്രട്ടറി ബെന്‍ വാലേസ്, സുവല്ലെ ബ്രേവർമാൻ എന്നിവരിൽ നിന്ന് ആരേലും പ്രധാനമന്ത്രി സ്ഥാനത്തു എത്താനാണ് സാധ്യത.