
മെൽബൺ: മെൽബൺ സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് ഇടവകയിൽ പരിശുദ്ധ ജപമാല രാഞ്ജിയുടെ തിരുന്നാളും മിഷൻ സ്ഥാപനത്തിന്റെ പത്താം വാർഷിക ഉദ്ഘാടനവും ഒക്ടോബർ 23-നു സെന്റ് മാത്യൂസ് ചർച്ച് ഫോക്നറിൽ നടക്കും. ഉച്ചയ്ക്കു രണ്ടു മണിക്ക് കൊടിയേറ്റും അതേ തുടർന്നു ആഘോഷമായ തിരുന്നാൾ കുർബ്ബാനയും പ്രദക്ഷിണവും വിശുദ്ധകുർബ്ബാനയുടെ വാഴ്‍വും ഉണ്ടായിരിക്കും. പടമുഖം സേക്രട്ട് ഹാർട്ട് ക്നാനായ കാത്തലിക് ഇടവക വികാരി ഫാ.ഷാജി പൂത്തറ മുഖ്യ കാർമ്മികനും മെൽബൺ സിറോ മലബാർ രൂപതയിൽ പുതുതായി സേവനമനുഷ്ഠിക്കാൻ എത്തിച്ചേർന്ന ഫാ. ടിജോ പുത്തൻ പറമ്പിൽ തിരുന്നാൾ സന്ദേശവും നൽകും. ഫാ. ജോയ്‌സ് കൊല്ലംകുഴിയിൽ പ്രദക്ഷിണവും സിറോ മലബാർ മെൽബൺ രൂപത ചാൻസലർ ഫാ. സിജീഷ് പുല്ലൻകുന്നേൽ കുർബ്ബാനയുടെ ആശിർവാദവും അടുത്ത വർഷത്തേക്കുള്ള പ്രെസുദേന്തി വാഴ്ചയും നടത്തും.
തുടർന്നു നടക്കുന്ന കലാസന്ധ്യയിൽ വിവിധ കൂടാരയോഗങ്ങൾ അണിയിച്ചൊരുക്കുന്ന കലാപരിപാടികളും മിഷൻ സ്ഥാപനത്തിന്റെ പത്താം വാർഷിക ഉദ്ഘാടനവും നടക്കും. ഇടവക വികാരി ഫാ. പ്രിൻസ് തൈപുരയിടത്തിൽ, തിരുന്നാൾ ജനറൽ കൺവീനർ സിജോ ചാലയിൽ കൈക്കാരന്മാരായ ആശിഷ് സിറിയക് വയലിൽ, നിഷാദ് പുലിയന്നൂർ, സെക്രട്ടറി ഫിലിപ്സ് എബ്രഹാം കുരീക്കോട്ടിൽ, മറ്റു തിരുന്നാൾ കമ്മറ്റി അംഗങ്ങൾ, പാരിഷ് കൗൺസിൽ അംഗങ്ങൾ, കൂടാരയോഗ ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിൽ എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായിവരുന്നു. ഇടവകാംഗങ്ങളുടെ അഭിമാന കൂട്ടായ്മകളായ സെന്റ് മേരിസ് ഇടവക ഗായക സംഘം ബീറ്റ്‌സ് ബൈ സെന്റ് മേരിസ് ചെണ്ട മേളം ആൻഡ് നാസിക് ധോൾ, മെൽബൺ സ്റ്റാർസ് ചെണ്ടമേളം എന്നിവരുടെ പ്രകടനങ്ങളും തിരുന്നാൾ പരിപാടികൾക്ക് മാറ്റു കൂട്ടും. ഏവരെയും പരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നു ഭാരവാഹികൾ അറിയിച്ചു.