തായ്‌വാനു ഒരു ബില്യൺ ഡോളറിന്റെ ആയുധങ്ങൾ നൽകാനൊരുങ്ങി അമേരിക്ക; തിരിച്ചടിയുണ്ടാകുമെന്ന് ചൈന.

വാഷിങ്ടൻ: തയ്‌വാൻ വിഷയത്തിൽ ഇടപെടരുതെന്ന ചൈനയുടെ മുന്നറിയിപ്പ് അവഗണിച്ചുകൊണ്ട് യുഎസ് തയ്‌വാന് 1.1 ബില്യൻ ഡോളറിന്റെ ആയുധങ്ങൾ നൽകുമെന്നാണ് പുതിയ പ്രഖ്യാപനം. നിരന്തരം വ്യോമമേഖല ലംഘിച്ച് ചൈനീസ് യുദ്ധവിമാനങ്ങളും ഡ്രോണുകളും തായ്‌വാന്റെ അതിർത്തിയിൽ പ്രകോപനം സൃഷ്ടിക്കുന്നതിനിടെയാണ് അമേരിക്ക ആയുധം നൽകി സഹായിക്കാൻ ഒരുങ്ങുന്നത്. അമേരിക്കയുടെ ജനപ്രതിനിധി സഭയാണ് തായ്‌വാന് ആയുധം നൽകുന്നതിന് അംഗീകാരം നൽകിയത്. റഡാറുകൾ, ഹാർപ്പൂൺ മിസൈലുകൾ, സൈഡ് വിന്റർ മിസൈലുകൾ എന്നിവയാണ് അമേരിക്ക അടിയന്തിരമായി നൽകുന്നത്. മിസൈലുകൾ വരുന്നത് മുൻകൂട്ടി അറിയാൻ സാധിക്കുന്ന റഡാർ സിസ്റ്റങ്ങളും കപ്പലുകളെ മുക്കാൻ ശേഷിയുള്ള 60 നൂതന ഹർപൂൺ മിസൈലുകളുമാണ് നൽകുന്നത്. റഡാറുകൾക്ക് 665 മില്യനും മിസൈലുകൾക്ക് 335 മില്യൻ ഡോളറുമാണ് നീക്കിവച്ചിരിക്കുന്നത്. ആയുധങ്ങൾ തയ്‌വാന്റെ സുരക്ഷയ്ക്ക് വളരെ അത്യാവശ്യമാണെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് അറിയിച്ചു.

അമേരിക്കൻ പ്രഖ്യാപനത്തിനു പിന്നാലെ ചൈനയുടെ നാല് സൈനിക വിമാനങ്ങളും അഞ്ച് കപ്പലുകളും തായ്‌വാൻ കടലിടുക്കിന്റെ മധ്യരേഖ മറികടന്നു. ശനിയാഴ്ച (സെപ്റ്റംബർ 3) വൈകുന്നേരം 5 മണിയോടെ ചൈനയുടെ സൈന്യത്തിൽ നിന്ന് നാല് വിമാനങ്ങളും അഞ്ച് കപ്പലുകളും രാജ്യത്തിന് ചുറ്റും ട്രാക്ക് ചെയ്തതായി തായ്‌വാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചുവെന്നു തായ്‌വാൻ ന്യൂസ് റിപ്പോർട്ട് ചെയ്തു.

അമേരിക്ക തങ്ങളുടെ അഖണ്ഡതയെ ചോദ്യം ചെയ്യുകയാണ് എന്നും തായ്‌വാന് ആയുധം നൽകിക്കൊണ്ട് വിദേശശക്തികൾ ഇടപെട്ടാൽ നിലവിലെ ആഭ്യന്തരമായ പ്രശ്‌നങ്ങൾ സംഘർഷത്തിലേക്ക് എത്താൻ മാത്രമേ ഉപകരിക്കൂ എന്ന് ചൈനീസ് പ്രതിരോധ വക്താവ് അറിയിച്ചു.

ചൈനീസ് ഡ്രോൺ തായ്‌വാൻ വെടിവെച്ചിട്ടു.