ഇന്ന് 76-ാം സ്വാതന്ത്ര്യദിനം.

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ തിരക്കിലാണ് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ ചെങ്കോട്ടയിൽ പതാക ഉയർത്തും. സ്വാതന്ത്ര്യദിന ആഘോഷത്തിൻറെ ഭാഗമായി രാജ്യതലസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പുതിയ വികസനപദ്ധതികളും ഇന്ന് പ്രധാനമന്ത്രി സ്വാതന്ത്യദിന സന്ദേശത്തോടൊപ്പം പ്രഖ്യാപിച്ചേക്കും. സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾക്കുള്ള തയ്യാറെടുപ്പ് ചെങ്കോട്ടയിൽ നേരത്തെ തന്നെ പൂർത്തിയായിരുന്നു. രാവിലെ 7.30 ന് പ്രധാനമന്ത്രി ചെങ്കോട്ടയിൽ പതാക ഉയർത്തും. പതാക ഉയർത്തുന്ന സമയത്ത് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അഡ്വാൻസ്ഡ് ടൌഡ് ആർടിലറി ഗൺ സിസ്റ്റം ഉപയോഗിച്ചാകും ഇരുപത്തിയൊന്ന് ആചാര വെടി മുഴക്കുക. ആദ്യമായാണ് സ്വാതന്ത്ര്യ ദിനത്തിൽ ഗൺ സല്യൂട്ടിന് തദ്ദേശീയമായി വികസിപ്പിച്ച സംവിധാനം ഉപയോഗിക്കുന്നത് 7000 അതിഥികളെയാണ് ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന ആഘോഷത്തിന് ക്ഷണിച്ചിരിക്കുന്നത്.

യൂത്ത് എക്സചേഞ്ച് പ്രോഗ്രാമുകളുടെ ഭാഗമായി 20ലധികം വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികളും സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ പങ്കെടുക്കും. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ദില്ലിയിൽ നിയന്ത്രണങ്ങൾ കൂട്ടി. ചെങ്കോട്ടയ്ക്ക് ചുറ്റും പതിനായിരം സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്, ഹൈ റെസല്യൂഷൻ നിരീക്ഷണ ക്യാറകളും ഘടിപ്പിച്ചിട്ടുണ്ട്.

രാജ്യം 76-ാം സ്വാതന്ത്ര്യദിനം ആണ് ഇന്ന് (Aug 15, 2022) ആഘോഷിക്കുന്നത്. എന്നാൽ ഇന്ത്യ സ്വാതന്ത്ര്യം നേടിയിട്ട് 75 വർഷമേ ആയിട്ടുള്ളു. അതുകൊണ്ട് തന്നെ ഇത് 75-ാം സ്വാതന്ത്ര്യ ദിനമാണോ 76-ാം സ്വാതന്ത്ര്യ ദിനമാണോ എന്ന രീതിയിൽ പലർക്കും സംശയം ഉണ്ടായിട്ടുണ്ട്. 1947 ഓഗസ്റ്റ് 15-നാണ് ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നത്. ഓഗസ്റ്റ് 15 1948-ൽ ഇന്ത്യ സ്വാതന്ത്ര്യം ലഭിച്ച് ഒരു വർഷം പൂർത്തിയാക്കി. 2022 -ൽ സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75-ാം വർഷമാണ്. പക്ഷേ സ്വാതന്ത്ര്യ ദിനം കണക്കുകൂട്ടുമ്പോൾ 1947 മുതലാണ് എണ്ണി തുടങ്ങുക. അങ്ങനെയാണ് 76-ാം സ്വാതന്ത്ര്യ ദിനം എന്ന് പറയുന്നത്. എല്ലാവർക്കും സ്വാതന്ത്ര്യദിനാശംസകൾ.

സ്വതന്ത്ര ഇന്ത്യ 75 വർഷങ്ങൾ പിന്നിടുമ്പോൾ.