ഇതാണ് സ്വതന്ത്ര രാജ്യം, ഇന്ത്യയെ വാനോളം പുകഴ്ത്തി ഇമ്രാൻ ഖാൻ; ജയശങ്കറിന്റെ വിഡിയോ കാണിച്ച് ഇമ്രാന്റെ റാലി.

ഇതാണ് സ്വതന്ത്ര രാജ്യം, ഇന്ത്യയെ വാനോളം പുകഴ്ത്തി ഇമ്രാൻ ഖാൻ; ജയശങ്കറിന്റെ വിഡിയോ കാണിച്ച് ഇമ്രാന്റെ റാലി.

ലാഹോർ: ഇന്ത്യയുടെ വിദേശകാര്യ നിലപാടുകളെയും നയങ്ങളെയും പുകഴ്‌ത്തി പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ലാഹോറിൽ നടന്ന റാലിക്കിടെയായിരുന്നു ഇമ്രാൻ ഖാന്റെ വാക്കുകൾ. യുഎസിന്റെ സമ്മർദ്ദം മറികടന്ന് റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനെ കണ്ടു പഠിക്കണമെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു. സ്ലൊവാക്യയിൽ നടന്ന ബ്രാറ്റിസ്ലാവ ഫോറത്തിൽ സംസാരിക്കുന്ന ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ വീഡിയോ ക്ലിപ്പും റാലിയിൽ പ്രദർശിപ്പിച്ചു.

പാക്കിസ്ഥാന്റെ സ്വാതന്ത്ര്യ ദിനാഘോഷത്തോട് അനുബന്ധിച്ച് ഇന്നലെ ലാഹോറിൽ അനുയായികളെ അഭിസംബോധന ചെയ്യുകയായിരുന്നു ഇമ്രാൻ ഖാൻ. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് യുക്രെയ്ൻ യുദ്ധത്തിനുളള സാമ്പത്തിക സഹായമാകില്ലേ എന്നായിരുന്നു ചോദ്യം. എന്നാൽ യൂറോപ്യൻ രാജ്യങ്ങൾ റഷ്യയിൽ നിന്നും വാതകം വാങ്ങുന്നത് ഈ ഗണത്തിൽ പെടില്ലേയെന്ന മറുചോദ്യമാണ് ജയശങ്കർ ചോദിച്ചത്. ഇന്ത്യൻ പണത്തിന് മാത്രമേ യുദ്ധം ബാധകമുള്ളോയെന്നും യൂറോപ്പിന്റെ പണം അതിൽപെടാത്തതാണോയെന്നും ജയശങ്കർ ചോദിച്ചിരുന്നു. ഇതാണ് ഒരു സ്വതന്ത്ര രാജ്യം. ഇന്ത്യയെ പ്രശംസിച്ചുകൊണ്ട് ഇമ്രാൻ പറഞ്ഞു. യുഎസ് സമ്മർദ്ദത്തിന് വഴങ്ങി റഷ്യയിൽ നിന്ന് ഇന്ധനം വാങ്ങാത്ത പാക് സർക്കാർ നിലപാടിനെ കടുത്ത ഭാഷയിൽ ഇമ്രാൻ വിമർശിച്ചു. ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഒരേസമയം സ്വാതന്ത്ര്യം നേടാമെങ്കിൽ, ന്യൂഡൽഹിക്ക് സ്വന്തം ജനതാൽപര്യം അനുസരിച്ചു സ്വതന്ത്ര വിദേശനയം രൂപീകരിക്കാനാവുമെങ്കിൽ, ആരാണ് ഷഹബാസ് ഷരീഫ് സർക്കാരിനെ അതിൽനിന്നു അതിൽനിന്നു പിന്നോട്ടുവലിക്കുന്നത്? എന്നും ഇമ്രാൻ ചോദിച്ചു.