പസഫിക്കിൽ വ്യോമാഭ്യാസത്തിൽ പങ്കെടുക്കാൻ റഫേലുകളുമായി ഫ്രാൻസ്; പസഫിക്കിലേക്ക് എത്തും മുന്നേ ഇന്ത്യയിൽ ഇറങ്ങി.

പസഫിക്കിൽ വ്യോമാഭ്യാസത്തിൽ പങ്കെടുക്കാൻ റഫേലുകളുമായി ഫ്രാൻസ്; പസഫിക്കിലേക്ക് എത്തും മുന്നേ ഇന്ത്യയിൽ ഇറങ്ങി.

ചെന്നൈ: ഫ്രാൻസിന്റെ ഫ്രഞ്ച് എയർ ആന്റ് സ്‌പേസ് ഫോഴ്‌സ് വിഭാഗവും ക്വാഡ് സഖ്യവുമായി ചേർന്ന് പസിഫിക് കേന്ദ്രമാക്കി വ്യോമപരീക്ഷണങ്ങൾക്കു തുടക്കമായി. ക്വാഡ് സഖ്യത്തിന്റെ ഭാഗമായ ഇന്ത്യയും അമേരിക്കയും ഓസ്‌ട്രേലിയയും ജപ്പാനും പരിശീലനത്തിലുണ്ട്. ഇവരെക്കൂടാതെ ജർമ്മനി, ബ്രിട്ടൺ, ദക്ഷിണ കൊറിയ, ഇന്തോനേഷ്യ, സിംഗപ്പൂർ എന്നീ അഞ്ച് രാജ്യങ്ങളും പസഫിക്കിലെ വ്യോമാഭ്യാസത്തിൽ പങ്കുചേരുകയാണ്. പെഗേസ്22 എന്ന പേരിലാണ് വ്യോമാഭ്യാസം നടക്കുക. പസഫിക് മേഖലയിൽ വരുംനാളുകളിൽ നടക്കാനിരിക്കുന്ന പരിശീലനത്തിനായിട്ടാണ് ഫ്രാൻസ് വിമാനങ്ങളെ അയച്ചത്. ഈ മാസം 10-നും സെപ്തംബർ 18-നുമിടയിലാണ് വ്യോമാഭ്യാസം.

വിവിധ വ്യോമപരീക്ഷണങ്ങൾക്കാണ് ഫ്രാൻസ് പസഫിക് കേന്ദ്രമാക്കി തീരുമാനിച്ചിരിക്കുന്നത്. കൂടാതെ ഫ്രാൻസിന്റെ വ്യോമതാവളത്തിൽ നിന്ന് പസഫിക്കിലെ ഫ്രഞ്ച് അധീനതയിലുള്ള കാലേഡോണിയ ദ്വീപിലേയ്‌ക്ക് 72 മണിക്കൂർകൊണ്ട് എത്തിച്ചേരാനുള്ള ദൗത്യവും പരീക്ഷിക്കും. ഇന്ത്യയിൽ നിന്നും പസഫിക്കിലേയ്‌ക്കുള്ള ദൂരവും തിരികെ പറന്നിറങ്ങാനുള്ള മാർഗ്ഗങ്ങളുമെല്ലാം യുദ്ധമുണ്ടായാൽ ഏറെ ഗുണകരമാകും. മൂന്ന് റഫേലുകളും ഇന്ത്യയിലേക്ക് നേരിട്ടാണ് പറന്നിറങ്ങിയത്. ഇന്ന് പസഫിക്കിലേയ്‌ക്കും തിരികേയും പറക്കും. ഇത്തരം ഘട്ടത്തിൽ നേരിടേണ്ടിവരുന്ന സാങ്കേതിക പ്രശ്‌നങ്ങളാണ് രണ്ടുദിവസം പരീക്ഷണ വിധേയമാക്കുന്നത്. മിഷൻ പെഗാസ് 22 -ന്റെ ഇനിവരുന്ന ഘട്ടങ്ങളിൽ, ഫ്രഞ്ച് എയർഫോഴ്സ് സംഘം ഓഗസ്റ്റ് 17 മുതൽ സെപ്റ്റംബർ 10 വരെ ഓസ്‌ട്രേലിയയിൽ നടക്കുന്ന “പിച്ച് ബ്ലാക്ക്” വ്യോമാഭ്യാസത്തിൽ പങ്കെടുക്കും.

പസഫിക്കിലേക്ക് എത്തും മുന്നേ ഇടത്താവളമായ ചെന്നൈയ്‌ക്കടുത്തുള്ള സുലൂർ വ്യോമതാവളത്തിലാണ് റഫേലുകൾ ഇന്നലെ പറന്നിറങ്ങിയത്. ഫ്രാൻസിന്റെ വ്യോമയാന വകുപ്പുമായി തന്ത്രപരമായ പങ്കാളിത്തമാണ് ഇന്ത്യയ്‌ക്കുള്ളത്. നിലവിൽ റഫേലുകൾ ഇന്ത്യൻ വ്യോമസേനയുടെ ഭാഗവുമാണ്. ഇന്ത്യയുടെ വ്യോമതാവളങ്ങളാണ് പസഫിക്കിലെ ആവശ്യത്തിനായി ഫ്രാൻസ് ഉപയോഗിക്കുക. അറ്റകുറ്റപ്പണികൾക്കുള്ള സംവിധാനവും ഇന്ത്യയിൽ ഒരുങ്ങുന്നുവെന്ന സൂചനയുമുണ്ട്.