ഇന്ന് രക്ഷാബന്ധൻ മഹോത്സവം.

ഇന്ന് രക്ഷാബന്ധൻ മഹോത്സവം.

രക്ഷാബന്ധനം (രക്ഷാബന്ധൻ) അഥവാ ‘രാഖി’ ഹിന്ദുക്കളുടെയിടയിൽ പവിത്രവും, പാവനവുമായി കരുതപ്പെടുന്ന ഒരു ആഘോഷമാണ്. രക്ഷാബന്ധൻ ദിനത്തിലെ പ്രധാന ചടങ്ങ് രാഖിബന്ധനമാണ്. ഇതിന് ശേഷം മധുരപലഹാരങ്ങളും വിതരണം ചെയ്ത് ചടങ്ങ് ആഘോഷമാക്കിതീർക്കുന്നു. ഈ ദിവസം ഭാരതത്തിലുടനീളം വൻ ആഘോഷങ്ങളാണ് നടത്തിവരുന്നത്. ശ്രാവണമാസത്തിലെ, പൗർണമിദിവസം ആഘോഷിക്കപ്പെടുന്ന ഈ ഉത്സവം വടക്കെ ഇന്ത്യയിൽ ‘ശ്രാവണി’ എന്ന പേരിലും അറിയപ്പെടുന്നു. സാഹോദര സ്നേഹത്തിന്റെ പവിത്രത എടുത്ത് കാണിക്കുന്നതാണ് ഇതിന്റെ പ്രത്യേകത.

രാഖിയുടെ ഐതിഹ്യം ഇങ്ങനെയാണ്. ഒരിക്കൽ ദേവന്മാരും അസുരന്മാരും തമ്മിൽ യുദ്ധം നടന്നു. ദേവന്മാർ പരാജയപ്പെടാൻ തുടങ്ങിയപ്പോൾ ഇന്ദ്രന്റെ പത്‌നിയായ ‘ശചി’ ഇന്ദ്രന്റെ കയ്യിൽ രക്ഷയ്‌ക്കായി രക്ഷാസൂത്രം (രാഖി) കെട്ടികൊടുത്തു. ഈ രക്ഷാസൂത്രത്തിന്റെ ബലത്തിൽ ശത്രുക്കളെ പരാജയപ്പെടുത്താനുള്ള ശക്തി ഇന്ദ്രന് ലഭിച്ചു. ഇതോടെ യുദ്ധത്തിൽ ദേവന്മാർ വിജയിച്ചു. ഈ യുദ്ധ വിജയത്തിന്റെ ആഘോഷമാണ് പിന്നീട് ‘രക്ഷാബന്ധനം’ എന്ന ഉത്സവം ആരംഭമായി തുടങ്ങിയത് എന്നാണ് ഒരു ഐതീഹ്യം.

വിഷ്ണുപുരാണത്തിൽ രക്ഷാബന്ധനുമായി ബന്ധപ്പെട്ട മറ്റൊരു കഥയുണ്ട്. കടുത്ത വിഷ്ണു ഭക്തനായ ബലി ചക്രവർത്തി തന്റെ സാമ്രാജ്യത്തിന്റെ രക്ഷ ഏറ്റെടുക്കണമെന്ന് ഒരിക്കൽ മഹാവിഷ്ണുവിനോട് ആവശ്യപ്പെട്ടു. ഭഗവാൻ ലക്ഷ്മി ദേവിയും വൈകുണ്ഠത്തേയും ഉപേക്ഷിച്ചു കൊണ്ട് കർത്തവ്യ നിർവഹണത്തിനായി ബാലിക്കരികിലേക്ക് പോയി. ഇതിൽ ദുഖിതയായ ലക്ഷ്മി ദേവി, ഭഗവാനെ തിരിച്ചു കൊണ്ട് വരുന്നതിനായി ഒരു ബ്രാഹ്മണ സ്ത്രീയുടെ വേഷത്തിൽ ബലിയുടെ അരികിൽ എത്തുകയും തനിക്കു സംരക്ഷണം നല്കണം എന്നാവശ്യപ്പെടുകയും ബലി സസന്തോഷം അത് അനുവദിക്കുകയും ചെയ്തു. അങ്ങനെയിരിക്കെ ശ്രാവണ പൗർണമി ദിനത്തിൽ ചക്രവർത്തി ബലിയുടെ കൈയിൽ രാഖി ബന്ധിച്ചു കൊണ്ട് ലക്ഷ്മി ദേവി താൻ ആരാണെന്നും, തന്റെ ആഗമനോദ്ദേശം എന്താണെന്നും അറിയിച്ചു. ഇത് ശ്രവിച്ചു ലോല ഹൃദയനായ ബലി, ഭഗവാനോട് ദേവിയുടെ കൂടെ പോകണമെന്ന് അപേക്ഷിച്ചതായി വിഷ്ണു പുരാണത്തിൽ പറയുന്നു.

സഹോദരി രക്ഷാബന്ധനദിവസം മധുരപലഹാരങ്ങളും, രക്ഷാസൂത്രവും, ദീപവും വച്ച താലവുമായി സഹോദരനെ സമീപിച്ച്, ദീപം ഉഴിഞ്ഞ്, തിലകം ചാർത്തി, മധുരപലഹാരങ്ങൾ നൽകി, ദീർഘായുസ്സിനും നന്മയ്ക്കും വേണ്ടി പ്രാർഥിച്ച് കൈയിൽ വർണനൂലുകളാൽനിർമിച്ച സുന്ദരമായ രക്ഷാസൂത്രം (രാഖി) കെട്ടികൊടുക്കുന്നു. സഹോദരൻ ആജീവാനന്തം അവളെ സംരക്ഷിക്കുമെന്നും പരിപാലിക്കുമെന്നും പ്രതിജ്ഞ ചെയ്യുന്നു. സഹോദരൻ സഹോദരിക്ക് പാരിതോഷികങ്ങൾ നൽകുന്നു. അന്യസ്ത്രീയാണെങ്കിലും രാഖി കെട്ടി കഴിഞ്ഞാൽ അവളെ അവർ സഹോദരിയായി അംഗീകരിക്കുന്നു. രക്ഷാബന്ധനം ഉത്തരഭാരതത്തിലെ ഹിന്ദുക്കളുടെ ഇടയിലാണ് കൂടുതൽ പ്രചാരത്തിലുള്ളത്.