
വാഷിംഗ്ടൺ: അമേരിക്കയുമായുള്ള നയതന്ത്ര ബന്ധങ്ങൾ ചൈന വെട്ടിച്ചുരുക്കി. കാലാവസ്ഥ വ്യതിയാനം, അഭയാർത്ഥി പ്രശ്നം, അന്താരാഷ്ട്ര കുറ്റകൃത്യങ്ങൾ, സൈനിക ആയുധ കാര്യങ്ങളിലടക്കമുള്ള അന്താരാഷ്ട്ര ഉഭയകക്ഷി ചർച്ചകളിൽ നിന്നാണ് ചൈന പിന്മാറിയത്. കഴിഞ്ഞ ദിവസം നാൻസി പലോസിക്കും കുടുംബത്തിനും ചൈന വിലക്കേർപ്പെടുത്തിയിരുന്നു. സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനത്തിന് പിന്നാലെ ഉപരോധങ്ങളേർപ്പെടുത്തിയ ചൈനീസ് നടപടികളിൽ അമേരിക്ക അതൃപ്തി പ്രകടിപ്പിച്ചു . ചൈനീസ് അംബാസിഡർ ക്വിൻ ഗാംഗിനെ വിളിച്ച് വരുത്തിയാണ് യുഎസ് ഇക്കാര്യത്തിൽ അതൃപ്തി പ്രകടിപ്പിച്ചത്. അമേരിക്കയുടെ സ്പീക്കർ നാൻസി പെലോസിക്കാണ് ചൈന ആഗോള വിലക്ക് ഏർപ്പെടുത്തിയതായി പ്രഖ്യാപിച്ചത്. ഇത്തരം നടപടികളുമായി മുന്നോട്ടുപോകുന്ന ഒരു നേതാവിനെയും അനുവദിക്കില്ലെന്ന് ചൈനീസ് വിദേശകാര്യവകുപ്പ് അറിയിച്ചു. നാൻസിക്കും നാൻസിയുമായി ബന്ധപ്പെട്ട എല്ലാ കുടുംബാംഗങ്ങൾക്കും ഇനി ചൈനയുടെ നിയന്ത്രണത്തിലുള്ള ഒരു മേഖലയിലും യാത്രചെയ്യാൻ അനുവദിക്കില്ലെന്നാണ് വിലക്കിൽ പറയുന്നത്.
അതേസമയം തായ്‌വാൻ പ്രതിരോധ മന്ത്രാലയത്തിന്‍റെ ഗവേഷണ വികസന വിഭാഗത്തിന്‍റെ ഉപമേധാവിയെ മരിച്ച നിലയില്‍ കണ്ടെത്തി. ശനിയാഴ്ച രാവിലെ തെക്കന്‍ തായ്‌വാനിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിലാണ് ഔ യാങ് ലിഹ്‌സിംഗിനെ കണ്ടെത്തിയത് എന്നാണ് സെൻട്രൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. മരണകാരണം അന്വേഷിക്കുന്നതായി തായ്‌വാന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. രാജ്യത്തിന്റെ മിസൈൽ പദ്ധതിയുടെ നേതൃസ്ഥാനം വഹിക്കുന്ന പ്രധാന വ്യക്തിയുടെ ദുരൂഹ സാഹചര്യത്തിൽ മരണം ഏറെ ചര്‍ച്ചകള്‍ക്ക് വഴി വച്ചേക്കും. തായ്‌വാനിലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ചൈനീസ് ബന്ധം ഉണ്ടോ എന്ന ചര്‍ച്ചകള്‍ ആരംഭിച്ചതായി വിവരമുണ്ട്.
ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുകൊണ്ടുള്ള ചൈനയുടെ സൈനികാഭ്യാസ ഭീഷണി രണ്ടാം ദിവസവും തുടർന്നതോടെ അതിർത്തിയിൽ മിസൈൽ സംവിധാനങ്ങൾ തായ്‌വാൻ സൈനവും വിന്യസിച്ചു. ചൈനയുടെ പ്രകോപനങ്ങളോട് അതേ ഗൗരവത്തോടെ തായ്‌വാനും പ്രതികരിച്ചതോടെ കനത്ത യുദ്ധഭീതിയിലേക്ക് വഴുതിവീണിരിക്കുകയാണ് തായ്‌വാൻ കടലിടുക്ക്. പതിനൊന്ന് ബാലിസ്റ്റിക് മിസൈലുകളാണ് ഇതിനകം തന്നെ ചൈന തായ്‌വാനു കുറുകെ വിക്ഷേപിച്ചിട്ടുള്ളത്. യുദ്ധമുണ്ടായാൽ അതിനെ നേരിടാൻ സജ്ജമാണ് എങ്കിലും സാഹചര്യങ്ങൾ കൂടുതൽ വഷളാക്കാൻ തങ്ങൾ ആഗ്രഹിക്കുന്നില്ല എന്നും തായ്‌വാൻ പ്രതികരിച്ചിട്ടുണ്ട്. ചൈനയുടെ കപ്പലുകളും വിമാനങ്ങളും തായ്‌വാൻ കടലിടുക്കിലെ മീഡിയൻ ലൈൻ അതിക്രമിച്ചു കടന്ന സാഹചര്യത്തിൽ അതിർത്തിയിലേക്ക് തങ്ങളുടെ പടക്കപ്പലുകളും പോര്വിമാനങ്ങളും സർഫസ് റ്റു എയർ വിമാനവേധ മിസൈലുകളും വിന്യസിച്ചു കഴിഞ്ഞു എന്ന് തായ്‌വാൻ പ്രതിരോധ വകുപ്പ് അറിയിച്ചു.
ചൈനയുടെ ഈ സൈനിക അഭ്യാസങ്ങൾ അങ്ങേയറ്റം പ്രകോപനപരമാണ് എന്നും ഇത്തരത്തിലുള്ള നിരുത്തരവാദിത്തപരമായ നടപടികൾ മേഖലയിലെ ശാന്തിക്ക് ഭംഗം വരുത്തുമെന്നും അമേരിക്കൻ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കൻ പറഞ്ഞു.