
ഇടുക്കി: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും മഴ ഭീഷണി തുടരുകയാണ്. സംസ്ഥാനത്തെ ഡാമുകളിൾ വെള്ളം ഉയരുന്നത് ജാഗ്രത വർധിപ്പിക്കുന്നുണ്ട്. ഇടുക്കി ഡാമിലെയക്കം സ്ഥിതി ഇതാണ്. വെള്ളം നിറയുന്ന സാഹചര്യത്തിൽ ഇടുക്കി ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2382.53 അടിയിൽ എത്തിയതോടെയാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.
മൂന്നാറിൽ കുണ്ടള എസ്റ്റേറ്റ് പുതുക്കടി ഡിവിഷനിൽ ഉരുൾ പൊട്ടൽ.. സംഭവത്തിൽ ആളപായമില്ല. ഉരുൾ പൊട്ടലിനെ തുടർന്ന് എസ്റ്റേറ്റ് ലയങ്ങളിലെ 175 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഉരുൾപൊട്ടലിൽ രണ്ട് കടമുറികളും, ക്ഷേത്രവും, ഓട്ടോയും മണ്ണിനടിയിലായി.
ചൊവ്വ വരെ കേരളത്തിൽ വ്യാപക മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ 10 സ്പിൽവേ ഷട്ടറുകൾ തുറന്നു. 30 സെന്റീമീറ്റർ വീതം തുറന്ന ഷട്ടറുകളിൽ നിന്നു സെക്കൻഡിൽ 1870 ഘനയടി ജലമാണു തുറന്നുവിട്ടത്. ഇന്നലെ 9 മണിയോടെയാണു ആദ്യ 3 ഷട്ടറുകൾ തമിഴ്നാട് തുറന്നത്. പിന്നാലെ 2 തവണയായി 7 ഷട്ടറുകൾകൂടി ഉയർത്തി. തൃശൂരിലെ പെരിങ്ങൽക്കുത്ത്, ഷോളയാർ അണക്കെട്ടുകളിൽ ഓറഞ്ച് അലർട്ട് തുടരുകയാണ്. ഇടുക്കി ജില്ലയിലെ 6 ഡാമുകൾ തുറന്നു. എറണാകുളത്തു പെരിയാറിലും ചാലക്കുടിപ്പുഴയിലും ജലനിരപ്പ് അൽപം താഴ്ന്നു. പാലക്കാട് മലമ്പുഴ ഡാം തുറന്നു. 4 ഷട്ടറുകളും 10 സെൻ്റിമീറ്റർ വീതമാണ് ഉയർത്തിയത്. ഇതോടെ ഭാരതപ്പുഴ, മുക്കൈ പുഴ, കൽപ്പാത്തി പുഴ എന്നിവയുടെ ജലനിരപ്പ് ഉയർന്നു.
ഓഗസ്റ്റ് 7 തീയതിയോടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ന്യുനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ വിലയിരുത്തൽ. ഇതിന്‍റെ സ്വാധീനത്താൽ കേരളത്തിൽ ആഗസ്റ്റ് 6 മുതൽ 9 വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.
അതേസമയം സംസ്ഥാനത്ത് മഴ കുറഞ്ഞതോടെ റെഡ് അലർട്ടുകളെല്ലാം പിൻവലിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ തുടങ്ങി എട്ട് ജില്ലകളിൽ പുറപ്പെടുവിച്ച റെഡ് അലർട്ട് ആണ് പിൻവലിച്ചത്. പുതുക്കിയ മുന്നറിയിപ്പ് അനുസരിച്ച് 8 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് നിലവിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 4 ജില്ലകളിൽ യെല്ലോ അലർട്ട് ഉണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിലവിൽ മഴ മുന്നറിയിപ്പില്ല.