അശാന്തമായി ​ഗാസ: ഇസ്രയേൽ വ്യോമാക്രമണം തുടരുന്നു; നിരവധി മരണം.

ജറുസലം: ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ പലസ്തീൻ പ്രതിരോധ പ്രസ്ഥാനമായ ഇസ്‌ലാമിക് ജിഹാദിന്റെ മുതിർന്ന നേതാവ് തൈസീർ അൽ ജാബരി അടക്കം 15 പേർ കൊല്ലപ്പെട്ടു. 110 പേർക്കു പരുക്കേറ്റു. റഫയിലും ജബലിയയിലുമാണ് പ്രധാനമായി ആക്രമണം നടന്നത്. ഗാസ ആക്രമണത്തിന് പിന്നാലെ ഇസ്രായേലിന് നേരെയും ആക്രമണങ്ങളുണ്ടായി. രാത്രിയിൽ നിരവധി റോക്കറ്റുകളാണ് ഇസ്രായേലിനെ ആക്രമിച്ചത്. രണ്ടു റോക്കറ്റുകൾ തലസ്ഥാനമായ ടെൽ അവീവിന് നേർക്കുമെത്തി.

ഒരാഴ്ച കൂടി വ്യോമാക്രമണം തുടരാൻ ഇന്നലെ രാത്രി ചേർന്ന ഇസ്രയേൽ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പലസ്തീൻ സംഘടനകളുമായി ചർച്ചക്കില്ലെന്നും ഇസ്രായൽ അറിയിച്ചു. സിദ്‌റത്ത്, അസ്‌കലോൺ, അസ്‌ദോദ്, ബൽമാസിം, സികിം പ്രദേശങ്ങളിൽകൂടി ഇസ്രായേൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. മസ്ജിദുൽ അഖ്‌സയിലേക്ക് ജൂത കുടിയേറ്റക്കാർ പ്രഖ്യാപിച്ച മാർച്ച് ഇന്ന് നടക്കും. ഇതും സംഘർഷ സാധ്യത വർധിപ്പിക്കും. മാർച്ച് തടയേണ്ടതില്ലെന്നാണ് ഇസ്രായേൽ സർക്കാർ തീരുമാനം.

ഗാസയിലെ ബഹുനില കെട്ടിടം ലക്ഷ്യമിട്ടാണു വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഇസ്രയേൽ മിന്നലാക്രമണം നടത്തിയത്. തിരിച്ചടിയായി ഇസ്രയേൽ പട്ടണങ്ങളെ ലക്ഷ്യമിട്ട് ഇസ്‌ലാമിക് ജിഹാദ് പ്രവർത്തകർ റോക്കറ്റുകൾ തൊടുത്തതോടെ മേഖല വീണ്ടും സംഘർഷഭരിതമായി. ഇന്നലെ ഇസ്രയേൽ ആക്രമണത്തിൽ 5 ബഹുനില കെട്ടിടങ്ങളാണു തകർന്നത്. തിരിച്ചടിയായി 160 റോക്കറ്റുകൾ ഇസ്രയേലിൽ പതിച്ചു. ഇസ്രയേൽ പട്ടണമായ മോദീനിലും റോക്കറ്റുകൾ പതിച്ചെങ്കിലും ആളപായമില്ലെന്നാണു റിപ്പോർട്ട്.

ഇറാന്റെ പിന്തുണയുള്ള സംഘടനയാണ് ഇസ്‌ലാമിക് ജിഹാദ്. അധിനിവേശ വെസ്റ്റ് ബാങ്കിൽനിന്ന് സംഘടനയുടെ മുതിർന്ന നേതാവിനെ ഈയാഴ്ച ഇസ്രയേൽ അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെയാണു കൂടുതൽ നേതാക്കളെ ലക്ഷ്യമിട്ടു ഗാസയിൽ ബോംബിട്ടത്. ഇന്നലെ രാത്രി 19 പ്രവർത്തകർ കൂടി വെസ്റ്റ്ബാങ്കിൽ അറസ്റ്റിലായി.

സമാധാനശ്രമങ്ങളുമായി ഐക്യരാഷ്ട്ര സംഘടനയും ഖത്തറും രംഗത്തിറങ്ങിയിട്ടുണ്ട്.