
കാനഡയിലെ കത്തോലിക്കാ റസിഡൻഷ്യൽ സ്കൂളുകളിൽ തദ്ദേശവാസികളായ കുട്ടികൾക്കു നേരെ നടന്ന ലൈംഗികാതിക്രമങ്ങൾക്ക് ഫ്രാൻസിസ് മാർപാപ്പ ക്ഷമാപണം നടത്തി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടിയെടുക്കണമെന്ന് ആറുദിന യാത്രയുടെ അവസാനഘട്ടത്തിൽ ക്യൂബെക് സിറ്റി കത്തീഡ്രലിൽ വൈദികർക്കും കന്യാസ്ത്രീകൾക്കുമൊപ്പം നടത്തിയ സായാഹ്ന പ്രാർഥനയ്ക്കിടെ മാർപാപ്പ പറഞ്ഞു.
”തദ്ദേശജനതയെ കോളനിവത്കരിക്കാനുള്ള അധികാരികളുടെ മനോഭാവത്തെ നിരവധി ക്രൈസ്തവര്‍ പിന്തുണച്ചുവെന്നതു ഖേദകരമാണ്. എനിക്കതില്‍ ഗാഢമായ ഖേദമുണ്ട്. ഞാന്‍ ക്ഷമ ചോദിക്കുന്നു. റെസിഡെന്‍ഷ്യല്‍ സ്‌കൂളുകള്‍ എന്ന സംവിധാനത്തിലൂടെ സംസ്‌കാരങ്ങളെ നശിപ്പിക്കുന്നതിനും ബലം പ്രയോഗിച്ച് ലയിപ്പിച്ചെടുക്കുന്നതിനും അതതു കാലങ്ങളിലെ ഭരണകൂടങ്ങള്‍ ആവിഷ്‌കരിച്ച പദ്ധതികളോടു സഭയിലെ സന്യാസസമൂഹങ്ങളും സഭയും സഹകരിച്ചതിനു വിശേഷിച്ചും ഞാന്‍ ക്ഷമ ചോദിക്കുന്നു.” മാര്‍പാപ്പ പറഞ്ഞു. അനുരഞ്ജനത്തിലേയ്ക്കും മുറിവുണക്കുന്നതിലേയ്ക്കുമുള്ള പ്രയാണത്തിന്റെ ആദ്യ പടി മാത്രമാണിതെന്നും പാപ്പാ പറഞ്ഞു. ഭൂതകാലത്തു സംഭവിച്ച കാര്യങ്ങളെ കുറിച്ചുള്ള ഗൗരവപൂര്‍ണമായ ഒരു അന്വേഷണം നടത്തുകയും റെസിഡെന്‍ഷ്യല്‍ സ്‌കൂള്‍ അതിജീവിതരെ സഹായിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. ആദിവാസി ജനതയുടെ തനിമയുടെ അവശ്യഘടകങ്ങളായ ഭാഷയും സംസ്‌കാരവും മൂല്യങ്ങളുമെല്ലാം തുടച്ചു നീക്കപ്പെട്ടു എന്നത് വേദനാജനകമാണ്. അതിന് അവര്‍ ഇപ്പോഴും വില കൊടുത്തുകൊണ്ടിരിക്കുകയും ചെയ്യുന്നു. അപലപനീയമായ ഈ തിന്മയുടെ പേരില്‍ സഭ ദൈവത്തിനു മുമ്പില്‍ മുട്ടുകുത്തി മാപ്പിരക്കുന്നു. ക്രൈസ്തവര്‍ ആദിവാസികളോടു ചെയ്ത തെറ്റുകളുടെ പേരില്‍, ലജ്ജയോടെ, അസങിഗ്ദ്ധമായി ഞാന്‍ അവരോടു ക്ഷമ യാചിക്കുന്നു. – മാര്‍പാപ്പ വിശദീകരിച്ചു.
ആരോപണവിധേയമായ ഒരു റെസിഡെന്‍ഷ്യല്‍ സ്‌കൂള്‍ നിലനിന്നിരുന്ന സ്ഥലത്തായിരുന്നു കാനഡയിലെ മാര്‍പാപ്പയുടെ ആദ്യത്തെ പൊതുപരിപാടി. നിരവധി പൂര്‍വവിദ്യാര്‍ത്ഥികളുടെ കബറിടങ്ങളും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. സ്വന്തം വീടുകളിലും ഗോത്രഗ്രാമങ്ങളിലും നിന്ന് അടര്‍ത്തിയെടുത്ത് സ്‌കൂളുകളില്‍ താമസിപ്പിച്ചു പഠിപ്പിക്കുന്നതിനിടെ നിരവധി വിദ്യാര്‍ത്ഥികള്‍ മരണപ്പെടുകയും അവരുടെ മൃതദേഹങ്ങള്‍ സ്‌കൂള്‍ വളപ്പുകളില്‍ തന്നെ സംസ്‌കരിക്കുകയും ചെയ്തിരുന്നു. ഇത്തരത്തിലുള്ള കുറെ കബറിടങ്ങള്‍ പിന്നീടു പുറത്തു വരികയുണ്ടായി. അങ്ങനെയാണ് അക്കാലത്തെ ആദിവാസി വിദ്യാര്‍ത്ഥികള്‍ അനുഭവിച്ച സഹനങ്ങള്‍ ലോകത്തിനു മുമ്പിലെത്തിയത്.
തിങ്കളാഴ്ച മസ്ക്വാചിസിൽ നടന്ന ചടങ്ങിൽ മാർപാപ്പ തദ്ദേശീയരായ കുട്ടികൾക്ക് കത്തോലിക്കാ റസിഡൻഷ്യൽ സ്കൂളുകളിൽ അനുഭവിക്കേണ്ടിവന്ന യാതനകൾക്ക് മാപ്പപേക്ഷിച്ചിരുന്നു. വടക്കേ അമേരിക്കയിലെ ഏറ്റവും പുരാതന കത്തോലിക്കാ തീർഥാടന കേന്ദ്രമായ സെന്റ് ആൻ ദെ ബ്യൂപ്രെ ബസിലിക്ക സന്ദർശിച്ച് മാർപാപ്പ കുർബാന അർപ്പിച്ചു. ബസിലിക്കയിലെ 1400 ഇരിപ്പിടങ്ങളിൽ നാലിൽ മൂന്ന് സീറ്റുകളും റസിഡൻഷ്യൽ സ്കൂളുകളിൽ ക്രൂരതയ്ക്കിരയായവരുടെ പിൻഗാമികൾക്കായി നീക്കിവച്ചിരുന്നു. കാനഡയിൽ നിന്നു കടത്തിക്കൊണ്ടുപോയി വത്തിക്കാനിലെ മ്യൂസിയങ്ങളിൽ സൂക്ഷിച്ചിട്ടുള്ള കലാവസ്തുക്കൾ തിരിച്ചുനൽകണമെന്ന് തദ്ദേശീയരായ കാനഡക്കാർ മാർപാപ്പയോട് അഭ്യർഥിച്ചു.
ആറു ദിന ക്ഷമാപണ യാത്ര പൂർത്തിയാക്കി മാർപാപ്പ കാനഡയിൽ നിന്നു മടങ്ങി